ഇന്‍ഡിഗോ ലാഭത്തില്‍, അറ്റാദായത്തില്‍ 1000 ശതമാനം വര്‍ധന

കഴിഞ്ഞ മൂന്ന് പാദങ്ങളിലും നഷ്ടത്തിലായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം

Update:2023-02-04 11:31 IST

Photo credit: www.facebook.com/goindigo.in

ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ലാഭം രേഖപ്പെടുത്തി ഇന്‍ഡിഗോ വിമാനക്കമ്പനി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍. കഴിഞ്ഞ മൂന്ന് പാദങ്ങളിലും കമ്പനിയുടെ പ്രവര്‍ത്തനം നഷ്ടത്തിലായിരുന്നു. ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ 1,422 കോടി രൂപയുടെ അറ്റാദായമാണ് (Net Profit) ഇന്‍ഡിഗോ നേടിയത്.

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 129 കോടി രൂപയായിരുന്നു അറ്റാദായം. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 1000 ശതമാനത്തോളം ഉയര്‍ച്ചയാണ് അറ്റാദായത്തില്‍ ഉണ്ടായത്. ഇക്കാലയളവില്‍ വരുമാനം 60.7 ശതമാനം ഉയര്‍ന്ന് 14,933 കോടി രൂപയിലെത്തി. 13,986 കോടി രൂപയാണ് മൂന്നാം പാദത്തിലെ ചെലവ്. 50 ശതമാനമാണ് ചെലവിലുണ്ടായ വര്‍ധനവ്.

മൂന്ന് മാസക്കാലയളവില്‍ 22 പുതിയ എയര്‍ക്രാഫ്റ്റുകളാണ് ഇന്‍ഡിഗോ വാങ്ങിയത്. 97 ഇടങ്ങളിലേക്കായി ദിവസവും ഇന്‍ഡിഗോ നടത്തുന്നത് 1,700ഓളം സര്‍വീസുകളാണ്. ജക്കാര്‍ത്ത, നെയ്‌റോബി എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. അന്താരാഷ്ട്ര സര്‍വീസുകളില്‍ യാത്രക്കാരെ വഹിക്കാനുള്ള ശേഷി അടുത്ത സാമ്പത്തിക വര്‍ഷം 30 ശതമാനത്തോളം ഉയര്‍ത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച 1.17 ശതമാനം ഇടിഞ്ഞ് 2100 രൂപയിലാണ് ഇന്റിഗോ ഓഹരികള്‍ (Interglobe Aviation Ltd) വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News