വിദേശ പോർട്ട് ഫോളിയോ നിക്ഷേപകരുടെ തിരിച്ചുവരവ്, ഓഹരി വിപണിയിൽ ഉണർവ്
സെപ്റ്റംബർ മാസം 12,000 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്, യു എസ് പലിശ നിരക്ക് വർധനവ് വൈകുന്നതിനാൽ ഇന്ത്യൻ വിപണി ആകർഷകം
കഴിഞ്ഞ മൂന്ന് മാസങ്ങളിൽ വിദേശ പോർട്ടഫോളിയോ നിക്ഷേപകർ (Foreign Portfolio Investors FPI) ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ വിപണിയിൽ ഉണർവ് പ്രകടമായി. നിഫ്റ്റി സൂചിക 18,000 കടന്നു, ബി എസ് ഇ സൂചിക 60,000 ത്തിന് മുകളിൽ എത്താൻ സഹായിച്ചു. എങ്കിലും കഴിഞ്ഞ വാരം വിൽപ്പന സമ്മർദ്ദം ഉണ്ടായതിനെ തുടർന്ന് രണ്ടു സൂചികകളും ഇടിഞ്ഞു.
സെപ്റ്റംബർ മാസം 12,000 കോടി രൂപ, ആഗസ്റ്റ് മാസം 51,200 കോടി രൂപ, ജൂലൈയിൽ 5000 കോടി രൂപ എന്നിങ്ങനെ യാണ് വിദേശ പോർട്ടഫോളിയോ നിക്ഷേപകർ പണം ഇറക്കിയത്. അതിന് മുൻപുള്ള 9 മാസം (ഒക്ടോബർ 2021 മുതൽ ജൂൺ 2022 വരെ) വിദേശ നിക്ഷേപകർ 2.46 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഇത് പ്രധാനപ്പെട്ട സൂചികകളുടെ ഇടിവിന് കാരണമായി.
ജിയോ പൊളിറ്റിക്കൽ ആശങ്കകൾ, വർധിക്കുന്ന പണപ്പെരുപ്പം, പലിശ നിരക്ക് വർധനവ് എന്നിവയുടെ പശ്ചാത്തലത്തിൽ വിദേശ നിക്ഷേപങ്ങളിൽ അനിശ്ചിതത്ത്വം ഉണ്ട്.
ഇന്ത്യ ജി ഡി പി വളർച്ചയിലെ വിശ്വാസം, യു എസ് ഫെഡറൽ റിസർവ് പലിശ വർധിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകുമെന്ന് സൂചനകളുമാണ് വിദേശ പോർട്ടഫോളിയോ നിക്ഷേപകരെ ഇന്ത്യൻ ഓഹരികളിലേക്ക് ആകര്ഷിക്കുന്നത്. വിപണി തിരുത്തൽ ഘട്ടത്തിലേക്ക് പോയതിനാൽ നിക്ഷേപകർക്ക് മികച്ച ഓഹരികൾ ആകർഷകമായ വിലക്ക് വാങ്ങാൻ സാധിച്ചു.
എന്നാൽ കഴിഞ്ഞ വാരം ആഗോള മാന്ദ്യ ഭീതി ശക്തിപ്പെട്ടതിനാൽ വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ചതിനാൽ വിപണി വീണ്ടും സമ്മർദ്ദത്തിലായി.
ഈ മാസം വിദേശ നിക്ഷേപകർ കടപ്പത്രങ്ങളിൽ 1777 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നി രാജ്യങ്ങളിലാണ് വിദേശ പോർട്ടഫോളിയോ നിക്ഷേപങ്ങൾ വര്ധിക്കുന്നത്