ഗട്ടറില്‍ വീണ് ഹ്യുണ്ടായ് ഐ.പി.ഒ! ലിസ്റ്റിംഗില്‍ കനത്ത നിരാശ, നിക്ഷേപകര്‍ക്ക് നഷ്ടം അഞ്ച്‌ ശതമാനത്തിലേറെ

ഓഹരി ലിസ്റ്റിംഗില്‍ വലിയ നേട്ടം നല്‍കിയേക്കില്ല എന്ന നിരീക്ഷണങ്ങളാണ് വിപണിയില്‍ ഉണ്ടായിരുന്നതും

Update:2024-10-22 10:46 IST

ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയുമായെത്തിയ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിസ്റ്റ് ചെയ്തു. നിക്ഷേപകരെ കനത്ത നിരാശയിലാക്കി ഇഷ്യുവിന്റെ ഉയര്‍ന്ന വിലയേക്കാള്‍ 1.5 ശതമാനം താഴ്ന്ന് (29 രൂപ) 1,931 രൂപയിലാണ് ഓഹരി ബി.എസ്.ഇയില്‍ വ്യാപാരം ആരംഭിച്ചത്. എന്‍.എസ്.ഇയില്‍ 1.3 ശതമാനം (26 രൂപ) ഇടിഞ്ഞ്‌  1,934 രൂപയിലും.

1,865-1,960 രൂപയായിരുന്നു ഐ.പി.ഒ വില. ഓഹരി വിപണിക്ക് പുറത്തുള്ള അനൗദ്യോഗിക വിപണിയില്‍ ഇന്ന് രണ്ട് ശതമാനം മാത്രം ഉയര്‍ന്നായിരുന്നു ഓഹരിയുടെ വ്യാപാരം. ഓഹരി വലിയ  നേട്ടത്തില്‍ ലിസ്റ്റ് ചെയ്‌തേക്കില്ല എന്ന സൂചനയായിരുന്നു ഇത് നല്‍കിയത്. ഐ.പി.ഒയ്ക്ക് മുന്‍പ് 300 ശതമാനം വരെ പ്രീമിയത്തില്‍ ആയിരുന്നു ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ് വ്യാപാരം. പിന്നീട് ഇത് കുത്തനെ താഴുകയായിരുന്നു.

ഇന്ന് വ്യാപാരം പുരോഗമിക്കവെ ഓഹരി വില 3.57 ശതമാനം ഇടിഞ്ഞ് 1,846 രൂപ വരെ താഴേക്ക് പോയി.ഓഹരിക്ക് 10 ശതമാനമാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഇത് പ്രകാരം 2,124.05 രൂപ വരെ മുകളിലേക്കും 1,737 രൂപ വരെ താഴേക്കും വ്യാപാരത്തിനിടെ വ്യതിചലിക്കാനാകും. ലിസ്റ്റിംഗ് വില അനുസരിച്ച് 1.50 ലക്ഷം കോടി രൂപയാണ് ഹ്യുണ്ടായ് ഇന്ത്യയുടെ വിപണി മൂല്യം.

27,870 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഐ.പി.ഒയ്ക്ക് മൊത്തം 2.37 മടങ്ങ് സബ്‌സ്‌ക്രിപ്ഷനാണ് ലഭിച്ചത്. ഐ.പി.ഒയുടെ ആദ്യ രണ്ടു ദിനങ്ങളില്‍ തണുപ്പന്‍ സ്വീകരണമായിരുന്നുവെങ്കിലും അവസാന ദിനം അടിച്ചു കയറുകയായിരുന്നു. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്ന് 700 ശതമാനത്തോളം സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചിരുന്നു.

ഓഹരിയുടെ സാധ്യത

ബ്രോക്കറേജ് സ്ഥാപനമായ മക്വയര്‍ ഹ്യുണ്ടായ് ഓഹരികള്‍ വാങ്ങാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. 2,235 രൂപയാണ് ഓഹരിക്ക് ലക്ഷ്യവില നല്‍കിയിരിക്കുന്നത് .പ്രീമിയം പാസഞ്ചര്‍ കാര്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഹ്യുണ്ടായ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

മറ്റൊരു ബ്രോക്കറേജായ മോത്തിലാല്‍ ഒസ്വാളും ഓഹരിക്ക് 2,345 രൂപ ലക്ഷ്യ വില നിശ്ചിയിച്ചിട്ടുണ്ട്. 20 ശതമാനം ഉയര്‍ച്ചയാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 6,060 കോടി രൂപയാണ് ഹ്യുണ്ടായ് രേഖപ്പെടുത്തിയ ലാഭം. മുന്‍വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 28.7 ശതമാനം ഉയര്‍ച്ചയുണ്ട്. വരുമാനം ഇക്കാലയളവില്‍ 15.8 ശതമാനം ഉയര്‍ന്ന് 69,829 കോടി രൂപയായി. നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ആദ്യ പാദത്തില്‍ ലാഭം 1,489.6 കോടിയും വരുമാനം 17,344.2 കോടിയുമാണ്.

Tags:    

Similar News