യുദ്ധത്തിനിടെ സ്വര്‍ണവും മുന്നോട്ട്; കേരളത്തില്‍ മൂന്ന് ദിവസത്തിനിടെ ₹780 കൂടി

ശനിയാഴ്ച രണ്ടു തവണ സ്വര്‍ണ വില ഉയര്‍ന്നിരുന്നു

Update:2023-10-09 14:46 IST

കേരളത്തില്‍ മൂന്നാം ദിവസവും സ്വര്‍ണ വില കയറി. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ഇവിടെയും പ്രതിഫലിച്ചത്. സെപ്റ്റംബര്‍ അവസാനം കഴിഞ്ഞ ആറുമാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്നിരുന്ന സ്വര്‍ണവില യു.എസ് തൊഴില്‍ കണക്ക് വന്നതോടെ ഉയര്‍ന്ന് ഔണ്‍സിന് 1,834.1 ഡോളറില്‍ ക്ലോസ് ചെയ്തു. ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്നു രാവിലെ 1,851 ഡോളറിലേക്കു കയറി. ഇപ്പോഴും 1,850.33 ഡോളര്‍ എന്ന നില തുടരുകയാണ്. ഇതിനാല്‍ കേരളത്തിലും സ്വര്‍ണ വില ഉയര്‍ന്ന നിലയില്‍ തുടരാനാണ് സാധ്യത. 

കഴിഞ്ഞ രണ്ടാഴ്ചയില്‍ 2,040 രൂപയ്ക്ക് മേല്‍ ഇടിഞ്ഞ പവന്‍ വില കഴിഞ്ഞ തുടര്‍ച്ചയായി മൂന്ന് ദിവസത്തിനിടെവീണ്ടും 42,680ല്‍ എത്തി. ശനിയാഴ്ച രണ്ട് തവണയായി 520 രൂപയാണ് പവന് വില ഉയര്‍ന്നത്. വെള്ളിയാഴ്ച 80 രൂപയാണ് പവന് വര്‍ധിച്ചത്. ഇന്നത്തെ വിലക്കയറ്റം കൂടി കണക്കിലെടുക്കുമ്പോള്‍ തുടര്‍ച്ചയായി 780 രൂപയാണ് പവന് കൂടിയിട്ടുള്ളത്. ഗ്രാമിന് 20 രൂപ വർധിച്ച് 5,335 രൂപയായി. 

കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധനയുണ്ടായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,408 രൂപയായി. 

ഒരു പവന്‍ സ്വർണാഭരണം വാങ്ങാൻ 

പവന്‍ വിലയോടൊപ്പം അഞ്ച് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, അതിന്റെ ജി.എസ്.ടി, ഏറ്റവും കുറഞ്ഞ 5% പണിക്കൂലി എന്നിവ കൂട്ടിയാല്‍ 46,500 രൂപയോളമാണ് ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇപ്പോള്‍ വേണ്ടി വരുന്നത്. പണിക്കൂലി കൂടിയ ആഭരണത്തിനെങ്കില്‍ 6,000 രൂപ വരെ അധികം നല്‍കേണ്ടതായും വന്നേക്കാം.

വെള്ളി വില

സംസ്ഥാനത്ത് സാധാരണ വെള്ളിക്ക് ഒരു രൂപ ഉയര്‍ന്ന് ഗ്രാമിന് 75 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി വില മാറ്റമില്ലാതെ 103 രൂപയായി തുടരുന്നു.

Tags:    

Similar News