സ്വര്‍ണവില പിന്നെയും താഴോട്ട്; മൂന്ന് ദിവസത്തിനിടെ ₹800 കുറഞ്ഞു
വെള്ളി വിലയും കുറഞ്ഞു
സ്വര്‍ണം മൂന്നാം ദിവസവും ഇടിവ് തുടരുന്നു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,640 രൂപയും പവന്‍ 240 രൂപ കുറഞ്ഞ് 45,120 രൂപയുമായി. മൂന്ന് ദിവസത്തില്‍ പവന് 800 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിലെ വിലയിടിവാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. ഔണ്‍സ് വില ഇന്ന് 1,977.16 ഡോളറായി. ഇന്നലെ 2009 ഡോളര്‍ വരെ കയറിയിട്ട് 1984.3 ഡോളറിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നും ഇടിവ് തുടരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
22 കാരറ്റിന് കേരളത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയത്, 45,920 രൂപ. ഈ നിരക്കില്‍ നിന്നാണ് മൂന്നു ദിവസമായി സ്വര്‍ണം താഴേക്കിറങ്ങുന്നത്. ഉടനെ വലിയൊരു കയറ്റത്തിന് സാധ്യത ഇല്ലെന്ന് വിപണി വിദഗ്ധനായ പ്രിന്‍സ് ജോര്‍ജ് വിലയിരുത്തുന്നു. ഓഹരി വിപണിയിലെ ഇപ്പോഴുള്ള അനിശ്ചിതത്വങ്ങള്‍ ഒഴിയുന്നതോടെ സ്വര്‍ണ വില താഴുമെന്നാണ് അദ്ദേഹം വിശദമാക്കുന്നത്.
18 കാരറ്റ് സ്വര്‍ണവും വെള്ളിയും
18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,675 രൂപയായി. രണ്ട് ദിവസമായി മാറ്റമില്ലാതെ നിന്ന വെള്ളി വില ഇന്ന് താഴേക്കിറങ്ങി. സാധാരണ വെള്ളി ഗ്രാമിന് ഇന്ന് രണ്ട് രൂപ കുറഞ്ഞ് 77 രൂപയിലെത്തി. പരിശുദ്ധ വെള്ളി 103 രൂപ നിരക്കില്‍ തന്നെ മാറ്റമില്ലാതെ തുടരുന്നു. ആഭരണങ്ങള്‍ക്കുപയോഗിക്കുന്ന വെള്ളി ഇതായതിനാല്‍ വെള്ളി ആഭരണ വിലയില്‍ വലിയ മാറ്റങ്ങളുണ്ടാകില്ല.