വീണ്ടും ഓഹരി വിറ്റഴിച്ച് ഇന്‍ഡിഗോ പ്രൊമോട്ടര്‍മാര്‍; ഓഹരി 4% ഇടിവില്‍

ഗാംഗ്വാള്‍ കുടുംബത്തിന്റെ ഉടമസ്ഥാവകാശം ക്രമേണ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രാകേഷ് ഗാംഗ്വാള്‍ മുമ്പ് അറിയിച്ചിരുന്നു

Update: 2023-08-16 07:31 GMT

Photo credit: www.facebook.com/goindigo.in

ഇന്‍ഡിഗോയുടെ 5.1% വരുന്ന രണ്ട് കോടി ഓഹരികള്‍ 4,837 കോടി രൂപയ്ക്ക് ബ്ലോക്ക് ഇടപാടിൽ കൈമാറിയതോടെ ഇന്‍ഡിഗോ ഓപ്പറേറ്ററായ ഇന്റര്‍ ഗ്ലോബ് ഏവിയേഷന്റെ ഓഹരികള്‍ ഇന്ന്  4.5% ഇടിഞ്ഞു. ഇന്‍ഡിഗോയുടെ സഹസ്ഥാപകനായ രാകേഷ് ഗാംഗ്വാളിന്റെ നേതൃത്വത്തിലുള്ള ഗാംഗ്വാള്‍ കുടുംബം ഒരു ബ്ലോക്ക് ഇടപാടിലൂടെ 4% വരുന്ന ഏകദേശം 3,700 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കുമെന്ന് ഇക്കണോമിക് ടൈംസ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ഓഹരിയ്ക്ക് 2,400 രൂപ ഫ്‌ളോര്‍ പ്രൈസിലാണ് ഇടപാട് നടന്നതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് പറയുന്നു. 

ക്രമേണ പിന്‍മാറി ഗാംഗ്വാള്‍ കുടുംബം

2022 ഫെബ്രുവരിയില്‍ രാകേഷ് ഗാംഗ്വാള്‍ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഗാംഗ്വാള്‍ കുടുംബം ഇന്‍ഡിഗോയുടെ 2.8% ഓഹരികള്‍ 2,000 കോടി രൂപയ്ക്ക് വിറ്റഴിച്ചിരുന്നു. കൂടാതെ ഫെബ്രുവരിയില്‍ അവര്‍ മറ്റൊരു 4% ഓഹരി 2,900 കോടി രൂപയ്ക്കും വിറ്റഴിച്ചു.

നിലവില്‍ ഗാംഗ്വാള്‍ കുടുംബത്തിന് ഇന്‍ഡിഗോയില്‍ 29.72% ഓഹരിയുണ്ട്. കുടുംബത്തിന്റെ ഉടമസ്ഥാവകാശം ക്രമേണ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രാകേഷ് ഗാംഗ്വാള്‍ മുമ്പ് അറിയിച്ചിരുന്നു. അതേസമയം 2022 ജൂണ്‍ പാദത്തില്‍ 1,064.30 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ ഇന്‍ഡിഗോ 2023 ജൂണ്‍ പാദത്തില്‍ 3,090.60 കോടി രൂപയുടെ ഉയര്‍ന്ന അറ്റാദായം രേഖപ്പെടുത്തിയിരുന്നു.


Tags:    

Similar News