കേന്ദ്ര ബജറ്റ്: സ്വര്‍ണ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് വ്യാപാരികൾ

ഇറക്കുമതി തീരുവ കുറച്ചാല്‍ കള്ളക്കടത്ത് തടയാം, ആഭരണ കയറ്റുമതി വര്‍ധിപ്പിക്കാമെന്നും സ്വര്‍ണ വ്യാപാര രംഗത്തെ സംഘടനകള്‍

Update:2023-01-18 17:00 IST

കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ആവശ്യം ശക്തമാകുന്നു. വ്യാപാരി-വ്യവസായി സംഘടനകളായ ഓള്‍ കേരള ഗോള്‍ഡ് & സില്‍വര്‍ മെര്‍ച്ചന്റ്റ്സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ), ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജുവലറി ഡൊമസ്റ്റിക് കൗണ്‍സില്‍, ജെംസ് ആന്‍ഡ് ജുവലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജി.ജെ.ഇ.പി.സി) തുടങ്ങിയ സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 

നിലവില്‍ 12.5 % ഇറക്കുമെതി തീരുവ, 2.5 % കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസ്, 3 % ജി എസ് ടി ഉള്‍പ്പെടെ മൊത്തം 18 % നികുതി ബാധ്യതയാണ് സ്വര്‍ണം ഇറക്കുമതി ചെയ്യുമ്പോള്‍ നല്‍കേണ്ടി വരുന്നത്. പ്രത്യക്ഷത്തില്‍ ഈ നടപടികള്‍ കറന്റ്റ് അക്കൗണ്ട് കമ്മി കുറക്കുന്നതിനും, ഇന്ത്യന്‍ രൂപയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു, എന്നാല്‍ ഇത് കള്ളക്കടത്ത്, ഹവാല ഇടപാടുകള്‍, സമാന്തര സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച എന്നിവക്ക് ആക്കം കൂട്ടിയതായി, എ കെ ജി എസ് എം എ സംസ്ഥാന ട്രഷറര്‍ അഡ്വ എസ് അബ്ദുള്‍ നാസര്‍ അഭിപ്രായപ്പെട്ടു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള മെമ്മോറാണ്ടം എ കെ ജി എസ് എം എ ധന മന്ത്രി നിര്‍മല സീതാരാമന് സമര്‍പ്പിച്ചിട്ടുണ്ട്. ജി എസ് ടി നടപ്പാക്കല്‍ ജുവലറി വ്യവസായത്തെ നിയമ വിധേയമാക്കുന്നതില്‍ നല്ല സ്വാധീനം ചെലുത്തിയതിനാല്‍, ആവേശഷിക്കുന്ന പ്രധാന തടസം ഇറക്കുമതിയിലെ അമിതമായ നികുതി ഘടനയാണ്. അന്താരാഷ്ട്ര വിലകള്‍ക്ക് ഒപ്പം ആഭ്യന്തര വിലയിലും തുല്യത കൈവരിക്കണമെങ്കില്‍ അധിക നികുതികള്‍, തീരുവകള്‍, ലെവികള്‍ നിര്‍ത്തലാക്കേണ്ടതുണ്ട്.

ഡോളര്‍ കരുതല്‍ ശേഖരത്തെ ആശ്രയിക്കാതെ ഇന്ത്യന്‍ രൂപയില്‍ പണമടച്ച് ഇറക്കുമതി ചെയ്യാന്‍ സംവിധാനം ഉണ്ടാക്കണം. നികുതി ഇളവുകളും നല്‍കണം. ഇറക്കുമതിയും, കയറ്റുമതിയും സ്വാതന്ത്രമായോ, പരിമിതമായ നിയന്ത്രണങ്ങളോടെയോ നടത്താന്‍ അനുവദിക്കുന്ന ഒരു സ്വന്തന്ത്ര വിപണിയിലേക്കുള്ള ക്രമാനുഗതമായ നീക്കത്തിന് ഇത് സഹായകമാകും. ഇന്ത്യക്ക് സ്വര്ണത്തിന്‍ റ്റെ ആഗോള വില നിശ്ചയിക്കുന്ന രാജ്യമായി മാറാന്‍ സാധിക്കണം. ജി എസ് ടി നിരക്ക് 3 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമാക്കണം.

