സെൻസെക്സ് റെക്കോഡ് ഉയരത്തിൽ, വിപണി ആവേശത്തിൽ

വാഹന എ.സി കമ്പനി ഓഹരികൾ കുതിക്കുന്നു

Update: 2023-06-21 05:14 GMT

Image : Canva

സെന്‍സെക്‌സ് രാവിലെ 10 നു മുന്‍പ് തന്നെ സര്‍വകാല റെക്കോഡ് മറികടന്നു. 63,588.34 ല്‍ തൊട്ട ശേഷം താണു. 2022 ഡിസംബര്‍ ഒന്നിന് 63,583.10 എന്ന റിക്കാര്‍ഡ് കുറിച്ച ശേഷം 137-ാമത്തെ വ്യാപാര ദിവസത്തിലാണു പുതിയ റെക്കോഡ്.

ട്രക്കുകളില്‍ കാബിന്‍ എസി ആക്കുമെന്ന മന്ത്രി ഗഡ്കരിയുടെ പ്രസ്താവനയെ തുടര്‍ന്ന് ഇന്നലെ 20 ശതമാനം ഉയര്‍ന്ന സുബ്രോസ് ഓഹരി ഇന്നു രാവിലെയും 20 ശതമാനം കയറി. വാഹന എസി വിപണിയില്‍ ഒന്നാം സ്ഥാനത്താണ് സുബ്രോസ്. ഇതേ ബിസിനസിലുള്ള അംബര്‍ എന്റര്‍പ്രൈസസിന്റെ ഓഹരി രാവിലെ മൂന്നര ശതമാനം ഉയര്‍ന്നു.

ശ്രീറാം ഫൈനാന്‍സ് ഓഹരി ഉയര്‍ന്നു

ശ്രീറാം ഫൈനാന്‍സ് ഓഹരി 14 ശതമാനം ഉയര്‍ന്നു. മൂന്നു ദിവസം കൊണ്ടു ശ്രീറാം ഓഹരിക്ക് 25 ശതമാനം കയറ്റമുണ്ടായി. ശ്രീറാമിലെ ഓഹരി നിക്ഷേപം മുഴുവന്‍ പിരമള്‍ എന്റര്‍പ്രൈസസ് വിറ്റു. ഓഹരികള്‍ വാങ്ങാന്‍ ഫണ്ടുകള്‍ മത്സരിക്കുകയായിരുന്നു. 8.34 ശതമാനം ഓഹരിയാണു പിരമളിനുണ്ടായിരുന്നത്. പിരമള്‍ എന്റര്‍പ്രൈസസിന്റെ ഓഹരിയും ഇന്നു 14 ശതമാനം വരെ ഉയര്‍ന്നു.

ആര്‍.വി.എന്‍.എല്‍ ഓഹരിക്ക് ക്ഷീണം

റഷ്യന്‍ കമ്പനിയുമായുള്ള സഖ്യം തകര്‍ന്നിട്ടില്ലെന്ന് റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍.വി.എന്‍.എല്‍) വിശദീകരിച്ചു. വന്ദേഭാരത് ട്രെയിന്‍ നിര്‍മാണ കരാര്‍ റഷ്യന്‍ കമ്പനിയുമായി സഖ്യമുണ്ടാക്കിയാണു നേടിയത്. സഖ്യം പൊളിഞ്ഞെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആര്‍.വി.എന്‍.എല്‍ ഓഹരി ഇന്നലെ ഇടിഞ്ഞിരുന്നു. കരാര്‍ നഷ്ടപ്പെടും എന്ന ഭീതിയിലായിരുന്നു അത്. കമ്പനി ഇന്നു പറയുന്നത് ഭീതി അനാവശ്യമാണെന്നാണ്. ആര്‍.വി.എന്‍.എല്‍ ഓഹരി ഇന്നു നാലു ശതമാനം കയറി.

വിവാദങ്ങളില്‍ പെട്ടു കിടക്കുന്ന സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരികള്‍ ഇന്ന് എട്ടു ശതമാനം ഉയര്‍ന്നു. കമ്പനിയുമായുള്ള ലയന നീക്കത്തില്‍ നിന്നു പിന്മാറുന്നില്ലെന്ന് സോണി കോര്‍പറേഷന്‍ വ്യക്തമാക്കിയതാണ് കാരണം. എഫ്.എ.സി.ടി ഓഹരി ഇന്നും കയറ്റത്തിലാണ്. ഒരു മാസത്തിനിടെ 44 ശതമാനം ഉയര്‍ന്ന ഓഹരി ഇന്നു രാവിലെ നാലര ശതമാനം കയറി.

രൂപ, ഡോളര്‍, സ്വര്‍ണം

രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 82.12 രൂപയിലാണു രാവിലെ. സ്വര്‍ണം ലോകവിപണിയില്‍ 1936 ഡോളറിലാണ്. കേരളത്തില്‍ പവന് 240 രൂപ കുറഞ്ഞ് 43,760 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

Tags:    

Similar News