പുതുവര്‍ഷദിനം തന്നെ സ്വര്‍ണവില ഉയര്‍ന്നു; പവന് 37,440 രൂപ
തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
പുതുവര്‍ഷ ദിനം തന്നെ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ ഉയര്‍ന്ന് 37,440 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4,680 രൂപയാണ് ഇന്നത്തെ നിരക്ക്. തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതേ സമയം പുതുവര്‍ഷത്തില്‍ രാജ്യാന്തര വിപണിയിലും സ്വര്‍ണം വെള്ളി വില ഉയര്‍ന്നു. എംസിഎക്സിലെ സ്വര്‍ണ്ണ ഫ്യൂച്ചര്‍ നിരക്ക് 10 ഗ്രാമിന് 0.09 ശതമാനം ഉയര്‍ന്ന് 50,198 രൂപയായി. വെള്ളി വില 0.14 ശതമാനം ഉയര്‍ന്ന് 68,200 രൂപയിലെത്തി.
ഇന്ത്യന്‍ വിപണികളില്‍, സ്വര്‍ണ്ണവും വെള്ളിയും 2020 ല്‍ ശക്തമായ വാര്‍ഷിക നേട്ടം രേഖപ്പെടുത്തി. ആഭ്യന്തര സ്വര്‍ണ വില 2020ല്‍ 27 ശതമാനവും വെള്ളി വില 50 ശതമാനവും ഉയര്‍ന്നു. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞത് സ്വര്‍ണ വില റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിച്ചിരുന്നു.
ആഗോള വിപണികളില്‍, 2020 ല്‍ സ്വര്‍ണ വില 25% ആണ് ഉയര്‍ന്നത്. കേന്ദ്ര ബാങ്കുകളുടെയും സര്‍ക്കാരുകളുടെയും സാമ്പത്തിക ഉത്തേജത്തിനും ഡോളറിന്റെ ഇടിവിനും ഇടയില്‍ സ്വര്‍ണം ഒരു ദശകത്തിനിടെ ഏറ്റവും വലിയ വാര്‍ഷിക നേട്ടം രേഖപ്പെടുത്തി. ഇന്ന് സ്വര്‍ണ വില 0.2 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 1,898.36 ഡോളറിലെത്തി.
മറ്റ് വിലയേറിയ ലോഹങ്ങളില്‍ സ്പോട്ട് വെള്ളി വില 48% വാര്‍ഷിക നേട്ടം കൈവരിച്ചു. പല്ലേഡിയം തുടര്‍ച്ചയായ അഞ്ചാം വാര്‍ഷിക നേട്ടം കൈവരിച്ചു. 2020 ല്‍ 26% വര്‍ദ്ധനവാണ് പല്ലേഡിയം കൈവരിച്ചത്. പ്ലാറ്റിനം വില 11% ഉയര്‍ന്നു.