മൂന്ന് ലക്ഷം കോടി രൂപ കടന്ന് ആഭരണ കയറ്റുമതി

സ്വര്‍ണം, വെള്ളി ആഭരണ കയറ്റുമതിയില്‍ മികച്ച വളര്‍ച്ച; വജ്രത്തിന് ഡിമാന്‍ഡ് കുറഞ്ഞു

Update:2023-04-20 10:35 IST

ഇന്ത്യയില്‍ നിന്നുള്ള ആഭരണ കയറ്റുമതി കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) 2.48 ശതമാനം ഉയര്‍ന്ന് മൂന്ന് ലക്ഷം കോടി രൂപയിലെത്തിയെന്ന് ജെം ആന്‍ഡ് ജുവലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജി.ജെ.ഇ.പി.സി) വ്യക്തമാക്കി. 2021-22ല്‍ കയറ്റുമതി 2.93 ലക്ഷം കോടി രൂപയായിരുന്നു.

ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വം, പണപ്പെരുപ്പക്കുതിപ്പ്, റഷ്യ-യുക്രെയിന്‍ യുദ്ധം മൂലം വിതരണശൃംഖയിലുണ്ടായ തടസം, ഏറ്റവും വലിയ വിപണികളിലൊന്നായ ചൈനയിലെ ലോക്ക്ഡൗണ്‍ എന്നിങ്ങനെ പ്രതിസന്ധികളുണ്ടായിട്ടും കയറ്റുമതിയില്‍ നേരിയ വളര്‍ച്ച നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ വിപണികളിലൊന്നായ യു.എ.ഇയില്‍ നിന്നുള്ള ഡിമാന്‍ഡാണ് പ്രതിസന്ധിക്കിടയിലും പിടിച്ചുനില്‍ക്കാന്‍ സഹായകമായത്. ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണ് (സി.ഇ.പി.എ) ഇതിന് വഴിയൊരുക്കിയത്. എന്നാല്‍, ഡോളര്‍ നിരക്കില്‍ കയറ്റുമതി വരുമാനം കുറഞ്ഞു. 3,933.1 കോടി ഡോളറില്‍ നിന്ന് 3,746.8 കോടി ഡോളറായാണ് ഇടിവ്.
വജ്രം താഴേക്ക്; സ്വര്‍ണം, വെള്ളി മുന്നോട്ട്
പോളിഷ് ചെയ്ത വജ്രത്തിന്റെ കയറ്റുമതി കഴിഞ്ഞവര്‍ഷം 2.97 ശതമാനം കുറഞ്ഞ് 1.76 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷം 1.82 ലക്ഷം കോടി രൂപയായിരുന്നു. ഡോളര്‍ നിരക്കില്‍ 2,433.37 കോടി ഡോളറില്‍ നിന്ന് 2,204.45 കോടി ഡോളറിലേക്കും കുറഞ്ഞു. അതേസമയം, സ്വര്‍ണാഭരണ കയറ്റുമതി 68,062.41 കോടി രൂപയില്‍ നിന്ന് 75,635.72 കോടി രൂപയിലേക്ക് ഉയര്‍ന്നു. വളര്‍ച്ച 11.13 ശതമാനം. ഡോളറില്‍ നിരക്കില്‍ 912.97 കോടി ഡോളറില്‍ നിന്ന് 942.33 കോടി ഡോളറിലേക്കും കയറ്റുമതി കൂടി, വര്‍ദ്ധന 3.22 ശതമാനം. വെള്ളി ആഭരണങ്ങള്‍ക്കും സ്വീകാര്യതയുണ്ട്. 20,248.09 കോടി രൂപയില്‍ നിന്ന് 16.02 ശതമാനം മെച്ചപ്പെട്ട് വെള്ളി ആഭരണ കയറ്റുമതി 23,492.71 കോടി രൂപയായി. ഡോളറില്‍ 271.44 കോടിയില്‍ നിന്ന് 293.21 കോടിയായും വരുമാനം കൂടി.
മാര്‍ച്ചില്‍ തിരിച്ചടി
2022-23ലെ മൊത്തം ആഭരണ കയറ്റുമതി വര്‍ദ്ധിച്ചെങ്കിലും മാര്‍ച്ചില്‍ രേഖപ്പെടുത്തിയത് നഷ്ടം. 28,198.36 കോടി രൂപയില്‍ നിന്ന് 21,501.96 കോടി രൂപയായാണ് കയറ്റുമതി കുറഞ്ഞത്. നിലവിലെ ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് തിരിച്ചടിയായതെന്ന് ജി.ജെ.ഇ.പി.സി അഭിപ്രായപ്പെട്ടു.
Tags:    

Similar News