ഓഹരി വിലകള്‍ ഇനിയും താഴും, ഇപ്പോള്‍ നിക്ഷേപിക്കരുത്

Update: 2020-04-03 03:20 GMT

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വരും ദിവസങ്ങള്‍ ഇടിവ് തുടരാന്‍ സാധ്യത. കോവിഡ് ബാധയുടെ ആഴം വ്യക്തമല്ലാത്തതും കമ്പനികളുടെ കടഭാരവും വിദേശ പോര്‍ട്ട്‌ഫോളിയോ സ്ഥാപനങ്ങളുടെ പിന്മാറ്റവും വിപണിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഓഹരി വിലകള്‍ താഴ്ന്ന നിലയിലെത്തി, മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കണമെന്ന് ഒരു വിഭാഗം വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും സാധാരണ നിക്ഷേപകര്‍ ഇപ്പോള്‍ വിട്ടുനില്‍ക്കുന്നത് തന്നെയാകും ഉചിതം.

എന്തുകൊണ്ട് ഇപ്പോള്‍ ഓഹരി വിപണികളില്‍ നിക്ഷേപിക്കരുത്?

a. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ബിസിനസുകളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഇപ്പോഴത്തെ സുപ്രധാന ഘടകം കോവിഡ 19 തന്നെയാണ്. എന്ന് ലോകത്തിന് അതില്‍ നിന്ന് പുറത്തുകടക്കാനാകുമെന്ന് അറിയില്ല. രോഗബാധയുടെ വ്യാപ്തി എന്താകുമെന്നും പ്രവചിക്കാന്‍ പറ്റുന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും 'ഈ ഇരുണ്ട ഇടനാഴിക്കപ്പുറം ഒരു തുള്ളി വെളിച്ചം നമുക്ക് കാണാന്‍ സാധിച്ചേക്കു''മെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ലോകത്തിലെ സമ്പന്നവും വികസിതവുമായ രാജ്യങ്ങള്‍ കോവിഡ് ബാധയില്‍ നിന്ന് രക്ഷനേടാന്‍ വഴിയില്ലാതെ നില്‍ക്കുമ്പോള്‍ ആഗോള സമ്പദ് വ്യവസ്ഥയുടെ സ്ഥിതി പരമദയനീയമാണ്. കോവിഡ് 19ന്റെ വ്യാപനത്തിന്റെ തോത് ആശ്രയിച്ചാകും ആഗോള ബിസിനസുകളുടെ സ്ഥിതിയും. അതുകൊണ്ട് വിപണികള്‍ ഇനിയും താഴില്ല എന്ന ധാരണ തെറ്റാണ്. പൊതുജനാരോഗ്യ പ്രശ്‌നമായതിനാല്‍ കോവിഡ് സൃഷ്ടിക്കുന്ന പ്രത്യാഘാതം ഏറെ ആഴത്തിലുള്ളതാകും.

b. ലോകമെമ്പാടുമുള്ള ബിസിനസുകള്‍ കോവിഡ് ബാധയ്ക്കു മുമ്പേ സമ്മര്‍ദ്ദത്തിലായിരുന്നു. ബ്രെക്‌സിറ്റ്, യു എസ് - ചൈന വ്യാപാര യുദ്ധം, തീവ്രവാദ ഭീഷണികള്‍, പ്രമുഖ രാഷ്ട്രത്തലവന്മാരുടെ തീവ്ര ദേശീയ നിലപാടുകള്‍ തുടങ്ങിയവയെല്ലാം ബിസിനസുകളെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയായിരുന്നു. അതുകൊണ്ട് തന്നെ ആഗോള സമ്പദ് വ്യവസ്ഥയില്‍ തളര്‍ച്ച പ്രകടമായിരുന്നു. കോവിഡ് 19 കൂടി വന്നതോടെ ലോകത്തിലെ എല്ലാ സമ്പദ് വ്യവസ്ഥകളും കനത്ത സമ്മര്‍ദ്ദത്തിലായി. ജനങ്ങളുടെ ആരോഗ്യ സംരംക്ഷണത്തിന് മാത്രമായി സര്‍ക്കാരുകളുടെ പരിഗണന. ഇതിനിടെ സാമ്പത്തിക രംഗത്തുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പോലും ആരും പരിഗണിക്കുന്നില്ല. ഇത് ഓഹരി വിപണികളിലുണ്ടാക്കുന്ന പ്രത്യാഘാതം ഇനിയും അറിയാനിരിക്കുന്നതേയുള്ളു.

