ധനകാര്യ കമ്പനികളുടെ സ്‌റ്റോക്കുകള്‍ 6 ആഴ്ചക്കുള്ളില്‍ 26 ശതമാനം ഉയര്‍ന്നത് എങ്ങനെ?

ധനകാര്യ കമ്പനികളുടെ ഓഹരി വിലകള്‍ മുന്നേറിയതിന്റെ പിന്നിലെന്താണ് കാരണം?

Update: 2020-12-18 11:55 GMT

ധനകാര്യ കമ്പനികളുടെ ഓഹരി വിലകള്‍ ചിലത് കോവിഡിന് മുമ്പുണ്ടായിരുന്ന അവരുടെ വിലയേക്കാള്‍ ഉയര്‍ന്ന നിലയില്‍ എത്തിയതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചിക വെറും ആറ് ആഴ്ച്ച കൊണ്ട് 28 ശതമാനം നേട്ടം കൈവരിച്ചതായി മിന്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ബാങ്കിംഗ് സൂചികയും ഇതേ പോലെ നേട്ടം കൈവരിച്ചു.

ഇതേ പോലെ നിഫ്റ്റിയും നേട്ടങ്ങള്‍ കൈവരിക്കുണ്ടെങ്കിലും ഫിനാന്‍ഷ്യല്‍ സ്‌റ്റോക്കുകള്‍ ഉയരുന്നതിന്റെ കാരണം ലിക്യുഡിറ്റി മാത്രമല്ല എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.


പ്രതീക്ഷിച്ചതിലും കുറഞ്ഞ പ്രശ്ങ്ങള്‍ ആണ് കൊറോണ മഹാമാരി ഇപ്പോള്‍ സൃഷ്ടിക്കുന്നുവെന്നതും വിചാരിച്ചതിലും വേഗത്തില്‍ ഉള്ള സാമ്പത്തിക കരകയറ്റവുമാണ് ഫിനാന്‍ഷ്യല്‍ ഓഹരികളില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിന് കാരണം.

ആഗോളതലത്തിലുള്ള ലിക്യുഡിറ്റിയും ഡോളര്‍ വരവിന്റെ വര്‍ധനവും ബുള്ളിഷ് ട്രെന്‍ഡിന്റെ കാരണമായി കണക്കാക്കപ്പെടുന്നുണ്ട്.

കൊറോണ കാരണമുള്ള തടസ്സമുണ്ടായിട്ടും ബാങ്കുകളും നോണ്‍ബാങ്കിംഗ് ധനകാര്യ കമ്പനികളും (എന്‍ബിഎഫ്‌സി) തങ്ങളുടെ ലാഭത്തില്‍ നേട്ടമുണ്ടാക്കി. കോവിഡ് 19 വായ്പാ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചെങ്കിലും, കടം കൊടുക്കുന്നവരുടെ ബാലന്‍സ് ഷീറ്റുകളില്‍ ഇതിന്റെ പ്രതിഫലനം വലുതായി ഉണ്ടായിട്ടില്ലെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.

മിക്കവാറും എല്ലാ ബാങ്കുകളും വലിയ എന്‍ബിഎഫ്‌സികളും തങ്ങളുടെ കളക്ഷന്റെ കാര്യത്തില്‍ നല്ല രീതിയില്‍ മുന്നേറ്റം കൈവരിച്ചു. കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് അനലിസ്റ്റുകള്‍ പറഞ്ഞത് ചെറുകിട ബിസിനസ്സുകളില്‍ നിന്നും ബാങ്കുകള്‍ക്ക് ചില സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും വലിയ കോര്‍പ്പറേറ്റ് വായ്പകളില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല.

ബജാജ് ഫിനാന്‍സ് ലിമിറ്റഡും എച്ച്ഡിഎഫ്‌സി ലിമിറ്റഡും തങ്ങളുടെ കോവിഡിന് മുമ്പുള്ള വില മറികടന്നപ്പോള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, പിരമല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡ് എന്നിവരുടെ സ്‌റ്റോക്ക് വില ഇപ്പോഴും കോവിഡിന് മുമ്പുള്ള സ്ഥിതിയെക്കാള്‍ കുറവാണ്.

