അറ്റാദായം 7.05 ശതമാനം വര്‍ധിച്ചു, 10 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് ഈ ഐടി കമ്പനി
3,489 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം
2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ (HCL Technologies Ltd) അറ്റാദായത്തില്‍ (Net Profit) 7.05 ശതമാനത്തിന്റെ വളര്‍ച്ച. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം 3,295 കോടിയില്‍ നിന്ന് 3,489 കോടി രൂപയായി ഉയര്‍ന്നു. 24,686 കോടി രൂപയാണ് ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം. 19.5 ശതമാനം വര്‍ധനവാണ് വരുമാനത്തില്‍ ഉണ്ടായത്.
2022-23ന്റെ ഒന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭം 6.27 ശതമാനവും വരുമാനം 5.2 ശതമാനവും ഉയര്‍ന്നു. 2,384 മില്യണ്‍ യുഎസ് ഡോളറിന്റെ പുതിയ ഓര്‍ഡറുകളാണ് കമ്പനി നേടിയത്. ഇക്കാലയളവില്‍ 8,359 പേരെയാണ് എച്ച്‌സിഎല്‍ പുതുതായി നിയമിച്ചത്.
ഓഹരി ഉടമകള്‍ക്കുള്ള ലാഭ വിഹിതവും എച്ച്‌സിഎല്‍ പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 10 രൂപ വീതമാണ് എച്ച്‌സിഎല്‍ നിക്ഷേപകര്‍ക്ക് ലഭിക്കുക. ഇന്ന് 1.53 ശതമാനം അഥനാ 14.40 രൂപ ഉയര്‍ന്ന് 953 രൂപയിലെത്തി. 2022 തുടങ്ങിയ ശേഷം എച്ച്‌സിഎല്ലിന്റെ ഓഹരികള്‍ 28 ശതമാനത്തോളം ആണ് ഇടിഞ്ഞത്.