ഓഹരി ഇടപാടുകളും മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും ഇനി വാട്‌സാപ്പിലൂടെ; പുതിയ സേവനവുമായി ജിയോജിത്

Update: 2020-09-08 06:29 GMT

ഓഹരി ഇടപാടുകളും മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും ഇനി വിരല്‍തുമ്പില്‍ എത്തിച്ച് ജിയോജിത്. ജിയോജിത് ടെക്നോളജീസ് വികസിപ്പിച്ചെടുത്ത വാട്‌സാപ്പ്് ചാനല്‍ ഉപയോഗിച്ച് ഇടപാടുകാര്‍ക്ക് അനായാസമായി ഇനി ഇടപാടുകള്‍ നടത്താം. വാട്സ് ആപ്പ് ചാനലിലൂടെ ട്രേഡിംഗ് സംബന്ധമായി രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറുകളില്‍ നിന്ന് ഡീലര്‍മാരുമായി നേരിട്ടു ചാറ്റിംഗ് നടത്താനാകും. ഈ വാട്‌സാപ്പിലൂടെ ഫണ്ട് കൈമാറ്റത്തിനും, അവയുടെ ട്രാക്കിംഗിനും അവസരം ലഭിക്കും. ജിയോജിത് റിസര്‍ച്ച് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെയുളള മറ്റു സേവനങ്ങളും വാട്സാപ്പിലൂടെ അറിയാമെന്നതും ഗുണകരമാണ്.

മികച്ച ട്രേഡിംഗ്, നിക്ഷേപ അനുഭവമാണ് വാട്സാപ്പ് ചാനലിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് ഇടപാടുകള്‍ നടത്താന്‍ ജിയോജിതിന്റെ ഇടപാടുകാര്‍ക്ക് ഇതിലൂടെ കഴിയും. വാട്സാപ്പ് ചാറ്റിംഗിലൂടെയുള്ള ഇടപാടുകളും ആശയ വിനിമയങ്ങളും ഔദ്യോഗികവും, നിയമപരമായി അംഗീകൃതവുമാണ്. ആധികാരികത ഉറപ്പാക്കി ഇടപാടുകാരെ തിരിച്ചറിയുന്നതിന് വാടസാപ്പ് ചാനലിലെ സെല്‍ഫ് സര്‍വീസ് സൗകര്യത്തിലൂടെ ഉപോക്താക്കള്‍ക്ക് കഴിയുന്നു. ഇതിനായി +9199955 00044 എന്ന നമ്പറിലേക്ക് നിങ്ങളുടെ രജിസ്‌റ്റേര്‍ഡ് വാട്സാപ് നമ്പറിലൂടെ മെസേജ് അയക്കുകയേ വേണ്ടൂ. വിജയകരമായ വെരിഫിക്കേഷനു ശേഷം അവര്‍ക്ക് ഡീലറുമായി നേരിട്ട് ചാറ്റ് ചെയ്യാനും സെല്‍ഫ് സര്‍വീസിനും സ്റ്റേറ്റ്മെന്റുകളും റിപ്പോര്‍ട്ടുകളും കാണാനും കഴിയും. ഇടപാടുകാരും ഡീലര്‍മാരും തമ്മിലുള്ള എല്ലാ വിനിമയങ്ങളും സെര്‍വറുകളില്‍ സൂക്ഷിക്കപ്പെടുന്നതിനാല്‍ വാട്സാപ്പിലൂടെ ട്രേഡ് കണ്‍ഫര്‍മേഷനുകള്‍ ശേഖരിക്കാന്‍ ജിയോജിത്തിനു സാധ്യമാണ്.

ഏറ്റവും നൂതനമായ ഈ വാട്സാപ്പ് ചാനലിലൂടെ ട്രേഡിംഗ് നടത്തുന്നതിനും പണമിടപാടുകള്‍ പരിശോധിക്കുന്നതിനും മറ്റൊരു ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ലെന്ന് ജിയോജിത് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ജോണ്‍സ് ജോര്‍ജ് പറഞ്ഞു. വരും നാളുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഇതില്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയും. പ്രത്യേകിച്ച് എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന കോവിഡ് വ്യാപനത്തിന്റെ സമയത്ത് മറ്റു പ്രയാസങ്ങളില്ലാതെ ഇടപാടുകാരും ഡീലര്‍മാരും തമ്മില്‍ നിരന്തരം ബന്ധപ്പെടാന്‍ സഹചര്യമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. തീര്‍ത്തും ലളിതമായ ഞങ്ങളുടെ ഈ ട്രേഡിംഗ് സംവിധാനം ഏറ്റവും സുരക്ഷിതവുമാണ്-ജോണ്‍സ് ജോര്‍ജ് ചൂണ്ടിക്കാട്ടി.

'' നമ്മുടെ വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ വിപ്ലവകരമായ മാറ്റം വരുത്തിയിരിക്കുകയാണ് വാട്‌സാപ്പ്. ഫോണുകളിലെ യഥാര്‍ത്ഥ കമ്മ്യൂണിക്കേഷന്‍ ആപ്ലിിക്കേഷനാണിത്. വ്യാപാരമേഖലയില്‍ ഇടപാടുകാരനുമായി നേരിട്ട് ഇടപഴകുന്ന പ്രതീതി അതുണ്ടാക്കുന്നു.'' ജിയോജിത് ടെകനോളജീസ് വൈസ്പ്രസിഡന്റ് ജയദേവ് എം വസന്തം പറഞ്ഞു. 'ഫണ്ട്സ് ജീനി' മ്യൂച്വല്‍ഫണ്ട് നിക്ഷേപ പ്ളാറ്റ്ഫോമില്‍ അക്കൗണ്ടുള്ളവര്‍ക്ക് വാട്സ് ആപ് വഴിയുള്ള സെല്‍ഫ് സര്‍വീസ് സംവിധാനത്തിലൂടെ മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കാം.

അവരുടെ മ്യൂച്വല്‍ഫണ്ട് നിക്ഷേപം സംബന്ധിച്ച ശുപാര്‍ശകളും പോര്‍ട്ട്ഫോളിയോകളും കാണാനും സാധിക്കും. ഇതോടൊപ്പം ഇടപാടുകാര്‍ക്ക് അവരുടെ ലെഡ്ജറും ഫണ്ട് കൈമാറ്റം സംബന്ധിച്ച വിവരങ്ങളും കാണുന്നതിനും ജിയോജിതില്‍ നിന്നുള്ള റിസര്‍ച്ച് ഡാറ്റയെക്കുറിച്ചു മനസിലാക്കാനും കഴിയും. ഇതിനു പുറമേ രജിസ്റ്റര്‍ ചെയ്യാത്ത നമ്പറുകള്‍ വാട്സ് ആപ് ചാനലില്‍ ചേര്‍ക്കാനും ഇടപാടുകാര്‍ക്ക് സാധ്യമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News