സ്വര്‍ണ ഇ ടി എഫ് ഫു കളും, സോവറിന്‍ ബോണ്ടുകളും സ്വര്‍ണത്തില്‍ ഭൗതിക നിക്ഷേപം നിരുത്സാഹ പെടുത്തുന്നു എന്നാല്‍ കുടുംബങ്ങള്‍ സ്വര്‍ണം ആഭരണമായി വാങ്ങാന്‍ ആഗ്രഹിക്കുന്നു. ആഘോഷങ്ങള്‍ക്കും, വിവാഹ ആവശ്യങ്ങള്‍ക്കും സ്വര്‍ണാഭരണമായി വാങ്ങാനാണ് ഉപഭോക്താക്കള്‍ താല്‍പര്യപ്പെടുന്നത്. പഴയതും ഉപയോഗിച്ചതുമായ സ്വര്‍ണം നിക്ഷേപിക്കുന്നതിനുള്ള നിയമങ്ങള്‍ ക്രമീകരിക്കണം . ഗാര്‍ഹിക സ്വര്‍ണ ശേഖരം (25000-35000 ടണ്‍) തുറന്ന വിപണിയിലേക്ക് കൊണ്ടുവരുന്നതില്‍ പങ്കാളികളാകാന്‍ സംഘടിത ജുവലറികളെ പ്രോത്സാഹിപ്പിക്കണം.

കയറ്റുമതിക്കായി ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ ഡോറിന്റെ (gold dore) ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് എ കെ ജി എസ് എം എ അഭിപ്രായപ്പെട്ടു. ആഭരണ കയറ്റുമതി ചെയ്യുന്ന വ്യാപാരികളില്‍ 80 % സൂക്ഷ്മ ചെറുകിട ഇടത്തരം കമ്പനികളാണ് (MSME). ഇവര്‍ക്ക് ബജറ്റില്‍ പ്രോത്സാഹനം നല്‍കണം. സ്വര്‍ണം കൈമാറുന്നതിനോ, കൊണ്ടുപോകുന്നതിനുള്ള നിര്‍ബന്ധിത ഇ വേ ബില്ല് പരിധി 10 ലക്ഷം രൂപയായി നിജപ്പെടുത്തണം. 25 കിലോമീറ്റര്‍ ചുറ്റളവില്‍ സ്വര്‍ണം കൊണ്ടു പോകുന്നതിന് ഇ വേ ബില്ല് വേണമെന്ന് നിബന്ധന ഒഴിവാക്കണം. ഡൈ ജോലികള്‍ക്കും, ഹാള്‍ മാര്‍ക്കിങ്ങിനും, രൂപകല്‍പനക്കും സ്വര്‍ണം കൊണ്ടു പോകുന്നത് സുഗമമാക്കാന്‍ ഇത് സഹായിക്കും.

രത്‌നങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും സംയോജിത വ്യവസായ പാര്‍ക്ക് ത്രീശൂരില്‍ ആരംഭിക്കാന്‍ എ കെ ജി എസ് എം എ ആഗ്രഹിക്കുന്നു. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിന് ബജറ്റില്‍ ധനസഹായം പ്രഖ്യാപിക്കണം. സംസ്ഥാന സര്‍ക്കാരുമായി പദ്ധതി നടപ്പാക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും. നികുതി, ഫീസ് ഇനത്തില്‍ സര്‍ക്കാരിന് കൂടുതല്‍ വരുമാനം ലഭിക്കാനും പാര്‍ക്ക് സഹായകരമാകും.

4 % ഇറക്കുമതി തീരുവ

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി കുറയ്ക്കണമെന്ന് ജി ജെ ഇ പി സി അഭിപ്രായപ്പെട്ടു. ലാബില്‍ നിര്‍മിക്കുന്ന വജ്രത്തിന്‍ റ്റെ വിത്തുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കണമെന്ന് സംഘടന പറഞ്ഞു. ഇന്ത്യക്ക് ഒരു ജുവലറി റിപ്പയര്‍ നയം പ്രഖ്യാപിക്കണമെന്ന് ജി ജെ ഇ പി സി അഭിപ്രായപ്പെട്ടു. നിലവില്‍ ലോക ജുവലറി നന്നാക്കുന്ന വിപണിയുടെ 3 ശതമാനമാണ് ഇന്ത്യക്ക് കരസ്ഥമാക്കാന്‍ സാധിച്ചിട്ടുള്ളത്. ഇത് 10 മുതല്‍ 20 ശതമാനം വരെ ഉയര്‍ത്താന്‍ സാധിക്കും.

Tags:    

Similar News