ഓഹരികള്‍ മുന്നേറിയപ്പോള്‍ ലോക വിപണിയില്‍ സ്വര്‍ണ ഇ.ടി.എഫ് തിളക്കം മങ്ങി
ഇന്ത്യയില്‍ 2023 രണ്ടാം പാദത്തില്‍ ഇ.ടി.എഫുകളിലെ സ്വര്‍ണ ശേഖരം 1.8% വര്‍ധിച്ചു
ജൂണ്‍ 2023 ല്‍ ഓഹരി വിപണികള്‍ ശക്തമായതോടെ സ്വര്‍ണ ഇ.ടി.എഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന പ്രവണത വര്‍ധിച്ചതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണില്‍ ആഗോള സ്വര്‍ണ ഇ.ടി.എഫുകളുടെ സ്വര്‍ണ ശേഖരം 55 ടണ്‍ കുറഞ്ഞ് 3,422 ടണ്ണായി. ആദ്യ പകുതിയില്‍ കേന്ദ്ര ബാങ്കുകള്‍ പണപ്പെരുപ്പം തടയാനായി പലിശ നിരക്ക് വര്‍ധിപ്പിച്ചതും സ്വര്‍ണ ഫണ്ട് നിക്ഷേപങ്ങളില്‍ നിന്ന് പുറത്തോട്ടുള്ള ഒഴുക്ക് വര്‍ധിച്ചു.
നിലവില്‍ 13 സ്വര്‍ണ ഇ.ടി.എഫുകള്‍
സ്വര്‍ണ ഇ.ടി.എഫുകളിലെ നിക്ഷേപം 99.99 പരിശുദ്ധി ഉള്ള ഭൗതിക സ്വര്‍ണ്ണം വാങ്ങാനാണ് ഉപയോഗിക്കുന്നത്. സ്വര്‍ണ വിലയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് നിക്ഷേപകര്‍ക്ക് ലാഭമോ നഷ്ടമോ ഉണ്ടാകാം. ഇന്ത്യയില്‍ നിലവില്‍ 13 സ്വര്‍ണ ഇ.ടി.എഫുകള്‍ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നുണ്ട്. സ്വര്‍ണ ഇ.ടി.എഫ് നിക്ഷേപങ്ങള്‍ക്ക് പല നേട്ടങ്ങള്‍ ഉണ്ട്. സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ കൊടുക്കേണ്ട പണിക്കൂലി ലാഭിക്കാം. മോഷ്ടിക്കുമോ എന്ന ഭയവും വേണ്ട.
നിക്ഷേപം വര്‍ധിച്ചു
സ്വര്‍ണ വില കുറഞ്ഞത് സ്വര്‍ണ വിപണനം കുറയാന്‍ കാരണമായി. വടക്കേ അമേരിക്കന്‍ ഇ.ടി.എഫ് ഫണ്ടുകളില്‍ നിക്ഷേപം വര്‍ധിച്ചു. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയും, മാന്ദ്യ ഭീതിയുമാണ് ഇ.ടി.എഫ് നിക്ഷേപം വര്‍ധിക്കാന്‍ കാരണമായത്. കോമെക്സ് സ്വര്‍ണ അവധി വ്യാപാരത്തില്‍ ജൂണ്‍ അവസാന വാരം അറ്റ ലോങ്ങ് പൊസിഷന്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 11% ഇടിഞ്ഞു. ലോങ്ങ് പൊസിഷന്‍ കുറഞ്ഞത് സ്വര്‍ണ വിപണിയില്‍ ബിയറിഷ് ട്രെന്‍ഡ് സൂചിപ്പിക്കുന്നതാണ്.
ഏപ്രില്‍ മുതല്‍ ജൂണ്‍ കാലയളവില്‍ ഇന്ത്യയില്‍ ഇ.ടി.എഫ് ഫണ്ടുകളുടെ സ്വര്‍ണ ശേഖരം 1.8% വര്‍ധിച്ച് 37.9 ടണ്ണായി. 2023 ആദ്യ പകുതിയില്‍ 440 കോടി ഡോളര്‍ നിക്ഷേപം പിന്‍വലിക്കപ്പെട്ടു.