ഹ്യുണ്ടായ് ഐ.പി.ഒയ്ക്ക് നാളെ തുടക്കം, രാജ്യത്തെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയില്‍ പങ്കാളിയാകുന്നോ?

ഗ്രേ മാര്‍ക്കറ്റ് പ്രീമിയവും മറ്റ് വിശദാംശങ്ങളും നോക്കാം

Update:2024-10-14 19:00 IST

നിക്ഷേപകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഐ.പി.ഒയ്ക്ക് നാളെ തുടക്കമാകും. രാജ്യത്ത് ഇതു വരെയുണ്ടായതില്‍ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കാണ് (ഐ.പി.ഒ) വിപണി സാക്ഷ്യം വഹിക്കുക. 2022ല്‍ നടന്ന എല്‍.ഐ.സിയുടെ 21,000 കോടി രൂപ സമാഹരിച്ച ഐ.പി.ഒയുടെ റെക്കോഡ് ഇതോടെ പഴങ്കഥയാകും. 3.3 ബില്യണ്‍ അതായത് 27,870.2 കോടി രൂപ സമാഹരണമിട്ട് നടത്തുന്ന ഹ്യുണ്ടായ് ഐ.പി.ഒയില്‍ ഓഫര്‍ ഫോര്‍ സെയില്‍ (OFS) മാത്രമാണുണ്ടാകുക.

കൊറിയന്‍ മാതൃ കമ്പനിയുടെ കൈവശമുള്ള 14.22 കോടി ഓഹരികളാണ് ഐ.പി.ഒയില്‍ വിറ്റഴിക്കുക. കമ്പനിയുടെ ഏകദേശം 17.5 ശതമാനം ഓഹരികള്‍ വരുമിത്. ഒക്ടോബര്‍ 17നാണ് ഓഹരി വില്‍പ്പന അവസാനിക്കുക. ഒക്ടോബര്‍ 18ന് ഓഹരി അലോട്ട് ചെയ്യും. ഒക്ടോബര്‍ 22ന് ഓഹരികള്‍ ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.

കുറഞ്ഞ നിക്ഷേപം?

ഓഹരിയൊന്നിന് 1,865 രൂപ മുതല്‍ 1,960 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഏഴ് ഓഹരികള്‍ക്ക് അപേക്ഷിക്കാം. അതിനുശേഷം ഏഴിന്റെ ഗുണിതങ്ങളായി അപേക്ഷിക്കണം. അതായത് ചെറുകിട നിക്ഷേകര്‍ ഏറ്റവും കുറഞ്ഞത് 13,720 രൂപ നിക്ഷേപിക്കണം.
ഗ്രേ മാര്‍ക്കറ്റ് പ്രീമിയവും ഓഹരി വിലയും
ഓഹരി വിപണിക്ക് പുറത്തുള്ള അനൗദ്യോഗിക വിപണിയില്‍ (ഗ്രേ മാര്‍ക്കറ്റ്) ഇഷ്യു വിലയേക്കാള്‍ 65 രൂപ ഉയര്‍ന്നാണ് ഓഹരി വ്യാപാരം നടത്തുന്നതെന്നാണ് വിപണി നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്. അതായത് ഇഷ്യു വിലയേക്കാള്‍ 3.32 ശതമാനം അധികം വില. മാര്‍ക്കറ്റിന്റെ അവസ്ഥ അനുസരിച്ച് ഗ്രേമാര്‍ക്കറ്റ് പ്രീമിയം മാറിക്കൊണ്ടിരിക്കും. ഇഷ്യു വിലയേക്കാള്‍ എത്ര രൂപ അധികം നിക്ഷേപകര്‍ നല്‍കാന്‍ തയാറാകുന്നുവെന്നതാണ് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം സൂചിപ്പിക്കുന്നത്. ഹ്യുണ്ടായിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തില്‍ ഐ.പി.ഒ പ്രഖ്യാപനത്തിന് ശേഷം വലിയ ഇടിവുണ്ടായിട്ടുണ്ട്. ഒരു മാസം മുമ്പ് 500 രൂപവരെ ഉയരത്തിലായിരുന്നു. ഐ.പി.ഒ പ്രഖ്യാപന സമയത്ത് 300 രൂപയായി കുറഞ്ഞു. അതാണ് ഇപ്പോള്‍ 65 രൂപയില്‍ നില്‍ക്കുന്നത്. 
നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഒക്ടോബര്‍ 22ന് ഓഹരി ലിസ്റ്റ് ചെയ്യുമ്പോള്‍ ഇനിയും ഇത് താഴേക്ക് പോകാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്. അതായതു ലിസ്റ്റിംഗ് നേട്ടം വലുതായി ഉണ്ടായേക്കില്ല.

നിക്ഷേപിക്കണോ?

രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ ഐ.പി.ഒ. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനു ശേഷം വാഹന മേഖലയില്‍ നിന്നുണ്ടാകുന്ന ആദ്യ ഐ.പി.ഒ ആണിത്. 2003ല്‍ മാരുതി സുസുക്കിയാണ് ഇതിനു മുമ്പ് ഐ.പി.ഒയുമായി ഈ രംഗത്ത് നിന്ന് എത്തിയത്.

ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്‌, ബജാജ് ബ്രോക്കിംഗ്, മാസ്റ്റര്‍ ക്യാപിറ്റല്‍ സര്‍വീസസ്, എല്‍.കെ.പി സെക്യൂരിറ്റീസ് തുടങ്ങി മിക്ക ബ്രോക്കറേജുകളും ഹ്യുണ്ടായ് ഐ.പി.ഒയ്ക്ക് 'ബൈ' റേറ്റിംഗ് നല്‍കിയിട്ടുണ്ട്.

