സാമ്പത്തിക വളർച്ചയിൽ ഇന്ത്യയും ചൈനയും തന്നെ ഈ വർഷം മുന്നിൽ

ഗാര്‍ഹിക-കോര്‍പറേറ്റ് മേഖലകളിലെ ഉയര്‍ന്ന കടബാധ്യത, റിയല്‍ എസ്റ്റേറ്റ് മേഖയക്ക് ബാങ്കുകള്‍ നല്‍കിയിരിക്കുന്ന വായ്പകള്‍ തുടങ്ങിയവ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വെല്ലുവിളി

Update: 2023-02-21 08:50 GMT

ഈ വര്‍ഷം ആഗോള സമ്പദ് വ്യവസ്ഥയുടെ പകുതിയും സംഭാവന ചെയ്യുക ഇന്ത്യയും ചൈനയും ചേര്‍ന്നാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). സീറോ കോവിഡ് നയം പിന്‍വലിച്ച ശേഷം പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള വളര്‍ച്ചയാണ് ചൈന നേടുന്നത്. കമ്പോഡിയ, ഇന്തോനേഷ്യ, മലേഷ്യ,ഫിലിപ്പൈന്‍സ് തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവയും കോവിഡിന് മുമ്പുള്ള വളര്‍ച്ചാ നിരക്കിലേക്ക് തിരിച്ചെത്തുമെന്നും ഐഎംഎഫ് ബ്ലോഗില്‍ പറയുന്നു.

ഭക്ഷ്യ, ഇന്ധന വില കുറയാന്‍ തുടങ്ങിയതോടെ എഷ്യ-പസഫിക് മേഖലയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. മേഖല ഈ വര്‍ഷം 4.7 ശതമാനം നിരക്കില്‍ വളര്‍ച്ച നേടും എന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം സാമ്പത്തിക വളര്‍ച്ച 3.8 ശതമാനമായിരുന്നു.

കോവിഡ് സമയത്തെ ഉയര്‍ന്ന ചെലവ് പല ഏഷ്യന്‍ രാജ്യങ്ങളുടെയും ധനകമ്മി ഉയര്‍ത്തി. ഇത് രാജ്യങ്ങളെ കടക്കെണിയിലേക്ക് തള്ളിവിട്ടതായും ഐഎംഫ് ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ രാജ്യങ്ങള്‍ കൃത്യമായ ധനനയം പിന്തുടരണം. ഗാര്‍ഹിക-കോര്‍പറേറ്റ് മേഖലകളിലെ ഉയര്‍ന്ന കടബാധ്യത, റിയല്‍ എസ്റ്റേറ്റ് മേഖയക്ക് ബാങ്കുകള്‍ നല്‍കിയിരിക്കുന്ന വായ്പകള്‍ തുടങ്ങിയവയും ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാണെന്നാണ് ഐഎംഫ് പറയുന്നത്.

ഇന്ത്യയുടെ വളര്‍ച്ച 6.8 ശതമാനം

2023ല്‍ ആഗോള വളര്‍ച്ച 2.9 ശതമാനം ആയി കുറയുമെന്നാണ് ഈ മാസം ആദ്യം പുറത്തിറങ്ങി ഐഎംഎഫിന്റെ വേള്‍ഡ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേ സമയം 2024ല്‍ 3.1 ശതമാനത്തിലേക്ക് സാമ്പത്തിക വളര്‍ച്ച ഉയരും. ഇന്ത്യയുടെ വളര്‍ച്ച 6.8ല്‍ നിന്ന് 6.1 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍. അടുത്ത വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച 6.8 ശതമാനം ആവുമെന്നും ഐഎംഎഫ് പറയുന്നു. 5.2 ശതമാനം ആയിരിക്കും ചൈനയുടെ വളര്‍ച്ച.

Tags:    

Similar News