ബോണ്ടിലൂടെ 10,000 കോടി രൂപ സമാഹരിക്കാനൊരുങ്ങി എച്ച്ഡിഎഫ്സി

ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള നിക്ഷേപകരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്

Update:2022-08-31 16:00 IST

പ്രാദേശിക നിക്ഷേപകര്‍ക്ക് ബോണ്ടുകള്‍ വില്‍ക്കുന്നതിലൂടെ 10,000 കോടി രൂപ വരെ സമാഹരിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ മോര്‍ട്ട്ഗേജ് ലെന്‍ഡറായ എച്ച്ഡിഎഫ്സി (HDFC). റെസിഡന്‍ഷ്യല്‍ ഭവനവായ്പകളുടെ ആവശ്യം വര്‍ധിച്ചതിന് പിന്നാലെയാണ് എച്ച്ഡിഎഫ്‌സിയുടെ ഈ നീക്കം. ഇതിന്റെ ഭാഗമായി ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് (ICICI Bank) എന്നിവയുള്‍പ്പെടെയുള്ള നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ബാങ്കുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സ്വകാര്യ ബാങ്കുകളും ഏകദേശം 2,500 കോടി രൂപ വീതം വരിക്കാരാകുമെന്നാണ് സൂചന.

10 വര്‍ഷത്തെ മെച്യൂരിറ്റിയോടെ 7.80 ശതമാനം ഓഫര്‍ ചെയ്യാന്‍ സാധ്യതയുള്ള ബോണ്ടുകള്‍ ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ വില്‍പ്പനയ്ക്കെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തോട് എച്ച്ഡിഎഫ്സി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ പ്രതികരിച്ചിട്ടില്ല.
നേരത്തെ, ജൂലൈ 26 ന് എച്ച്ഡിഎഫ്സി 10 വര്‍ഷത്തെ കാലാവധിയോടെ 8 ശതമാനം വാഗ്ദാനം ചെയ്ത പ്രാദേശിക ബോണ്ടുകള്‍ വഴി 11,000 കോടി രൂപ സമാഹരിച്ചിരുന്നു. എച്ച്ഡിഎഫ്സി ലിമിറ്റഡ് നിലവില്‍ എച്ച്ഡിഎഫ്സി ബാങ്കുമായുള്ള ലയന പ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. രണ്ടാഴ്ച മുമ്പ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ലയനത്തിന് അംഗീകാരം നല്‍കിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel




Tags:    

Similar News