കേരളം ആസ്ഥാനമായുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി വിലയും ഈ കാലയളവില്‍ വളര്‍ച്ച രേഖപ്പെടുത്തി. മാര്‍ച്ച് 23നു 508 രൂപയിലേക്കു കൂപ്പുകുത്തിയ സ്‌റ്റോക്ക് ജൂലൈ 28 ആയപ്പോഴേക്കും 1405 എന്ന നിലയിലേക്ക് ഉയര്‍ന്നു. ഇന്ന് (ഡിസംബര്‍ 18) മുത്തൂറ്റ് സ്‌റ്റോക്ക് 1213 രൂപയില്‍ ആണ് എന്‍ എസ് ഈയില്‍ 1.30നു വ്യാപാരം നടക്കുന്നത്.
അതെ സമയം മണപ്പുറം ഫിനാന്‍സ് സ്‌റ്റോക്കും വില ഇടിഞ്ഞു 79 രൂപ എത്തിയിരുന്നു മാര്‍ച്ച് 23നു പക്ഷെ ജൂലൈ 28 ആയപ്പോഴേക്കും 182 രൂപ എന്ന നിലയില്‍ തിരിച്ചു വരവ് നടത്തി. ഇന്ന് 1.30നു എന്‍ എസ് ഈയില്‍ മണപ്പുറത്തിന്റെ സ്‌റ്റോക്ക് വ്യാപാരം നടക്കുന്നത് 173 രൂപ എന്ന നിലയിലാണ്.

വലിയ ബാലന്‍സ് ഷീറ്റുകളുള്ള വായ്പ നല്‍കുന്ന കമ്പനികളുടെ നേട്ടങ്ങള്‍ വളരെ കൂടുതല്‍ ആണെന്ന് ഇതില്‍ നിന്നും മനസിലാക്കാം. ബജാജ് ഫിനാന്‍സിന്റെ ഓഹരികള്‍ ചൊവ്വാഴ്ച അവരുടെ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തി.


എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ് ഓഹരി വില കോവിഡിന് മുമ്പത്തെ നിലയില്‍ നിന്നും 12 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. അതെ സമയം എതിരാളികളായ ഐസിഐസിഐ ബാങ്ക് ലിമിറ്റഡും ആക്‌സിസ് ബാങ്ക് ലിമിറ്റഡും ഇതുവരെ അത് പോലെ ഒരു ഉയര്‍ച്ചയില്‍ എത്തിയില്ല.

മാര്‍ക്കറ്റ് റാലിയില്‍ വൈകി പ്രവേശിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ അവരുടെ കോവിടിന്റെ മുമ്പുള്ള നിലയില്‍ എത്തിയിട്ടില്ല. എന്നാല്‍ പണലഭ്യത കണക്കിലെടുത്ത് ഈ ബാങ്കുകളുടെ ഓഹരികള്‍ ഉടന്‍ തന്നെ ഉയരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഈ റാലി എത്ര നാള്‍ നിലനില്‍ക്കുമെന്നാണ് പല വിദഗ്ധര്‍ക്കും ഇപ്പോഴുള്ള പ്രധാന ആശങ്ക. കോവിഡിന് ഒരു വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് എല്ലാം ലഭ്യമാകും വിധം വരുന്ന ഒരു സാഹചര്യത്തില്‍ മാത്രമേ മഹാമാരിയില്‍ നിന്നും പൂര്‍ണ രക്ഷ നേടിയതായി കണക്കാക്കാന്‍ കഴിയു എന്നവര്‍ ചൂണ്ടിക്കാട്ടുന്നു. അത് വരെ സ്‌റ്റോക്കില്‍ ഉണ്ടാകുന്ന അതിശയകരമായ ഉയര്‍ച്ച അപകടത്തിന്റെ സൂചന കൂടി നല്‍കുന്നുണ്ടെന്ന് നിക്ഷേപകര്‍ ശ്രദ്ധിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.


Tags:    

Similar News