ഓഹരികളുടെ വില നിർണയിക്കുന്നത് എങ്ങനെ?
അറിയാം ബിഡ്, ആസ്‌ക് പ്രൈസുകളും മാർക്കറ്റ് ഓർഡറും
ബിഡ് പ്രൈസ്, ആസ്‌ക് പ്രൈസ് എന്നിങ്ങനെ കേട്ടിട്ടുണ്ട്. ഇവ എന്താണെന്ന് വിശദമാക്കാമോ?
ഓഹരിവില നിര്‍ണയത്തിലെ സുപ്രധാന ഘടകങ്ങളാണ് ബിഡ് പ്രൈസ്, ആസ്‌ക് പ്രൈസ് എന്നിവ. ഓഹരി വാങ്ങുന്നയാള്‍ (ബയര്‍) ഒരു കമ്പനിയുടെ ഓഹരി വാങ്ങാന്‍ ഓരോ ഓഹരിക്കും (Price per share) ചെലവിടുന്ന ഉയര്‍ന്ന തുകയാണ് ബിഡ് പ്രൈസ് (Bid Price). നേരേമറിച്ച്, ഓഹരി വില്‍ക്കുന്നയാള്‍ (സെല്ലര്‍), ഓഹരി വില്‍ക്കുന്ന ഏറ്റവും കുറഞ്ഞതുകയാണ് ആസ്‌ക് പ്രൈസ് (Ask Price) അഥവാ ഓഫര്‍ പ്രൈസ് (Offer Price).
ബിഡ് പ്രൈസും ആസ്‌ക് പ്രൈസും തമ്മിലെ വ്യത്യാസം 'സ്‌പ്രെഡ്' (Spread) എന്ന് അറിയപ്പെടുന്നു. എപ്പോഴാണ് ബിഡ്, ആസ്‌ക് പ്രൈസ് തുല്യമാകുന്നത്, അപ്പോള്‍ ഓഹരിവില്‍പന നടക്കും. കൂടാതെ, ആ വില്‍പന നടന്ന വിലയായിരിക്കും ഓഹരിയുടെ പുതിയ വില.
നമുക്ക് ഒരു ഉദാഹരണം നോക്കാം (ചിത്രം കാണുക). ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഓഹരികളുടെ വിപണി കണക്കാണ് ചിത്രത്തിലുള്ളത്. ഇടതുവശത്ത് (നീല) ഓഹരികള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ മുന്നോട്ടുവച്ച ഓഹരികളുടെ എണ്ണവും വിലയുമാണ്. വലതുവശത്ത് ഓഹരിവില്‍ക്കുന്നവര്‍ മുന്നോട്ടുവച്ച ഓഹരികളും വിലയും.
ഇതില്‍ ബയര്‍ ഓഹരിയൊന്നിന് നല്‍കാനുദ്ദേശിക്കുന്ന ഏറ്റവും ഉയര്‍ന്ന ബിഡ് പ്രൈസ് 210.45 രൂപയാണെന്ന് കാണാം. അതേസമയം, സെല്ലര്‍ വില്‍ക്കാനുദ്ദേശിക്കുന്ന ഏറ്റവും കുറഞ്ഞ ഓഫര്‍ (ആസ്‌ക്) പ്രൈസ് ഓഹരിയൊന്നിന് 210.55 രൂപ. ഇതില്‍ ഇവ തമ്മിലെ വ്യത്യാസം അഥവാ സ്‌പ്രെഡ് എന്നത് 0.10 രൂപയാണ്. കണക്ക് നോക്കാം:
സ്‌പ്രെഡ് = ബിഡ് പ്രൈസ്-ആസ്‌ക് പ്രൈസ്
= 210.55-210.45
= 0.10
ഒരാള്‍ ഓഹരിയൊന്നിന് 210.55 രൂപ വീതം ഹിന്ദുസ്ഥാന്‍ സിങ്കിന്റെ 100 ഓഹരികള്‍ വാങ്ങാന്‍ ബിഡ് ചെയ്യുന്നു എന്ന് കരുതുക. ചിത്രത്തില്‍ വലതുവശത്ത് സൂചിപ്പിച്ചത് പോലെ, ഈ തുകയ്ക്ക് പരമാവധി 188 ഓഹരികള്‍ വില്‍ക്കാന്‍ സെല്ലറുണ്ട്. അതായത്, ബിഡ് ചെയ്തത് പോലെ 100 ഓഹരികളുടെ വില്‍പന അവിടെ സാദ്ധ്യമാണ്.
