തട്ടിപ്പ് നിക്ഷേപ പദ്ധതികളെ തിരിച്ചറിയാം

Update:2019-04-08 15:00 IST

ഡോ. ജുബൈർ ടി.

പോണ്‍സി നിക്ഷേപ പദ്ധതികള്‍ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ 'ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ഓര്‍ഡിനന്‍സ് 2019' ഫെബ്രുവരി 21 നു രാഷ്ട്രപതി ഒപ്പു വെച്ചു.

എന്നാല്‍ നിരോധനങ്ങള്‍ കൊണ്ട് മാത്രം ഇത്തരം വ്യാജ നിക്ഷേപ പദ്ധതികള്‍ക്ക് തടയിടാനാവില്ല. നിക്ഷേപ പദ്ധതികള്‍ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള കഴിവ് ജനങ്ങള്‍ തന്നെ ആര്‍ജ്ജിക്കേണ്ടതുണ്ട്.

അമിത ലാഭം വാഗ്ദാനം നല്‍കി നിക്ഷേപങ്ങള്‍ സ്വീകരിച്ച് കബളിപ്പിച്ച സംഭവങ്ങള്‍ കേരളത്തില്‍ പുത്തരിയല്ല. ആട്തേക്ക്മാഞ്ചിയം തുടങ്ങി ടോട്ടല്‍ ഫോര്‍ യു മുതലായവയിലൂടെ ആയിരക്കണക്കിന് ആളുകളുടെ സമ്പാദ്യങ്ങള്‍ കവര്‍ന്ന പോണ്‍സി നിക്ഷേപ പദ്ധതികള്‍ നിരവധിയുണ്ടായിട്ടുണ്ട് കേരളത്തില്‍.

ഈ അടുത്ത കാലത്തായി കോഴിക്കോട് കേന്ദ്രമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹീരാ ഗ്രൂപ്പിന്റെ ഇസ്ലാമിക നിക്ഷേപ തട്ടിപ്പിലെത്തി നില്‍ക്കുന്നു. പലിശരഹിത ലാഭവിഹിതം നല്‍കുമെന്ന് പറഞ്ഞുകൊണ്ട് നടത്തിയ ഹീരാ ഗ്രൂപ്പിന്റെ ഈ നിക്ഷേപ പദ്ധതിയില്‍ ഒട്ടേറെ ഇസ്ലാംമത വിശ്വാസികള്‍ പണം നിക്ഷേപിച്ചു വഞ്ചിക്കപ്പെട്ടു.

താരതമ്യേന കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള ആളുകള്‍ നടത്തുന്ന ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങുന്ന ആളുകളില്‍ നല്ലൊരു ശതമാനവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവരാണ് എന്ന് കാണാം.

ഇന്ത്യയില്‍ വ്യക്തിഗത സാമ്പത്തിക കാര്യങ്ങളില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്കു പോലും വേണ്ടത്ര സാക്ഷരത ഇല്ലെന്ന പഠന റിപ്പോര്‍ട്ടുകള്‍ ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. ഈ ഒരു സാഹചര്യത്തില്‍ എന്താണ് പോണ്‍സി നിക്ഷേപങ്ങള്‍, അവയെ എങ്ങനെ തിരിച്ചറിയാം, പോണ്‍സി നിക്ഷേപങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്നെല്ലാം മനസിലാക്കുന്നത് നന്നായിരിക്കും.

പോണ്‍സി നിക്ഷേപ പദ്ധതികള്‍ എന്നാലെന്താണ്?

കുറഞ്ഞ നഷ്ട സാധ്യതയും യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത ഉയര്‍ന്ന വരുമാനവും നിക്ഷേപ വളര്‍ച്ചയും വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളാണ് പോണ്‍സി നിക്ഷേപങ്ങള്‍. 1919ല്‍ അമേരിക്കയില്‍ ഇത്തരം ഒരു നിക്ഷേപ പദ്ധതി നടത്തി ശിക്ഷിക്കപ്പെട്ട ചാള്‍സ് പോണ്‍സി എന്ന ഇറ്റലി സ്വദേശിയായ വ്യക്തിയുടെ പേരില്‍ നിന്നാണ് പോണ്‍സി എന്ന പദം ഉരുത്തിരിഞ്ഞ് വന്നത്.