c. ലോക വിപണികളില്‍ വന്‍തോതില്‍ ഇടിയുന്നത് ഇതാദ്യമായല്ല. മുന്‍കാലങ്ങളില്‍ അതില്‍ നിന്ന് വന്‍തോതില്‍ കരകയറിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വിഭിന്നമാണ്. കോവിഡ് മൂലം ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്രയശേഷി വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്ന് ജനങ്ങള്‍ കരകയറാന്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും എടുത്തേക്കുമെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ പറയുന്നത്. ഇത് കമ്പനികളുടെ വിറ്റുവരവിനെ വന്‍തോതില്‍ ബാധിക്കും. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും കമ്പനികള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചാലും ജനങ്ങളുടെ കൈയില്‍ പണമില്ലാതെ വിപണിയില്‍ പണം വരില്ല. കമ്പനികള്‍ ലാഭത്തിലാകില്ല. ഡിമാന്റും കുറയും ഉല്‍പ്പാദനവും കുറയും. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറല്‍ അത്ര ലളിതമല്ല. ഓഹരി വിലകള്‍ ഇനിയും താഴാനുള്ള ഒരു കാരണവും ഇതാകും.

d. കമ്പനികളുടെ കടഭാരമാണ് മറ്റൊരു പ്രധാന പ്രശ്‌നം. ലിസ്റ്റഡ് കമ്പനികളില്‍ പലതും വലിയ കടത്തിലാണ്. നിലവില്‍ ഓഹരികള്‍ കുത്തനെ താഴ്ന്നുപോയതോടെ ഈ ബിസിനസുകളുടെ സാരഥികള്‍, ഓഹരികള്‍ ഈട് വെച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത കടം തിരിച്ചുകൊടുക്കാനാകാതെ വിഷമിക്കുകയാണ്. പലരും 100 കോടി രൂപയ്ക്ക് 300 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ഈടായി നല്‍കിയിരിക്കുന്നത്. ഈട് നല്‍കിയ ഓഹരികളുടെ മൂല്യം ഇപ്പോള്‍ കുത്തനെ താഴ്ന്നു. അപ്പോള്‍ കടം നല്‍കിയവര്‍ കൂടുതല്‍ ഓഹരികള്‍ ടോപ്പ് അപ്പ് ചെയ്യാന്‍ ബിസിനസ് സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയാണ്. അത് നല്‍കുന്നതോടെ പല കമ്പനി സാരഥികളും മൈനര്‍ ഷെയര്‍ ഹോള്‍ഡേഴ്‌സായി മാറും. അതായത് കമ്പനികളുടെ നിയന്ത്രണം അവരുടെ കൈയില്‍ നിന്ന് പോകും. പല കമ്പനികളുടെ തകര്‍ച്ചക്കാവും ഇത് വഴി തെളിയിക്കുക.
ഇപ്പോഴത്തെ കുറഞ്ഞ വില കണ്ട് ഓഹരികള്‍ വാങ്ങാന്‍ ശ്രമിച്ചാല്‍ ആ കമ്പനികള്‍ തകര്‍ന്നാല്‍ നിക്ഷേപകന് എല്ലാം നഷ്ടമാകും.

e. വിദേശ പോര്‍ട്ട്‌ഫോളിയോ സ്ഥാപനങ്ങള്‍ രാജ്യത്തേക്ക് ഇനി പണം ഒഴുക്കാന്‍ സാധ്യത കുറവാണ്. പരമാവധി റിസ്‌ക് ഒഴിവാക്കി പണം മറ്റെവിടെയും നിക്ഷേപിക്കാതെ കൈയില്‍ വെയ്ക്കുകയാണ് എല്ലാവരും. അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയിലേക്ക് പണം വീണ്ടുമെത്താന്‍ കാലമെടുക്കും. വിപണിയുടെ പ്രകടനത്തെയും അത് ബാധിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News