2021 ല്‍ ബിറ്റ്കോയിനെ കടത്തിവെട്ടിയത് ഇറീഡിയം; പിന്നിലെ കാരണങ്ങള്‍ ഇതാണ്

ജനുവരി മുതല്‍ ഇതുവരെ ഇറീഡിയം ലോഹത്തിന്റെ വില വര്‍ധിച്ചത് 131 ശതമാനത്തോളം.

Update: 2021-03-30 11:42 GMT

ബിറ്റ്‌കോയിന്റെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ മാധ്യമങ്ങളെല്ലാം പോയപ്പോള്‍ പുതുവര്‍ഷം മുതല്‍ നിക്ഷേപമാര്‍ഗം റെക്കോര്‍ഡ് നേട്ടത്തിലാണ്. ഇറീഡിയമെന്ന അത്യപൂര്‍വ ലോഹമാണ് 2021 -ല്‍ ഏറ്റവും ഉയര്‍ന്ന നേട്ടം കൊയ്ത് മുന്നേറുന്ന നിക്ഷേപം.

അമൂല്യ ലോഹങ്ങളായ പ്ലാറ്റിനം, പല്ലേഡിയം എന്നിവയുടെ ഖനനത്തിനിടെ ലഭിക്കുന്ന ഉപോല്‍പ്പന്നമാണ് ഇറീഡിയം. ബിറ്റ്‌കോയിന്‍ 85 ശതമാനം നേട്ടം കൈവരിച്ചപ്പോള്‍ ഇറീഡിയം ലോഹത്തിന്റെ വില 131 ശതമാനം വര്‍ധിച്ചെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

കോവിഡ് ഭീതിയെത്തുടര്‍ന്ന് വിതരണം മുടങ്ങിയതും ഇലക്ട്രോണിക് സ്‌ക്രീനുകളുടെ നിര്‍മാണാവശ്യങ്ങള്‍ക്കായി ഇറീഡിയത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതും ഈ ലോഹത്തിന്റെ മൂല്യം വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളായി നിരീക്ഷകര്‍ കരുതുന്നു.
മറ്റു വിലയേറിയ ലോഹങ്ങളെ അപേക്ഷിച്ച് ഇറീഡിയത്തിന്റെ വിപണിയും വളരെ ചെറുതാണ്. ഉല്‍പ്പാദനത്തിലെ ചെറിയ പ്രശ്നങ്ങള്‍ പോലും ഇറീഡിയം ലോഹത്തിന്റ വിലയില്‍ വലിയ സ്വാധീനം ചെലുത്തും.
എന്നാല്‍ സാധാരണ നിക്ഷേപകര്‍ക്ക് ഇറീഡിയത്തില്‍ നിക്ഷേപം നടത്താന്‍ കഴിയില്ല. ഇടിഎഫുകള്‍ (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) ഇറീഡിയം വില്‍പ്പന നടത്താറുമില്ല. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപകരാണ് ഇറീഡിയം വാങ്ങുന്നത്.
നിലവില്‍ ഔണ്‍സിന് 6,000 ഡോളറാണ് ഇറീഡിയത്തിന്റെ വില നിലവാരം. അതായത് സ്വര്‍ണത്തിന്റെ മൂന്നിരട്ടി വില ഇറീഡിയം അവകാശപ്പെടുന്നു. ഇന്ന് 58,999.90 നിരക്കിലാണ് ബിറ്റ്കോയിന്‍ വ്യാപാരം നടക്കുന്നത്. ഇറീഡിയം മൂല്യത്തില്‍ ഏറെ താഴയെങ്കിലും വളര്‍ച്ചാനിരക്കിലാണ് മുന്നിട്ടു നില്‍ക്കുന്നത്.


Tags:    

Similar News