തുടക്കത്തില്‍ നിക്ഷേപകരുടെ പണത്തില്‍ നിന്ന് തന്നെ ഒരംശം എടുത്ത് ഉയര്‍ന്ന ലാഭവിഹിതം നല്‍കിത്തുടങ്ങുന്ന ഇത്തരം പദ്ധതികള്‍ അതുകൊണ്ടു തന്നെ പെട്ടെന്ന് ജനപ്രീതിയാര്‍ജ്ജിക്കുന്നു. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞാല്‍ വരുമാനം നിലയ്ക്കുകയും നിക്ഷേപകര്‍ക്ക് തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന് മനസിലാകുകയും ചെയ്യും.

ചില പദ്ധതികളില്‍ ആദ്യകാലത്ത് ചേരുന്നവര്‍ക്ക് ഉയര്‍ന്ന വരുമാനം ലഭിക്കുമ്പോള്‍ പിന്നീട് നിക്ഷേപിക്കുന്നവരുടെ പണം മുഴുവന്‍ നഷ്ടമാവുന്നു. മികച്ച ശമ്പളം ലഭിക്കുമെന്നറിഞ്ഞ് മറ്റ് ജോലികള്‍ ഉപേക്ഷിച്ച് ഇത്തരം സ്ഥാപനങ്ങളില്‍ ജോലിക്ക് കയറിയവരും ഒടുവില്‍ പ്രതിക്കൂട്ടിലാവും.

എങ്ങനെ തിരിച്ചറിയാം?

പോണ്‍സി നിക്ഷേപങ്ങളെ തിരിച്ചറിയാനുള്ള ലക്ഷണങ്ങളും ചതിയില്‍ പെടാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും എന്തൊക്കെയാണെന്ന് നോക്കാം.

ഉയര്‍ന്ന വരുമാനവും കുറഞ്ഞ നഷ്ട സാധ്യതയും: നിലവിലുള്ള നിക്ഷേപ പദ്ധതികളേക്കാളേറെ വരുമാനവും കുറഞ്ഞ നഷ്ട സാധ്യതയും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. നഷ്ട സാധ്യതയില്ലാതെ പത്ത് ശതമാനത്തിലധികം വാര്‍ഷിക വരുമാനം നല്‍കാമെന്ന് ഉറപ്പ് നല്‍കുന്ന ഒരു നിക്ഷേപ പദ്ധതിയും സത്യമല്ല. നഷ്ട സാധ്യതയില്ലാത്ത ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ പരമാവധി എട്ട് ശതമാനം പലിശ നല്‍കുമ്പോള്‍ നഷ്ടസാധ്യത കൂടുതലുള്ള ഓഹരികളില്‍ നിന്ന് പോലും പരമാവധി ഇരുപത് ശതമാനം വാര്‍ഷിക നേട്ടമേ പ്രതീക്ഷിക്കപ്പെടുന്നുള്ളൂ.

യുക്തിക്കു നിരക്കാത്ത കച്ചവട ആശയങ്ങള്‍: ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള മിക്കവാറും എല്ലാ നിക്ഷേപ തട്ടിപ്പുകളുടെയും പുറകിലുള്ള കച്ചടവട സാധ്യതകള്‍ സാമാന്യ യുക്തിക്ക് നിരക്കുന്നവയായിരുന്നില്ല എന്ന് കാണാം. അതു കൊണ്ട് തന്നെ, വാഗ്ദാനം ചെയ്യപ്പെടുന്ന നിക്ഷേപങ്ങള്‍ക്ക് പുറകിലുള്ള കച്ചവടത്തിന്റെ സാധ്യതകളെക്കുറിച്ച് ചിന്തിക്കുക. അങ്ങനെ ഒരു കച്ചവടം നിങ്ങള്‍ നടത്തിയാല്‍ നഷ്ട സാധ്യതയില്ലാതെ ഇത്രമാത്രം വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ടോ എന്ന് ആലോചിക്കുക.

