ധനകാര്യ ഓഹരികളോട് കൂട്ടുകൂടി വിദേശ നിക്ഷേപകര്‍; ഏപ്രിലിലെ നിക്ഷേപം 7,690 കോടി രൂപ
ഐ.ടി മേഖലയില്‍ നിന്ന് പിന്മാറ്റം തുടരുന്നു
പുതിയ സാമ്പത്തിക വര്‍ഷം (2023-24) വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍(FPIs) വീണ്ടും ബാങ്കിംഗ്, ധനകാര്യ ഓഹരികളിലേക്ക്(BFSI) ശ്രദ്ധ തിരിച്ചിരിക്കുന്നു. ഒരു വര്‍ഷമായി ഈ വിഭാഗത്തില്‍ നിന്ന് മാറി നിന്നിരുന്ന എഫ്.പി.ഐകള്‍ പലിശ നിരക്ക് ഉയരുന്നതിനിടയിലും നിക്ഷേപം ഉയര്‍ത്തുകയാണ്.
ഏപ്രിലില്‍ മാത്രം 7,690 കോടി രൂപയുടെ ഓഹരികള്‍ ബാങ്കിംഗ്, ധനകാര്യ മേഖലയില്‍ നിന്ന് വാങ്ങി കൂട്ടി. ജനുവരി മുതല്‍ മാര്‍ച്ച് വരെ ഈ വിഭാഗത്തിലെ വില്‍പ്പനക്കാരായി തുടര്‍ന്ന എഫ്.പി.ഐകള്‍ 15,700 കോടി രൂപയുടെ ഓഹരികളാണ് ഈ മേഖലയില്‍ വിറ്റഴിച്ചത്. 2022 കലണ്ടര്‍ വര്‍ഷത്തില്‍ 61,177 കോടി രൂപയുടെ ഓഹരികളും ഈ മേഖലയില്‍ വില്‍പ്പന നടത്തി.
നിഫ്റ്റി, സെന്‍സെക്സ് ബെഞ്ച്മാര്‍ക്ക് സൂചികകളില്‍ കൂടുതല്‍ വെയിറ്റേജ് ഉള്ളതിനാല്‍, ഇന്ത്യയില്‍ വിദേശ ഫണ്ട് വില്‍പന ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ബാങ്ക് ഓഹരികളെയാണ്. 2022ല്‍ 1.5 ലക്ഷം കോടി രൂപയുടെ മൊത്ത വില്‍പ്പന നടത്തിയ വിദേശ ഫണ്ടുകള്‍ ജനുവരിയിലും ഫെബ്രുവരിയിലും 35,700 കോടി രൂപയുടെ ഓഹരികളും വിറ്റഴിച്ചു.
പ്രതീക്ഷ ഉയര്‍ത്തി ബാങ്കുകള്‍
നാലാം പാദഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ മിക്ക ബാങ്കുകളും പ്രതീക്ഷിച്ചതിലും മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ട്. ആസ്തി നിലവാരം മെച്ചപ്പെടുകയും പലിശ മാര്‍ജിന്‍ വര്‍ധിക്കുകയും ചെയ്തു. ഐ.ഡി.എഫ്.സി ഫസ്റ്റ്, ഐ.ഡി.ബി.ഐ, പഞ്ചാബ് ആന്‍ഡ് സിന്ധ്, ഇന്ത്യന്‍ ബാങ്ക്, എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ ഉള്‍പ്പടെ ഒരു ഡസനിലധികം ബാങ്കുകളുടെ ഓഹരി വിലയില്‍ കഴിഞ്ഞ ഒരു മാസത്തില്‍ 12 ശതമാനം മുതല്‍ 26 ശതമാനം വരെ ഉയര്‍ച്ച രേഖപ്പെടുത്തി.
ബാങ്ക് നിഫ്റ്റി കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 4.1 ശതമാനം ആണ് ഉയര്‍ന്നത്. ഇക്കാലയളവില്‍ നിഫ്റ്റി സൂചിക 2.9 ശതമാനം മാത്രമാണ് മുന്നേറിയത്.
ഐ.ടിയെ കൈയൊഴിയുന്നു
ക്യാപിറ്റല്‍ ഗുഡ്‌സ്, ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്(FMCG), മെറ്റല്‍സ് ആന്‍ഡ് മൈനിംഗ് എന്നീ മേഖലകളിലുള്ള കമ്പനികളുടെ ഓഹരികളിലാണ് കഴിഞ്ഞ വര്‍ഷം മുതല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി നിക്ഷേപിക്കുന്നത്.
അതേ സമയം ഐ.ടി ഓഹരികളിലെ വില്‍പ്പന തുടരുകയാണ്. ജനുവരി-മാര്‍ച്ച് കാലയളവില്‍ 7,974 കോടി രൂപ പിന്‍വലിച്ചപ്പോള്‍ ഏപ്രിലില്‍ 4,908 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. 2022 ല്‍ മൊത്തം 71,357 കോടി രൂപയുടെ ഓഹരികളും ഐ.ടി. മേഖലയില്‍ വിറ്റൊഴിഞ്ഞു. യു.എസില്‍ സാമ്പത്തിക മാന്ദ്യ സൂചനകള്‍ നിലനില്‍ക്കുന്നതാണ് ഐ.ടിയോട് അകല്‍ച്ച കാണിക്കാന്‍ കാരണമെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. വികസിത രാജ്യങ്ങള്‍ പലതും ചെലവഴിക്കല്‍ വെട്ടിച്ചുരുക്കുന്നതു മൂലം ഐ.ടി കമ്പനികള്‍ അവരുടെ വളര്‍ച്ചാ പ്രതീക്ഷയും കുറച്ചിട്ടുണ്ട്.