ഇന്ത്യയിലെ ഫിന്‍ടെക് കമ്പനികളിലേക്കെത്തിയത് 5.94 ശതകോടി ഡോളര്‍ നിക്ഷേപം
2021 ല്‍ ഏഷ്യ പസിഫിക്ക് മേഖലയില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ഇന്ത്യക്ക്
ഇന്ത്യയിലെ ഫിന്‍ ടെക് കമ്പനികള്‍ക്ക് 236 ഇടപാടുകളില്‍ നിന്നായി 2021 ല്‍ നിക്ഷേപമായി ലഭിച്ചത് 5.94 ശതകോടി ഡോളര്‍. പേടിഎമ്മിന്റെ പ്രഥമ ഓഹരി വില്‍പന പരാജയം നേരിട്ടെങ്കിലും കഴിഞ്ഞ വര്‍ഷം വെന്‍ച്വര്‍ ഫണ്ടുകള്‍ക്ക് ഇന്ത്യന്‍ ഫിന്‍ ടെക് കമ്പനികളില്‍ നിക്ഷേപിക്കുന്നതില്‍ താല്‍പ്പര്യക്കുറവ് ഉണ്ടായില്ല. വെന്‍ച്വര്‍ ഫണ്ട് നിക്ഷേപം ലഭിച്ച പ്രമുഖ ഫിന്‍ ടെക് കമ്പനികളില്‍ റേസര്‍ പേ, ഭാരത് പേ തുടങ്ങിയവ ഉള്‍പ്പെടും.
ഏഷ്യ പെസഫിക് മേഖലയില്‍ ഫിന്‍ ടെക് കമ്പനികള്‍ക്ക് വെന്‍ച്വര്‍ ഫണ്ടുകളില്‍ നിന്ന് 15.69 ശതകോടി ഡോളറാണ് ലഭിച്ചത്. മൊത്തം 358 കമ്പനികള്‍ക്കാണ് ഇതിന്റെ നേട്ടം ഉണ്ടായത്. 2020 ല്‍ ലഭിച്ച 5.87 ശതകോടി ഡോളറിനെ ക്കാള്‍ മൂന്നിരട്ടി വര്‍ദ്ധനവ്.
തുടര്‍ന്നും ഇന്ത്യ ഉള്‍പ്പടെ ഉള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഫിന്‍ ടെക്ക് കമ്പനികളില്‍ വെഞ്ച്വര്‍ നിക്ഷേപം 2022 ലും ഉണ്ടാകുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രഥമ ഓഹരി വില്‍പന ഉണ്ടാവുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ വിറ്റ് പുറത്തു കടക്കാമെന്നതും നിക്ഷേപകരെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുന്നു.