പരസ്യവിപണിയിലും പ്രിയം ഇന്ത്യ-പാക് പോരാട്ടത്തിന്‌

10 സെക്കന്‍ഡ് ടിവി പരസ്യത്തിന് 16-18 ലക്ഷം രൂപയായിരിക്കും ചെലവ്‌

Update:2022-10-21 16:30 IST

Photo : ICC

ട്വന്റി20 ലോകകപ്പില്‍ (T20 World Cup) ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ (Ind vs Pak) പോരാട്ടം വരുന്ന ഒക്ടോബര്‍ 23ന് ആണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് മത്സരം ആരംഭിക്കുമ്പോള്‍ ഒഴുകുക കോടികളുടെ പരസ്യമാണ്. ഇത്തവണ പരസ്യങ്ങളുടെ ചെലവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15-20 ശതമാനം വരെ ഉയരുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം ഇരു ടീമുകളും വേള്‍ഡ് കപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ 10 സെക്കന്‍ഡ് ടിവി പരസ്യത്തിന് 14-15 ലക്ഷം രൂപയാണ് ഇടാക്കിയത്. ഈ വര്‍ഷം അത് 16-18 ലക്ഷം രൂപയിലെത്തും. ടി20 ലോകകപ്പിലുടനീളം 2021ല്‍ പരസ്യങ്ങള്‍ക്ക് 8-9 ലക്ഷം രൂപ ഈടാക്കിയ സ്ഥാനത്ത് 2022ല്‍ നിരക്ക് 10-12 ലക്ഷമായി ഉയര്‍ന്നു. ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് ( Cost per thousand impression) 250-300 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങളില്‍ ഡിജിറ്റല്‍ പരസ്യത്തിന് തുക 1,000-1,200 രൂപയായി ഉയരും.

ഞായറാഴ്ചത്തെ ഇന്ത്യ-പാക് മത്സരത്തില്‍ ഈ തുക 2,000-2,400 രൂപവരെ ആയിരിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ് ടി20 ലോകകപ്പിന്റെ ടിവി,ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം. പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന അടുത്ത ഏഷ്യാകപ്പില്‍ പങ്കെടുക്കില്ലെന്ന ഇന്ത്യയുടെ നിലപാട് ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള വാക്‌പോരിലേക്ക് നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും കളിക്കളത്തില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 24ന് നടന്ന ഇന്ത്യ-പാക് ടി20 സൂപ്പര്‍12 മത്സരത്തില്‍ പാക്കിസ്ഥാന്‍ 10 വിക്കറ്റിന് ജയിച്ചിരുന്നു.

Tags:    

Similar News