പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു, എന്താണ് എഫ്ടിഎക്‌സില്‍ സംഭവിച്ചത്?

സാം ബാങ്ക്മാന്‍ സിഇഒ സ്ഥാനം രാജിവെച്ചു

Update:2022-11-12 10:50 IST

ക്രിപ്‌റ്റോ ലോകം കണ്ട ഏറ്റവും വലിയ ബാധ്യതകളുമായി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച്‌ എഫ്ടിഎക്‌സ് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു. കമ്പനി തകര്‍ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച എഫ്ടിഎക്‌സ് സ്ഥാപകന്‍ സാം ബാങ്ക്മാന്‍-ഫ്രൈഡ് സിഇഒ സ്ഥാനം രാജിവെച്ചു. പദവി ഒഴിഞ്ഞെങ്കിലും സാം കമ്പനിയില്‍ തുടരും.


ജോണ്‍ ജെ റെ ആണ് കമ്പനിയുടെ പുതിയ സിഇഒ. എഫ്ടിഎക്‌സ് ട്രേടിംഗ് ലിമിറ്റഡിന് കീഴിലുള്ള എഫ്ടിഎക്‌സ് യുഎസ്, അല്‍മേദ റിസര്‍ച്ച് ലിമിറ്റഡ്, എഫ്ടിഎക്‌സ്.കോം എന്നിവയും 130 അനുബന്ധ സ്ഥാപനങ്ങളുമാണ് പാപ്പര്‍ ഹര്‍ജിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതേ സമയം എഫ്ടിഎക്‌സ് ഡിജിറ്റല്‍ മാര്‍ക്കെറ്റ്‌സ് ലിമിറ്റഡ്, എഫ്ടിഎക്‌സ് ഓസ്‌ട്രേലിയ, എഫ്ടിഎക്‌സ് എക്‌സ്പ്രസ് പേ ലിമിറ്റഡ്, ലെഡ്ജര്‍എക്‌സ് എല്‍എല്‍സി എന്നീ കമ്പനികളെ പാപ്പര്‍ നടപടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എന്താണ് എഫ്ടിഎക്‌സില്‍ സംഭവിച്ചത്

കമ്പനിക്ക് കീഴിലുള്ള ട്രേഡിംഗ് പ്ലാറ്റ്‌ഫോം അല്‍മേദ റിസര്‍ച്ച് തകര്‍ന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. നവംബര്‍ രണ്ടിന് അല്‍മേദയിലെ പ്രതിസന്ധികള്‍ കോയിന്‍ഡെസ്‌ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എഫ്എടിഎക്‌സിന്റെ ക്രിപ്‌റ്റോ ടോക്കണ്‍ എഫ്ടിടി നിക്ഷേപകര്‍ പിന്‍വലിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഴളായി. എഫ്ടിടിയുടെ മൂല്യം 72 ശതമാനത്തോളം ആണ് ഇടിഞ്ഞത്. തുടര്‍ന്ന് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ബിനാന്‍സിനെ എഫ്ടിഎക്‌സ് സമീപിച്ചു. കമ്പനിയെ ബിനാന്‍സ് ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഇടപാട് നടന്നില്ല. നവംബര്‍ 10ന് എഫ്ടിഎക്‌സ് എല്ലാത്തരത്തിലുമുള്ള ഇടപാടുകള്‍ നിര്‍ത്തി വെച്ചു.

എഫ്ടിഎക്‌സില്‍ ഉപഭോക്താക്കള്‍ നിക്ഷേപിച്ച പണം ട്രേഡിംഗ് ആവശ്യങ്ങള്‍ക്കായി അല്‍മേദ ഉപയോഗിക്കുകയായിരുന്നു. എഫ്ടിഎക്‌സ് 10 ബില്യണ്‍ ഡോളറാളോം അല്‍മേദയ്ക്ക് നല്‍കിയെന്നാണ് വിവരം. നിക്ഷേപമായി 16 ബില്യണ്‍ ഡോളറോളം ആണ് എഫ്ടിഎക്‌സില്‍ ഉണ്ടായിരുന്നത്. നിക്ഷേപത്തില്‍ പകുതിയിലധികവും അല്‍മേദയ്ക്ക് വേണ്ടിയാണ് എഫ്ടിഎക്‌സ് ചെലവാക്കി എന്നാണ് വിലയിരുത്തല്‍. കൂടാതെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നായി ഏകദേശം 1.5 ബില്യണ്‍ ഡോളറോളം അല്‍മേദ വായ്പ എടുത്തിട്ടുണ്ട്. പുറത്ത് നിന്ന് ഫണ്ടിംഗ് കണ്ടെത്താനുള്ള ശ്രമം എഫ്ടിഎക്‌സ് തുടരുകയാണ്. ഒരു ലക്ഷത്തിലധികം വരുന്ന നിക്ഷേപകര്‍ക്ക് ബില്യണ്‍ കണക്കിന് ഡോളറാണ് എഫ്ടിഎക്‌സ് നല്‍കാനുള്ളത്.

എഫ്ടിഎക്‌സ് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തതിന് പിന്നാലെ ബിറ്റ്‌കോയിന്റെയും എഥറിയത്തിന്റെയും മുല്യം ഇടിഞ്ഞിരുന്നു. എഫ്ടിഎക്‌സിന്റെ തകര്‍ച്ച ആഗോളതലത്തില്‍ മേഖലയിലെ നിയന്ത്രണങ്ങൾ കൂടുതല്‍ ശക്തമാക്കാന്‍ സർക്കാരുകളെ പ്രേരിപ്പിക്കുമെന്ന്  ക്രിപ്‌റ്റോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം സഹികോയിന്റെ കോഫൗണ്ടര്‍ മെല്‍ബിന്‍ തോമസ് പറഞ്ഞു. ഇനി ബിനാന്‍സ്, ക്രാക്കെന്‍ തുടങ്ങിയ ഏതാനും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ മാത്രമേ ആഗോളതലത്തില്‍ അവശേഷിക്കുന്നുള്ളു. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ക്രിപ്‌റ്റോയിലുള്ള നിക്ഷേപകരുടെ വിശ്വാസത്തെ ബാധിക്കുമെന്നും മെല്‍ബിന്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News