ആഗോള വിപണിയില്‍ സ്വര്‍ണം കത്തിക്കയറുന്നു; കേരളത്തിലും വില കുത്തനെ മേലോട്ട്

കഴിഞ്ഞ നാല് ദിവസത്തില്‍ പവന് 1,020 രൂപ കൂടി

Update:2023-10-10 17:13 IST

Image : Canva

ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള സ്വര്‍ണ വിപണിയില്‍ വില കുത്തനെ ഉയരുകയാണ്. ഈ മാസം ആദ്യം മുതല്‍ സ്വര്‍ണം കയറ്റത്തിലാണ്. ഒക്‌റ്റോബര്‍ നാലിന്  1,822 ഡോളര്‍ ആയിരുന്ന സ്വർണവില നിലവിൽ  1,858 ഡോളറിലേക്ക് എത്തി.

തീ പിടിച്ച വില

കേരളത്തിലും സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. ഇന്ന് പവന് 240 രൂപ വർധിച്ച്  42,920 രൂപയായി. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെയുള്ള വർധന 1,020 രൂപയായി. ഇന്ന് ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 5,365 രൂപയായി.

സെപ്റ്റംബര്‍ 30ന് പവന്‍ വില 42,290 രൂപയായിരുന്നു. ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇത് 42,920 രൂപയിലെത്തിയിരിക്കുകയാണ്. കേരളത്തില്‍ 18 കാരറ്റിന്റെ വിലയും ഇന്ന് വര്‍ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4,433 രൂപയാണ് വില.

ആഗോള വിപണിയുടെ ചുവടു പിടിച്ച് സംസഥാനത്ത്  വരും ദിവസങ്ങളില്‍ സ്വര്‍ണ വില ഉയര്‍ന്ന നിലയിൽ തുടർന്നേക്കാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഒരു പവൻ വാങ്ങാൻ 1000 രൂപ അധികം 

പവന്‍ വിലയോടൊപ്പം അഞ്ച് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, അതിന്റെ ജി.എസ്.ടി, 5% പണിക്കൂലി എന്നിവ കൂട്ടിയാല്‍ 47,000 രൂപയോളമാണ് ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇപ്പോള്‍ വേണ്ടി വരുന്നത്. അതായത് കഴിഞ്ഞയാഴ്ചത്തെ വിലയേക്കാള്‍ 1000 രൂപ അധികമായി നല്‍കേണ്ടി വരും. പണിക്കൂലി കൂടിയ ആഭരണങ്ങളെങ്കില്‍ പവന്‍ വിലയോടൊപ്പം 7,000 രൂപ വരെ അധികം നല്‍കേണ്ടതായി വരും.

വെള്ളി വില

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 74 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.

Tags:    

Similar News