കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിയുന്നു

Update: 2020-10-05 10:40 GMT

കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും നേരിയ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 37120 രൂപയായി. ഒരു ഗ്രാമിന് 4640 രൂപയാണ് വില. ദേശീയ വിപണിയിലും ആഗോള വിപണയിലും തിങ്കളാഴ്ച സ്വര്‍ണ വില ഇടിഞ്ഞു. എംസിഎക്സില്‍ 10 ഗ്രാം തങ്കത്തിന് 50130 രൂപയാണ് പുതിയ വില. ഒരു ശതമാനത്തോളമാണ് കുറവുണ്ടായത്. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1900 ഡോളറാണ് ഇന്നത്തെ വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഉയര്‍ച്ചയും താഴ്ചയും നേരിടുന്നുണ്ട്.

കൊറോണ ഭീതി അകന്നിട്ടില്ലാത്തതിനാല്‍ നിക്ഷേപകര്‍ക്ക് ആശങ്ക ഒഴിഞ്ഞിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊറോണ സ്ഥിരീകരിച്ച വാര്‍ത്ത വന്നതിന് പിന്നാലെ വെള്ളിയാഴ്ച അമേരിക്കന്‍ ഓഹരി വിപണിയില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഏഷ്യന്‍ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഇന്ത്യന്‍ ഓഹരി വിപണിയിലും ഈ നേട്ടം പ്രതിഫലിക്കുമെന്ന്് കരുതുന്നു. ജിഎസ്ടി യോഗത്തില്‍ വിപണിക്ക് അനുകൂലമായ ചില തീരുമാനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്.

അതേ സമയം സ്വര്‍ണ വില ഇടിവ് കച്ചവടത്തെ പ്രോത്സാഹിപ്പിക്കുമെങ്കിലും കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖല ആശങ്കയിലാണ്. 24 കാരറ്റ് സ്വര്‍ണക്കട്ടികള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ ഉറവിടത്തില്‍ നിന്നുള്ള നികുതി (ടിസിഎസ്) ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് കൊറോണ പ്രതിസന്ധിക്കൊപ്പം ഇപ്പോള്‍ വ്യാപാരികള്‍ എടുത്തുപറയുന്ന വിഷയം.

അതായത് പുതിയ നിയമം അനുസരിച്ച് സ്വര്‍ണക്കട്ടിക്ക് 0.1 ശതമാനം ഉറവിട നികുതി നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ. ഇതാണ് ആഭരണ നിര്‍മാണ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ദിവസം 55 ഗ്രാം സ്വര്‍ണത്തിലേറെ വില്‍ക്കുന്നവര്‍ക്കാകും പുതിയ നികുതി ബാധകമാകുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News