ഇനിയിപ്പോള്‍ ഒരു സെല്ലര്‍ 100 ഓഹരികള്‍ ഒന്നിന് 210.45 രൂപയ്ക്ക് വീതം വില്‍ക്കാന്‍ ഓഫര്‍ (ആസ്‌ക്) പ്രൈസ് മുന്നോട്ടുവയ്ക്കുന്നു എന്നിരിക്കട്ടെ. ആ വിലയ്ക്ക് വാങ്ങാന്‍ ബയറുണ്ടെന്ന് ചിത്രത്തില്‍ കാണാം. അവിടെയും ഓഹരി വില്‍പന ഇടപാട് നടക്കുന്നു. അതായത്, അവിടെ ഓഹരികളുടെ വിലയായി 210.45 രൂപ മാറുകയാണ്.
എന്താണ് മാര്‍ക്കറ്റ് ഓര്‍ഡര്‍, ലിമിറ്റ് ഓര്‍ഡര്‍ എന്നിവ?
ഓഹരികള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും മുന്നോട്ടുവയ്ക്കുന്ന ഓര്‍ഡറുകളാണിവ. ഒരു ഓര്‍ഡര്‍ വയ്ക്കുമ്പോള്‍ ആ സമയത്തെ വിലയ്ക്ക് നടക്കുന്ന വാങ്ങലോ വില്‍ക്കലോ ആണ് മാര്‍ക്കറ്റ് ഓര്‍ഡര്‍ (Market Order). അതായത്, ഓഹരി വ്യാപാരം അവിടെ ഉറപ്പായും നടക്കുന്നു. പക്ഷേ, അത് ഒരു പ്രത്യേക വിലയില്‍ തന്നെയാകണം എന്നില്ല. നിങ്ങള്‍ ഒരു കമ്പനിയുടെ 100 ഓഹരികള്‍ വാങ്ങുന്നു എന്നിരിക്കട്ടെ, 100 ഓഹരികളും വെവ്വേറെയായാകും നിങ്ങള്‍ക്ക് വാങ്ങാനായേക്കുക, വിലയും വെവ്വേറെയായിരിക്കും.
ചിത്രം നോക്കുക. നിങ്ങള്‍ ഹിന്ദുസ്ഥാന്‍ സിങ്കിന്റെ 200 ഓഹരികള്‍ വാങ്ങാനുദ്ദേശിക്കുന്നു. കമ്പനിയുടെ ഓഹരികളുടെ വിപണിയിലെ ലഭ്യത എങ്ങനെയെന്ന് ചിത്രത്തില്‍ കാണാം. നിങ്ങള്‍ 200 ഓഹരികള്‍ വാങ്ങാന്‍ ശ്രമിക്കുമ്പോള്‍, വ്യത്യസ്തമായ വിലയ്ക്കായിരിക്കും അവ ലഭിക്കുകയെന്ന് കാണാം.
അതായത് (ചിത്രം കാണുക) നിങ്ങള്‍ക്ക് 188 ഓഹരികള്‍ ഒന്നിന് 210.55 രൂപയ്ക്ക് വീതം ലഭിക്കും. ആ തുകയ്ക്ക് ലഭിക്കാവുന്ന പരമാവധി ഓഹരികളുടെ എണ്ണം 188 ആണെന്ന് വലതുവശത്തെ കണക്കില്‍ നിന്ന് മനസിലാക്കാം. ഒന്നിന് 210.60 രൂപയ്ക്ക് 5 ഓഹരികള്‍ ലഭിക്കും. 7 ഓഹരികള്‍ ഒന്നിന് 210.65 രൂപയ്ക്ക് വീതവും ലഭിക്കുന്നു. വില പരിഗണിക്കാതെ, ഓഹരി വില്‍ക്കലോ വാങ്ങലോ അതിവേഗം നടത്തുന്നുതിനെയാണ് മാര്‍ക്കറ്റ് ഓര്‍ഡര്‍ എന്ന് പറയുന്നത് എന്ന് ഇതില്‍ നിന്ന് മനസിലാക്കാനാകും.
