ഇന്‍ഫി ഷോക്കില്‍ വിറച്ച് ഓഹരി വിപണി; ഐ.ടി ഓഹരികള്‍ക്കാകെ ഞെട്ടല്‍

വരുമാന വളര്‍ച്ചാ പ്രതീക്ഷ വെട്ടിക്കുറച്ച ഇന്‍ഫോസിസിന്റെ നടപടിയില്‍ തളര്‍ന്ന് ഓഹരികള്‍

Update: 2023-07-21 05:02 GMT

പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസ് ഇന്ത്യന്‍ ഓഹരി വിപണിക്കാകെ അടിച്ചേല്‍പ്പിച്ചത് കനത്ത ആഘാതം. ജൂണ്‍പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മോശം പ്രവര്‍ത്തനഫലം പുറത്തുവിട്ടെന്ന് മാത്രമല്ല, നടപ്പുവര്‍ഷത്തെ വരുമാന വളര്‍ച്ചാ പ്രതീക്ഷ കമ്പനി വെട്ടിക്കുറയ്ക്കുക കൂടി ചെയ്തതാണ് വിപണിയെ ഉലച്ചത്.

മുഖ്യ സൂചികകള്‍ ഇന്ന് ഒരു ശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് നഷ്ടം കുറച്ചു. ആദ്യം താഴ്ചയിലായ ബാങ്ക്, വാഹന ഓഹരികള്‍ വീണ്ടും ഉയര്‍ച്ചയിലായി. ബാങ്ക് നിഫ്റ്റി പുതിയ റെക്കോഡ് ഉയരത്തിലായി.
ഇന്നലെ ഒരു ശതമാനത്തിലധികം ഉയര്‍ന്ന റിലയന്‍സ് ഇന്ന് ഒന്നര ശതമാനത്തോളം ഇടിഞ്ഞു. ഇന്‍ഫോസിസിന്റെ തളര്‍ച്ച കമ്പനിയുടെ ഓഹരികളെ മാത്രമല്ല, മറ്റ് ഐ.ടി കമ്പനികളെയും വലിച്ച് താഴ്ത്തി. ഒരവസരത്തില്‍ നിഫ്റ്റി ഐ.ടി സൂചിക നാല് ശതമാനത്തോളം ഇടിഞ്ഞു.
ഇന്‍ഫോസിസ് 8.4 ശതമാനവും ടെക് മഹീന്ദ്ര 4.2 ശതമാനവും വരെ താഴ്ന്നു. പിന്നീട് കമ്പനികള്‍ നഷ്ടം കുറച്ചു. ടി.സി.എസ് അടക്കം മുന്‍നിര ഐ.ടി കമ്പനികള്‍ എല്ലാം ഇന്ന് താഴ്ചയിലാണ്.
കിതച്ച് ഐ.ടി ഓഹരികള്‍
പ്രതീക്ഷയിലും മോശമായ ഒന്നാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, കൊഫോര്‍ജ്, എംഫസിസ് എന്നിവ രാവിലെ നാല് ശതമാനം വരെ ഇടിഞ്ഞു. കോഫോര്‍ജ് പിന്നീട് നേട്ടത്തിലായി. കമ്പനിക്ക് കൂടുതല്‍ കരാറുകള്‍ കിട്ടിയതും വരുമാന വര്‍ധന 13-16 ശതമാനം നിലവാരത്തിലാകുമെന്ന മാനേജ്‌മെന്റ് നിലപാടും ഓഹരിയെ ഉയര്‍ത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ 26 ശതമാനത്തിലധികം കുതിച്ച ഇലക്ട്രിക് കേബിള്‍-വയര്‍ കമ്പനി പോളിക്യാബ് ഇന്ന് രാവിലെ മൂന്ന് ശതമാനത്തോളം താഴ്ന്നു. 7,000 കോടി രൂപയുടെ നിര്‍മാണ കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് എല്‍ ആന്‍ഡ് ടി മൂന്ന് ശതമാനം കുതിച്ചു.
റിസല്‍ട്ട് വരാനിരിക്കെ അള്‍ട്രാടെക്, വേദാന്ത, എച്ച്.ഡി.എഫ്.സി ലൈഫ് തുടങ്ങിയവ ഒരു ശതമാനത്തേളം താഴ്ചയിലായി. വര്‍ഷാവസാനത്തോടെ ലാഭമാര്‍ജിന്‍ 30 ശതമാനമാക്കുമെന്ന മാനേജ്‌മെന്റ് പ്രഖ്യാപനം ഇന്ത്യാ മാര്‍ട്ട് ഓഹരിയെ എട്ട് ശതമാനം ഉയര്‍ത്തി.
രൂപയ്ക്ക് ക്ഷീണം
രൂപ ഇന്ന് അല്‍പം ദുര്‍ബലമായി. ഡോളര്‍ മൂന്ന് പൈസ കയറി 82.01 രൂപയില്‍ വ്യാപാരം തുടങ്ങി. സ്വര്‍ണം ലോകവിപണിയില്‍ 1970 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ സ്വര്‍ണം പവന് 240 രൂപ കുറഞ്ഞ് 44,320 രൂപയായി.
Tags:    

Similar News