സാമ്പത്തിക ഫലങ്ങള്‍ വരവായി: നിക്ഷേപകര്‍ കരുതിയിരിക്കുക

Update: 2020-10-05 11:59 GMT

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ത്രൈമാസഫലങ്ങള്‍ ഇന്നുമുതല്‍ പ്രഖ്യാപിച്ചു തുടങ്ങി. ഐറ്റി വമ്പനായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഫലം ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കെ ഇന്ന് കമ്പനിയുടെ ഓഹരി വില മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. ജൂലൈ - സെപ്തംബര്‍ ത്രൈമാസത്തില്‍ കമ്പനി മികച്ച റിസര്‍ട്ടാകും പുറത്തുവിടുക എന്നാണ് അനുമാനം. മാത്രമല്ല ഓഹരി ബൈബാക്ക് പദ്ധതിയും ടിസിഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. ടിസിഎസ് ഓഹരി വില കുതിച്ചുയര്‍ന്നപ്പോള്‍ ഇന്ന് കമ്പനിയുടെ മൂല്യം 10 ലക്ഷം കോടി കവിഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ കമ്പനിയാണ് ടിസിഎസ്.

ഐറ്റി രംഗത്തെ വമ്പന്മാരായ വിപ്രോയുടെയും ഇന്‍ഫോസിസിന്റെയും ഫലങ്ങള്‍ അടുത്താഴ്ച പുറത്തുവരും. വിപ്രോയുടേത് ഒക്‌ടോബര്‍ 12നും ഇന്‍ഫോസിന്റേത് 14നും പ്രഖ്യാപിക്കും. എച്ച് സി എല്‍ ടെക്കിന്റേത് ഒക്ടോബര്‍ 16 ന് വരും. ബാങ്കിംഗ് വമ്പനായ എച്ച് ഡി എഫ് സി ബാങ്കിന്റെ ഫലം 17നാണ് പ്രഖ്യാപിക്കുന്നത്.

ആക്‌സിസ് ബാങ്കിന്റെ ഫലം 28നാണ് വരുന്നത്. ഐസിഐസിഐ ബാങ്കിന്റെ സാമ്പത്തിക ഫലം ഈ മാസം 31ന് പുറത്തുവരും.

കമ്പനികളുടെ ഫലം നിര്‍ണായകം

സെപ്തംബര്‍ മാസത്തില്‍ ചില മേഖലകളിലുണ്ടായ ഉണര്‍വിന്റെ അടിസ്ഥാനത്തില്‍ ഓഹരി സൂചിക മുന്നേറികൊണ്ടിരിക്കുകയാണ്. അതിനിടെ മറ്റ് പല രംഗങ്ങളിലും സ്ഥിതി അത്ര മെച്ചപ്പെട്ടിട്ടില്ലെന്നും കണക്കുകള്‍ പറയുന്നു.

രാജ്യത്തെ സമ്പദ് വ്യവസ്ഥ കരുത്താര്‍ജ്ജിച്ചതിന്റെ പിന്‍ബലത്തിലല്ല ഓഹരി വിപണിയുടെ കുതിപ്പെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ കമ്പനികളുടെ സാമ്പത്തിക ഫലങ്ങള്‍ നിക്ഷേപകര്‍ ശ്രദ്ധയോടെ പരിശോധിക്കേണ്ടിയിരിക്കുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ ആറുമാസക്കാലത്തെ കമ്പനികളുടെ പ്രകടനത്തിന്റെ പ്രതിഫലനം കൂടിയാണ് സാമ്പത്തിക ഫലങ്ങള്‍. കരുത്തുറ്റ അടിത്തറയുള്ള കമ്പനികള്‍ക്ക് മാത്രമേ ഈ കാലഘട്ടത്തില്‍ പിടിച്ചുനില്‍ക്കാനും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും സാധിക്കുകയുള്ളൂ. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധികള്‍ മൂലം, ദുര്‍ബലമായ കമ്പനികള്‍ കൂടുതല്‍ ദുര്‍ബലമായി വരികയാണ്. കരുത്തുള്ളവര്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചും.

രണ്ടാം ത്രൈമാസഫലത്തിലും അര്‍ദ്ധ വാര്‍ഷിക ഫലത്തിലും കമ്പനിയുടെ ദൗര്‍ബല്യം പ്രകടമാകുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ ചൂതാട്ടത്തിന് നില്‍ക്കാതെ നിക്ഷേപം സുരക്ഷിതമാക്കാനുള്ള നീക്കങ്ങള്‍ നടത്തണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine 

Similar News