ലിമിറ്റ് ഓര്‍ഡര്‍
ബയര്‍ ഓഹരിക്ക് നിശ്ചിതവിലയേക്കാള്‍ കൂടുതല്‍ നല്‍കാന്‍ തയ്യാറാകാതിരിക്കുകയും സെല്ലര്‍ നിശ്ചിതവിലയേക്കാള്‍ കുറഞ്ഞവിലയ്ക്ക് വില്‍ക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ ലിമിറ്റ് ഓര്‍ഡര്‍ (Limit Order) ആണ് വിപണിയില്‍ വച്ചത് എന്ന് പറയാം. അതായത്, ലിമിറ്റ് ഓര്‍ഡറില്‍ ഒരു വില വ്യക്തമാക്കിയിട്ടുണ്ടാകും. അതാണ് ലിമിറ്റ് പ്രൈസ്. ഓഹരിയുടെ വിപണിവില ലിമിറ്റ് വിലയ്ക്ക് തുല്യമാകുമ്പോഴോ അതിനുള്ളില്‍ വരുമ്പോഴോ മാത്രമേ അവിടെ ഓഹരി വാങ്ങല്‍/വില്‍ക്കല്‍ ഇടപാട് നടക്കൂ.
ചിത്രം നോക്കൂ. നിങ്ങള്‍ ഹിന്ദുസ്ഥാന്‍ സിങ്കിന്റെ 200 ഓഹരികള്‍ ഒന്നിന് 210.60 രൂപയ്ക്ക് വീതം വാങ്ങാനാഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് 210.60 രൂപ ലിമിറ്റ് പ്രൈസ് ആയി നിശ്ചയിച്ച് ലിമിറ്റ് ഓര്‍ഡര്‍ വയ്ക്കാം. നിങ്ങള്‍ ചെലവിടാന്‍ ഉദ്ദേശിക്കുന്ന പരമാവധി വിലയാണിത്. ഇതില്‍ കൂടുതല്‍ നല്‍കാന്‍ നിങ്ങള്‍ തയ്യാറല്ല.
അപ്പോള്‍, 188 ഓഹരികള്‍ നിങ്ങള്‍ക്ക് ഒന്നിന് 210.55 രൂപയ്ക്ക് വീതം കിട്ടും. 5 ഓഹരികള്‍ 210.60 രൂപയ്ക്ക് വീതവും നിങ്ങള്‍ക്ക് ലഭിക്കും. ബാക്കിയുള്ള 7 ഓഹരികള്‍ക്ക് വില നിങ്ങളുടെ ലിമിറ്റ് പ്രൈസിനേക്കാള്‍ കൂടുതലാണ്. ഏതെങ്കിലും സെല്ലര്‍ നിങ്ങളുടെ ലിമിറ്റ് പ്രൈസിനുള്ളില്‍ വില്‍ക്കാന്‍ തയ്യാറായി വന്നാല്‍ മാത്രമേ നിങ്ങള്‍ക്കത് വാങ്ങാനാകൂ.
ഓഹരികള്‍ക്ക് നിശ്ചിതവിലയേക്കാള്‍ കൂടുതല്‍ വില നല്‍കുന്നതില്‍ നിന്ന് ബയറെ സഹായിക്കുന്നതാണ് ലിമിറ്റ് പ്രൈസ് എന്ന് നമുക്ക് കാണാം. അതുപോലെ, ഓഹരി നിശ്ചിതവിലയേക്കാള്‍ കുറഞ്ഞവിലയ്ക്ക് വില്‍ക്കേണ്ടുന്ന അവസ്ഥയില്‍ നിന്ന് സെല്ലറെ സംരക്ഷിക്കുന്നതുമാണ് ലിമിറ്റ് പ്രൈസ്.
അതേസമയം, ലിമിറ്റ് ഓര്‍ഡറിലെ റിസ്‌ക് എന്തെന്നാല്‍ ലിമിറ്റ് പ്രൈസിന് അനുസരിച്ച് ഓഹരി വ്യാപാരം നടക്കുന്നില്ലായെങ്കില്‍ നിങ്ങള്‍ മുന്നോട്ടുവച്ച ലിമിറ്റ് ഓര്‍ഡര്‍ അസാധുവായി മാറും.