കേരളത്തില്‍ പവന് പുതിയ റെക്കോഡ്; ആഗോള വിപണിയില്‍ 2,000 ഡോളര്‍ കടന്ന് സ്വര്‍ണം

മേയ് അഞ്ചിലെ റെക്കോഡ് മറികടന്നു

Update:2023-10-28 11:11 IST

ആഗോള വിപണിയില്‍ 2,000 ഡോളറിലേക്ക് കുതിച്ച് സ്വര്‍ണ വില. കേരളത്തിലും സ്വര്‍ണം പുതിയ ഉയരത്തില്‍. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 5,720 രൂപയും പവന് 480 രൂപ വര്‍ധിച്ച് 45,920 രൂപയുമായി.

കേരളത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയായ 45,760 രൂപയെന്ന റെക്കോഡ് ആണ് ഇന്ന് തകര്‍ത്തത്. ഈ വര്‍ഷം മേയ് അഞ്ചിനായിരുന്നു ഈ റെക്കോഡില്‍ സ്വര്‍ണം എത്തിയത്. ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

ആഗോള വിപണി 

ട്രോയ് ഔൺസിന് സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കായ 1,953ല്‍ നിന്നും ഈ മാസം 1,820ഡോളറിലേക്ക് സ്വര്‍ണം താഴ്ന്നിരുന്നു.  ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധം ആഗോള വിപണികളില്‍ അനിശ്ചിതത്വം സൃഷ്ടിച്ചപ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ ആശ്രയിച്ചതോടെ വിലയും ഉയരാന്‍ തുടങ്ങി.

ഗാസയില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം ശക്തമാക്കിയതോടെ ഇന്നലെ രാത്രി സ്വർണം 2,000 ഡോളര്‍ പിന്നിട്ടു. നിലവില്‍ 2,006 (ഒക്‌റ്റോബര്‍ 28, 10.40am)ഡോളറിലാണ് സ്വര്‍ണം നില്‍ക്കുന്നത്. അതായത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്നും 10.2 ശതമാനം ഉയരത്തിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. കേരളത്തിൽ ഈ കാലയളവിലെ വില വർധന 9.5 ശതമാനമാണ്. 

ഒരു പവന്‍ ആഭരണം

ഒരു പവന് വില ഇന്ന് 45,920 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ് എന്നിവ കൂടി നല്‍കണം. അപ്പോള്‍ 50,000 രൂപയോളം വേണ്ടി വരും. ജൂവല്‍റികളിലെ പണിക്കൂലി വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ ഒരു പവൻ ഡിസൈനർ ആഭരണങ്ങള്‍ക്ക് ഇന്ന് 53,000 രൂപയോ അതിലധികമോ വേണ്ടി വന്നേക്കാം.

18 കാരറ്റ് സ്വര്‍ണ വില

കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണ വിലയിലും വര്‍ധനയുണ്ടായി. ഗ്രാമിന് ഇന്ന് 50 രൂപ ഉയര്‍ന്ന് 4,758 രൂപ. വെള്ളി വില മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുന്നു. സാധാരണ വെള്ളിക്ക് ഗ്രാമിന് 78 രൂപയും പരിശുദ്ധ വെള്ളിക്ക് 103 രൂപയുമാണ് വില.

Tags:    

Similar News