2022 സാമ്പത്തിക വര്‍ഷത്തില്‍ 6.05 ശതമാനവും 2023 സാമ്പത്തിക വര്‍ഷത്തില്‍ 7.67 ശതമാനവും 2024 സാമ്പത്തിക വര്‍ഷത്തില്‍ 8.50 ശതമാനവും ലാഭ മാര്‍ജിന്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. ഇക്കാലയളവുകളില്‍ മൂലധനത്തില്‍ നിന്നുള്ള നേട്ടം (RoCE) 20.37 ശതമാനം, 28.75 ശതമാനം, 62.90 ശതമാനം, 13.69 ശതമാനം എന്നിങ്ങനെയാണ്.
കമ്പനിയുടെ ആകര്‍ഷകമായ സാമ്പത്തിക പ്രകടനവും പ്രീമിയം പ്രോഡക്ട് മിക്‌സും ലിസ്റ്റഡ് വിഭാഗത്തില്‍ മത്സരം കൂടുതല്‍ ശക്തമാക്കുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചിപ്പിക്കുന്നു.
ഇന്നവേഷന് കമ്പനി  പ്രാധാന്യം നല്‍കുന്നുണ്ട്, പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക്. മികച്ച രീതിയില്‍ പ്രീമിയം നിലവാരത്തില്‍ ഇവ പൊസിഷന്‍ ചെയ്യുന്നത് കൂടുതല്‍ ആവശ്യക്കാരെ ലഭിക്കാനിടയാക്കിയേക്കും. കമ്പനിയുടെ ബ്രാന്‍ഡ് ഇമേജും സംതൃപ്തരായ ഉപയോക്തൃ നിരയും കൂടുതല്‍ മികവോടെ നിലനില്‍ക്കാന്‍ കമ്പനിയെ സഹായിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഓട്ടോമൊബൈല്‍ ഐ.പി.ഒ എന്ന നിലയില്‍ ഇത് ആഗോള നിക്ഷേപകരെയും ആകര്‍ഷിക്കാനിടയുണ്ട്. വിദേശ നിക്ഷേപം വന്നു ചേരുന്നത് ഈ സെക്ടറിന്റെ വാല്വേഷന്‍ ഉയര്‍ത്തുമെന്നും കരുതുന്നു.
അതേസമയം, പരിമിതമായ സപ്ലൈയര്‍മാരെയാണ് പാര്‍ട്‌സുകള്‍ക്കും മെറ്റീരിയലുകള്‍ക്കുമായി ഹ്യുണ്ടായി ആശ്രയിക്കുന്നതെന്നത് ഒരു പോരായ്മയായി കാണുന്നുണ്ട്. പാര്‍ട്‌സിന്റെയും മെറ്റീരിയലുകളുടെയും വില ഉയരുന്നത് ബിസിനസിനെയും പ്രവര്‍ത്തനങ്ങളെയും ബാധിക്കാം.

ഓഹരി വിപണിയിലെ പ്രധാന എതിരാളികള്‍

മാരുതി സുസുക്കി ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് ഓഹരി വിപണിയിലെ ഹ്യുണ്ടായിയുടെ എതിരാളികള്‍.

നിലവില്‍ 40 ശതമാനം വിപണി പങ്കാളിത്തവുമായി രാജ്യത്തെ വാഹന നിര്‍മാതാക്കളില്‍ ഒന്നാം സ്ഥാനത്ത് മാരുതിയാണ്. 15 ശതമാനം വിപണി വിഹിതവുമായി ഹ്യുണ്ടായി രണ്ടാം സ്ഥാനത്താണ്.

27,800 കോടി ലക്ഷ്യമിട്ടുകൊണ്ടുള്ള ഹ്യുണ്ടായി ഐ.പി.ഒ മാരുതി സുസുക്കിയേക്കാള്‍ പ്രീമിയത്തിലാണ് എത്തുന്നത്. അപ്പര്‍ പ്രൈസ് ബാന്‍ഡ് 1960 രൂപ വച്ച് കണക്കാക്കുമ്പോള്‍ 2025 സാമ്പത്തിക വര്‍ഷത്തെ നേട്ടത്തിന്റെ 26 മടങ്ങാണ് വാല്വേഷന്‍. മാരുതിയുടേത് 22 മടങ്ങ് മാത്രമാണ്.

ഇന്ത്യന്‍ ഉപയോക്താക്കള്‍ ബജറ്റ് ഫ്രണ്ട്‌ലി കാറുകളില്‍ നിന്ന് എസ്.യു.വികളിലേക്ക് കളം മാറ്റുകയാണ്. മൊത്തം വില്‍പ്പനയുടെ 53.5 ശതമാനമാണ് എസ്.യു.വി വില്‍പ്പന. നിലവില്‍ ഹ്യുണ്ടായിക്ക് കോംപാക്ട്, മിഡ് സൈസ്, ലാര്‍ജ് സെഗ്മെന്റുകളിലായി എട്ട് എസ്.യു.വി മോഡലുകളുണ്ട്. ഇതില്‍ ഇലക്ട്രിക് മോഡലുകളും ഉള്‍പ്പെടുന്നു. അതേസമയം മാരുതിക്ക് നാല് എസ്.യു.വി മോഡലുകളാണുള്ളത്. ഹ്യുണ്ടായി പ്രീമിയം സെഗ്മെന്റില്‍ കൂടുതല്‍ മോഡലുകളുമായി എത്തുന്നത് മറ്റ് വാഹന നിര്‍മാതാക്കള്‍ക്കും വിപണി വിഹിതത്തില്‍ ഇടിവുണ്ടാക്കിയേക്കാം എന്നാണ് നിരീക്ഷണങ്ങള്‍.

Tags:    

Similar News