പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍ വര്‍ധന
മേഖലാടിസ്ഥാനത്തില്‍, പ്രത്യക്ഷ നികുതി കലക്ഷനില്‍ കൊച്ചി 134 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി
സാമ്പത്തിക മേഖല തിരിച്ചുകയറിത്തുടങ്ങിയതോടെ നികുതി (Tax) വരുമാനത്തിലും വര്‍ധന. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 15 വരെയുള്ള കണക്കുകള്‍ പ്രകാരം പ്രത്യക്ഷ നികുതി പിരിവ് 51 ശതമാനം ഉയര്‍ന്ന് 2.8 ലക്ഷം കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ പ്രത്യക്ഷ നികുതി വരുമാനം 1.85 ലക്ഷം കോടി രൂപയായിരുന്നു.
ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയുള്ള കാലയളവില്‍ അഡ്വാന്‍സ് നികുതി വരുമാനം 49 ശതമാനം വര്‍ധിച്ച് 42,680 കോടി രൂപയുമായി. കഴിഞ്ഞ കാലയളവില്‍ 28,779 കോടി രൂപയായിരുന്നു അഡ്വാന്‍സ് നികുതി വരുമാനം. അഡ്വാന്‍സ് നികുതിയില്‍ കോര്‍പ്പറേറ്റ് നികുതി 45 ശതമാനം വര്‍ധിച്ച് 26,798 കോടി രൂപയായി. മുന്‍വര്‍ഷം 18,357 കോടി രൂപയായിരുന്നു ഇത്. അഡ്വാന്‍സ്ഡ് വ്യക്തിഗത ആദായനികുതി 52 ശതമാനം വര്‍ധിച്ച് 15,881 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 10,422 കോടി രൂപയായിരുന്നു.
മേഖലാടിസ്ഥാനത്തില്‍, പ്രത്യക്ഷ നികുതി പിരിവില്‍ കൊച്ചി 134 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുംബൈയില്‍ 60 ശതമാനവും ഡല്‍ഹിയില്‍ 57 ശതമാനവും വര്‍ധനവുണ്ടായി. ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയുള്ള കാലയളവില്‍ ബംഗളൂരുവില്‍ നിന്നുള്ള പ്രത്യക്ഷ നികുതി പിരിവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 57 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞസാമ്പത്തിക വര്‍ഷത്തില്‍ അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ വന്‍ കുതിപ്പാണുണ്ടായത്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 9.45 ലക്ഷം കോടി രൂപയില്‍ നിന്ന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അറ്റ പ്രത്യക്ഷ നികുതി പിരിവ് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 14.09 ലക്ഷം കോടിയിലെത്തിയിരുന്നു.