ആവേശം കുറഞ്ഞു, റെക്കോഡിൽ തൊടാതെ വിപണി

മണപ്പുറം ഫിനാൻസ് ഓഹരി വില മൂന്നു ശതമാനം ഉയർന്നു

Update: 2023-06-19 05:35 GMT

ഓഹരികൾ ആവേശത്തോടെ തുടങ്ങിയെങ്കിലും താമസിയാതെ വിപണി മന്ദതയിലായി. സർവകാല റിക്കാർഡായ 18,887.6 മറികടക്കും എന്നു തോന്നിക്കും വിധം 18,881.45 വരെ നിഫ്റ്റി ഉയർന്നിട്ടു താഴോട്ടു നീങ്ങി. ഏഷ്യൻ രാജ്യങ്ങളിൽ ഓഹരികൾ താഴ്ചയിലായത് ഒരു കാരണമാണ്. ബാങ്ക് നിഫ്റ്റിയുടെ ചാഞ്ചാട്ടം നിഫ്റ്റിയുടെ ഉയർച്ചയ്ക്കു തടസവുമായി.

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നും മികച്ച മുന്നേറ്റം കാണിക്കുന്നുണ്ട്. ഹെൽത്ത് കെയർ, ഫാർമ, മെറ്റൽ മേഖലകൾ നല്ല കയറ്റത്തിലാണ്.

മണപ്പുറം കയറി 

മണപ്പുറം  ഫിനാൻസ് പ്രാെമാേട്ടർ വി.പി. നന്ദകുമാറിനെതിരെ  ഇഡി സമർപ്പിച്ച എഫ്.ഐ.ആർ കേരള ഹൈക്കോടതി റദ്ദാക്കി. വെള്ളിയാഴ്ച നാലര ശതമാനം ഉയർന്ന ഓഹരിവില ഇന്നു രാവിലെ മൂന്നു ശതമാനം കയറി 128 രൂപയിലെത്തി. ശ്രീറാം ഫിനാൻസിന്റെ 1390 കോടി രൂപയുടെ ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടു. ഓഹരിവില ഏഴു ശതമാനം കൂടി. 

ബോറാേസിൽ റിന്യൂവബിൾസ് ഓഹരി എട്ടു ശതമാനം വരെ ഉയർന്നു. പിന്നീട് താണു. സാമ്പത്തിക തിരിമറി ആരോപണം നേരിടുന്ന ഹീറോ മോട്ടോകോർപ് ഓഹരി വിറ്റൊഴിവാക്കാൻ ഒന്നിലേറെ ബ്രാേക്കറേജുകൾ ശിപാർശ ചെയ്തു. ഓഹരി രണ്ടു ശതമാനത്തോളം താണു.

രൂപ, ഡോളർ, സ്വർണം 

രൂപ കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിരക്കിൽ തന്നെ വ്യാപാരം തുടങ്ങി. ഡോളർ 81.93 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 82 രൂപയിലേക്കു കയറി. സ്വർണം ലോകവിപണിയിൽ 1955 ഡോളറിലേക്കു താണു. കേരളത്തിൽ പവൻ വില മാറ്റമില്ലാതെ 44,080 രൂപയിൽ തുടർന്നു.

Tags:    

Similar News