ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.പി.ഒ
ഏറെക്കാലമായി നിക്ഷേപകര്‍ കാത്തിരിക്കുന്ന ഐ.പി.ഒകളിലൊന്നാണ് സ്വിഗിയുടേത്. 371-390 രൂപയാണ് ഓഹരിക്ക് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. 11.3 ബില്യണ്‍ ആണ് കമ്പനിയ്ക്ക് മൂല്യം കണക്കാക്കിയത്. മാര്‍ക്കറ്റ് ചാഞ്ചാട്ടവും ഹ്യുണ്ടായ് പോലുള്ള ഐ.പി.ഒകള്‍ ലഭിച്ച അത്ര ആവേശകരമല്ലാത്ത സ്വീകരണവും കണക്കിലെടുത്തുള്ള നയപരമായ നീക്കമാണ് സ്വിഗി താരതമ്യേന കുറഞ്ഞ വാല്വേഷനിലൂടെ നടത്തിയത്.
4,499 കോടി രൂപയുടെ പുതു ഓഹരികളും ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി 17.5 കോടി ഓഹരികളും പുറത്തിറക്കി 11,000 കോടി രൂപ സമാഹരിക്കാനാണ് സ്വിഗ്വി ലക്ഷ്യമിടുന്നത്. രാജ്യത്ത ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.പി.ഒ ആയിരിക്കുമിത്.
കുറഞ്ഞ നിക്ഷേപം
നവംബര്‍ ആറ് ബുധനാഴ്ച ആരംഭിക്കുന്ന ഐ.പി.ഒ നവംബര്‍ എട്ടിന് അവസാനിക്കും. കുറഞ്ഞത് 38 ഓഹരികളുടെ ഒരു ലോട്ടിനാണ് നിക്ഷേപകര്‍ക്ക് അപേക്ഷിക്കാനാകുക. ഓഹരിയുടെ ഉയര്‍ന്ന പ്രൈസ് ബാന്‍ഡായ 390 രൂപ കണക്കിലെടുക്കുമ്പോള്‍ ചെറുകിട നിക്ഷേപകര്‍ കുറഞ്ഞത് 14,820 രൂപ മുടക്കണം.
ഐ.പി.ഒയുടെ 75 ശതമാനം ക്യു.ഐ.ബികള്‍ക്കും (യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍) 15 ശതമാനം സ്ഥാപ ഇതര നിക്ഷേപകര്‍ക്കും (NII) ബാക്കി 10 ശതമാനം ചെറുകിട (റീറ്റെയ്ല്‍) നിക്ഷേപകര്‍ക്കുമായി നീക്കി വച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കായി 7.50 ലക്ഷം ഓഹരികള്‍ 25 രൂപ ഡിസ്‌കൗണ്ട് വിലയില്‍ മാറ്റി വച്ചിട്ടുണ്ട്.
നവംബര്‍ 11ന് സ്വിഗി ഐ.പി.ഒ അലോട്ട്‌മെന്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 13 നായിരിക്കും ഓഹരികളുടെ ലിസ്റ്റിംഗ്. യോഗ്യരായ നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടില്‍ നവംബര്‍ 12ന് ഓഹരികള്‍ ക്രെഡിറ്റ് ചെയ്യും. ഓഹരി കിട്ടാത്തവര്‍ക്കുള്ള റീഫണ്ടും ഇതേ ദിവസം ലഭിക്കും.
ഗ്രേ മാര്‍ക്കറ്റ് മോശം
ലിസ്റ്റ് ചെയ്യാത്ത ഓഹരികള്‍ വ്യാപാരം നടത്തുന്ന അനൗദ്യോഗിക വിപണിയില്‍ സ്വിഗി ഓഹരികള്‍ വെറും 22 രൂപ മാത്രം ഉയര്‍ന്നാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ഇതനുസരിച്ച് ലിസ്റ്റിംഗില്‍ ഓഹരി വിലയായ 390 രൂപയില്‍ നിന്ന് പരമാവധി 22 രൂപയാകും ഉയരുക. അതായത് 5.64 ശതമാനം നേട്ടം. പലപ്പോഴും ഗ്രേ മാര്‍ക്കറ്റ് പ്രീമിയമാണ് (GMP) ലിസ്റ്റിംഗ് വിലയുടെ ഒരു സൂചകമായി കണക്കാക്കുക. എന്നാല്‍ എല്ലായ്‌പ്പോഴും ഇതു ശരിയാകണമെന്നില്ല. ചിലപ്പോള്‍ ഓഹരി വില ഇതില്‍ കൂടുതല്‍ ഉയരുകയോ താഴുകയോ ചെയ്യാറുമുണ്ട്.
