എച്ച്എംഎ അഗ്രോ ഇന്‍ഡസ്ട്രീസും ഐപിഒയ്ക്ക് ഒരുങ്ങുന്നു, സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 480 കോടി രൂപ

ആഗ്ര ആസ്ഥാനമായുള്ള സ്ഥാപനം ഇന്ത്യയില്‍ നിന്നുള്ള ഫ്രോസണ്‍ ഇറച്ചി ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരിലൊന്നാണ്

Update: 2022-03-29 09:04 GMT

ഫ്രോസണ്‍ ഇറച്ചി കയറ്റുമതിക്കാരായ എച്ച്എംഎ അഗ്രോ ഇന്‍ഡസ്ട്രീസ് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ ഫയലുകള്‍ സമര്‍പ്പിച്ചു. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 480 കോടി രൂപ സമാഹരിക്കാനാണ് എച്ച്എംഎ അഗ്രോ ഇന്‍ഡസ്ട്രീസ് ലക്ഷ്യമിടുന്നത്.

പ്രാരംഭ ഓഹരി വില്‍പ്പനയില്‍ 150 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും പ്രമോട്ടര്‍മാരുടെ കൈവശമുള്ള 330 കോടി രൂപ വരെ മൂല്യമുള്ള ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്എസ്) ഉള്‍പ്പെടും.
ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം വാജിദ് അഹമ്മദിന്റെ 120 കോടി രൂപ വരെയുള്ള ഓഹരികളും ഗുല്‍സാര്‍ അഹമ്മദ്, മുഹമ്മദ് മെഹമൂദ് ഖുറേഷി, മുഹമ്മദ് അഷ്റഫ് ഖുറേഷി, സുല്‍ഫിഖര്‍ അഹ്മദ് എന്നിവരുടെ 49 കോടി രൂപ മൂല്യമുള്ള ഓഹരികളുമാണ് ഓഫര്‍ ഫോര്‍ സെയ്‌ലിലൂടെ കൈമാറുന്നത്. ഐപിഒയിലൂടെ ലഭിക്കുന്ന 135 കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി കമ്പനി വിനിയോഗിക്കും.
ആഗ്ര ആസ്ഥാനമായുള്ള സ്ഥാപനം ഇന്ത്യയില്‍ നിന്നുള്ള ഫ്രോസണ്‍ ഇറച്ചി ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരില്‍ ഒന്നാണ്. അതിന്റെ ഉല്‍പ്പന്നങ്ങള്‍ ലോകമെമ്പാടുമുള്ള 40-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. അതിന്റെ 90 ശതമാനത്തിലധികം വില്‍പ്പനയും കയറ്റുമതിയില്‍ നിന്നാണ്. 2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 73 കോടി രൂപയും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 1,720 കോടി രൂപയുമാണ്. ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍ ആര്യമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസാണ്.


Tags:    

Similar News