റെഗുലേറ്ററി ബോഡികളില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍: ഇന്ന് ഇന്ത്യയില്‍ ലഭ്യമായ യഥാര്‍ത്ഥ നിക്ഷേപ പദ്ധതികളെല്ലാം കൈകാര്യം ചെയ്യുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെബി, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം മുതലായവയാല്‍
നിയന്ത്രിക്കപ്പെടുന്ന സ്ഥാപനങ്ങളാണ്. എന്നാല്‍ പോണ്‍സി നിക്ഷേപ പദ്ധതികള്‍ ഇവയിലൊന്നും രജിസ്റ്റര്‍ ചെയ്തവയാവില്ല.

നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പദ്ധതിയുടെ അംഗീകാരം സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെടുകയും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് അവ ശരിയാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.

ഇടനിലക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉയര്‍ന്ന പ്രതി ഫലം: നിക്ഷേപ പദ്ധതിയിലേക്ക് ആളുകളെ ചേര്‍ത്ത് തരുന്നവര്‍ക്ക് ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ അത് പോണ്‍സി നിക്ഷേപത്തിന്റെ ലക്ഷണമാണ്. സമാന മേഖലയില്‍ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ സ്ഥാപനങ്ങളില്‍ ജോലിക്ക് ചേരുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്. ഒടുവില്‍ പദ്ധതി നടത്തിപ്പുകാരന്‍ മുങ്ങിയാല്‍ നിക്ഷേപകരോട് നിങ്ങള്‍ മറുപടി പറയേണ്ടി വരും.

നിക്ഷേപം പണമായി സ്വീകരിക്കല്‍: മിക്കവാറും എല്ലാ പോണ്‍സി പദ്ധതികളും നിക്ഷേപ തുക പണമായി സ്വീകരിക്കുന്നവയാണ്. എന്നാല്‍ ഈ അടുത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില പോണ്‍സി നിക്ഷേപങ്ങള്‍ അവ വിശ്വാസ യോഗ്യമാണെന്നു വരുത്താന്‍ ഓണ്‍ലൈന്‍ ആയും തുക സ്വീകരിക്കുകയുണ്ടായി. ഏത് നിക്ഷേപമായാലും നിക്ഷേപ തുക ചെക്ക് ആയോ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ആയോ മാത്രം നല്‍കുന്നത് ശീലമാക്കുക.

പലിശ രഹിത നിക്ഷേപങ്ങള്‍: ഇസ്ലാം മത വിശ്വാസികളെ ആകര്‍ഷിക്കാന്‍ ഇസ്ലാമിക് ബാങ്കിംഗ്, പലിശ രഹിത നിക്ഷേപങ്ങള്‍ എന്നിങ്ങനെയുള്ള പേരുകളില്‍ നിക്ഷേപ പദ്ധതികള്‍ നടത്തുന്നവരുണ്ട്. ഇസ്ലാമിക കര്‍മ്മ ശാസ്ത്രമോ ഇന്ത്യയിലെ നിയമങ്ങളോ പാലിക്കപ്പെടാതെ നടത്തുന്ന ഇത്തരം നിക്ഷേപ പദ്ധതികളില്‍ ചെന്ന് ചാടാതിരിക്കാന്‍ ഇന്ത്യയില്‍ ഇന്ന് നിയമാനുസൃതമായ ഇസ്ലാമിക നിക്ഷേപങ്ങളെക്കുറിച്ചുള്ള പഠനം അനിവാര്യമാണ്. ഇസ്ലാമിക കര്‍മ്മ ശാസ്ത്രം അനുസരിച്ച് നിക്ഷേപയോഗ്യമായ ഇക്വിറ്റി ഷെയറുകളില്‍ നേരിട്ടോ ശരീഅത്ത് മ്യുച്ചല്‍ ഫണ്ടുകള്‍ വഴിയോ നിക്ഷേപിക്കാവുന്ന സെബി അംഗീകൃതമായ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുക.

(കോടഞ്ചേരി ഗവണ്‍മെന്റ് കോളെജ് പി ജി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

Similar News