ഉപകമ്പനിയായ സ്‌കൂട്‌സിയ്ക്കായും പിന്നെ അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ നടത്താനുദ്ദേശിക്കുന്ന ടെക്‌നോളജി വികസനത്തിനും ക്ലാഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയവയ്ക്കും വേണ്ടിയാകും ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക സ്വിഗി വിനിയോഗിക്കുക.
ബ്ലാക്ക് റോക്ക്, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് തുടങ്ങിയ വമ്പന്‍ നിക്ഷേപകര്‍ പലരും ഐ.പി.ഒയില്‍ പങ്കെടുക്കുന്നുണ്ട്.
ആക്‌മെ സോളാര്‍, സാഗിലിറ്റി ഇന്ത്യ, നിവ ബുപ
പുനരുപയോഗ ഊര്‍ജ കമ്പനിയായ ആക്‌മെ സോളാര്‍ ഹോള്‍ഡിംഗ്‌സ് ഐ.പി.ഒ നവംബര്‍ അഞ്ചിനാണ്. 275-389 രൂപയാണ് ഓഹരി ഒന്നിന് വില നിശ്ചയിച്ചിരിക്കുന്നത്. 2,900 കോടി രൂപ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന ഐ.പി.ഒയില്‍ 2,395 കോടി രൂപയുടെ പുതു ഓഹരികളും 505 കോടി രൂപയുടെ ഓഫര്‍-ഫോര്‍ സെയിലുമുണ്ടാകും.
അമോണിയ ഉല്‍പാദനം ഉള്‍പ്പെടെയുള്ള ഗ്രീന്‍ ടെക്‌നോളജിയില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള കമ്പനി ഐ.പി.ഒ വഴി സമാഹരിക്കുന്ന പണം കടം തിരിച്ചടയ്ക്കാനും കമ്പനിയുടെ മറ്റ് കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കാും വിനിയോഗിക്കും.
ആരോഗ്യ സേവന കമ്പനിയായ സാഗിലിറ്റി ഇന്ത്യ ഐ.പി.ഒയ്ക്കും നവംബര്‍
അഞ്ചിന് തുടക്കമാകും. 2,170 കോടി രൂപ ലക്ഷ്യമിട്ടുള്ള ഐ.പി.ഒയില്‍ ഓഹരി ഒന്നിന് 28-30 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ മാത്രമാണ് ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക മുഴുവന്‍ പ്രമോട്ടറായ സാഹിലിറ്റി ബി.വിയിലേക്ക് പോകും. ഇ.ക്യു.ടി പ്രൈവറ്റ് ക്യാപിറ്റല്‍ ഏഷ്യയുടെ അഫിലിയിലേറ്റ് സ്ഥാപനമാണിത്. സാഗിലിറ്റി ബി.വി 15 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതോടെ ഐ.പി.ഒയ്ക്ക് ശേഷം പ്രമോട്ടറുടെ ഓഹരി പങ്കാളിത്തം 85 ശതമാനമായി കുറയും.
ഇന്‍ഷുറന്‍സ് കമ്പനിയായ നിവ ബുപ ഹെല്‍ത്ത് കെയറും ഈ ആഴ്ചയില്‍ ഐ.പി.ഒയുമായി കളത്തിലിറങ്ങും. നവംബര്‍ ഏഴ് മുതൽ നടക്കുന്ന ഐ.പി.ഒയില്‍ 800 കോടി രൂപയുടെ പുതു ഓഹരികളും 1,400 കോടിയുടെ ഓഫര്‍-ഫോര്‍ സെയിലുമുണ്ടാകും. ബുപ സിംഗപ്പൂര്‍ ഹോള്‍ഡിംഗ്‌സ്, ഫെറ്റില്‍ ടോണ്‍ എന്നിവയാണ് ഒ.എഫ്.എസില്‍ ഓഹരി വിറ്റഴിക്കുക. കമ്പനിയുടെ മൂലധന അടിത്തറ ശക്തമാക്കാനാണ് ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കുക.
അനുമതി കാത്ത്
നിലവില്‍ 26 കമ്പനികളാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതിക്കായി കാത്തിരിക്കുന്നത്. ഈ കമ്പനികളെല്ലാം കൂടി 72,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതു കൂടാതെ 55 കമ്പനികള്‍ ചേര്‍ന്ന് 89,000 കോടി രൂപ സമാഹരിക്കാനായി ശ്രമം നടത്തുന്നുമുണ്ട്. ഐ.പി.ഒ വസന്തത്തിന് ഉടനെ തിരശീല വീഴില്ലെന്നാണ് വിപണി നല്‍കുന്ന സൂചന.