പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങി കേന്ദ്രം

ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടേയും ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുടേയും 10% ഓഹരികള്‍ ഓഫര്‍-ഫോര്‍-സെയില്‍ വഴി വിറ്റഴിച്ചേക്കും, നീക്കം ലിസ്റ്റിംഗ് നിബന്ധന പാലിക്കാന്‍

Update:2023-11-01 19:30 IST

Image : Canva

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളായ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റേയും (GIC) ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുടേയും 10 ശതമാനത്തോളം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും കുറഞ്ഞ പൊതു ഓഹരി പങ്കാളിത്ത (മിനിമം പബ്ലിക് ഷെയര്‍ ഹോള്‍ഡിംഗ്) മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമായാണിതെന്ന് സര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

2024 ഓഗസ്റ്റിന് മുന്‍പായി ഓഫര്‍-ഫോര്‍-സെയില്‍ വഴി ഇരു കമ്പനികളിലേയും ഓഹരി പങ്കാളിത്തം കുറയ്ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 2024 ഓഗസ്റ്റ് വരെ ഇരു കമ്പനികളേയും മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് മാനദണ്ഡത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെബിയുടെ നിയമമനുസരിച്ച് ലിസ്റ്റഡ് ആയിട്ടുള്ള ഒരു പൊതുമേഖല കമ്പനിയുടെ 25 ശതമാനം ഓഹരികള്‍ പൊതുഓഹരി ഉടമകളുടെ കൈവശമാണെങ്കിലേ ലിസ്റ്റഡ് കമ്പനിയായി തുടരാനാകൂ.

ഓഹരിയുടെ മൂല്യം 

സര്‍ക്കാരിന് ജി.ഐ.സിയില്‍ 85.78 ശതമാനവും ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയില്‍ 84.44 ശതമാനവും ഓഹരിയുണ്ട്. നിലവിലെ വിപണി വില അനുസരിച്ച് ജി.ഐ.സിയിലെ 10 ശതമാനം ഓഹരിയുടെ മൂല്യം 4,000 കോടി രൂപ വരും. ന്യൂ ഇന്ത്യ അഷുറന്‍സിന്റേത് 2,300 കോടി രൂപയും.

നിക്ഷേപകരുടെ താത്പര്യമറിയാന്‍ ധനമന്ത്രാലയം നിര്‍ദേശം വച്ചെങ്കിലും തണുത്ത പ്രതികരണമാണ് ലഭിച്ചത്. സര്‍ക്കാരിന്റെ പങ്കാളിത്തം 75 ശതമാനമാക്കി കുറയ്ക്കാനായില്ലെങ്കില്‍ സെബിയോട് വീണ്ടും കട്ട് ഓഫ് ഡേറ്റ് കുറച്ചു കൂടി വൈകിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചേക്കും.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജി.ഐ.സിയുടെ ലാഭം 6,312.50 കോടി രൂപയാണ്. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷം ഇത് 2,005.74 കോടി രൂപയായിരുന്നു.

2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം ന്യൂ ഇന്ത്യ അഷുറന്‍സിന്റെ ലാഭം 260 കോടി രൂപയാണ്. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലിത് 118 കോടി രൂപയായിരുന്നു.


Tags:    

Similar News