ഐ.ടി., റിയാല്‍റ്റി ഓഹരികള്‍ വലച്ചു; രണ്ടാംനാളിലും സൂചികകള്‍ക്ക് നഷ്ടം

രണ്ടുദിവസത്തിനിടെ സെന്‍സെക്‌സ് ഇടിഞ്ഞത് 900 പോയിന്റ്, നിഫ്റ്റി 18,200ന് താഴെയെത്തി; വണ്ടര്‍ലയ്ക്കും ഈസ്‌റ്റേണിനും മികച്ച നേട്ടം

Update:2023-05-17 17:30 IST

തുടര്‍ച്ചയായ രണ്ടാംനാളിലും ഐ.ടി., റിയാല്‍റ്റി ഓഹരികള്‍ കനത്ത വില്‍പ്പനസമ്മര്‍ദ്ദം നേരിട്ടതിനെ തുടര്‍ന്ന് ഓഹരിവിപണികള്‍ നഷ്ടത്തിലേക്ക് വീണു. സെന്‍സെക്‌സ് 371.83 പോയിന്റ് (0.60 ശതമാനം) താഴ്ന്ന് 61,560.64ലും നിഫ്റ്റി 104.75 പോയിന്റ് (0.57 ശതമാനം) നഷ്ടവുമായി 18,181.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിവിധ ഓഹരി വിഭാഗങ്ങൾ ഇന്ന് നടത്തിയ പ്രകടനം 


 അമേരിക്കയില്‍ ജോ ബൈഡന്‍ ഭരണകൂടത്തിന്റെ കടമെടുപ്പ് പരിധി (ഡെറ്റ് സീലിംഗ്/debt ceiling) ചര്‍ച്ചകളില്‍ സമവായമാകാത്തതിനെ തുടര്‍ന്ന് ആഗോള ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും ഇന്ത്യന്‍ സൂചികകളെ സ്വാധീനിച്ചു. ആഗോള സമ്പദ്‌മേഖല നിലവില്‍ തന്നെ മാന്ദ്യത്തിന്റെ നിഴലിലാണ്. ഇതിനിടെ, അമേരിക്കന്‍ സര്‍ക്കാരും പ്രതിസന്ധിയിലാണെന്ന പ്രതീതി ഉയരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഇരുട്ടടിയാകുമെന്ന ഭീതിയാണ് ഓഹരികളെ വലയ്ക്കുന്നത്.

നഷ്ടത്തിലേക്ക് നയിച്ചവര്‍
എഫ്.എം.സി.ജിയും വാഹനവും ഒഴികെയുള്ള എല്ലാ ഓഹരി വിഭാഗങ്ങളും ഇന്ന് നഷ്ടത്തിലേക്ക് വീണു. റിയാല്‍റ്റി ഓഹരികള്‍ 1.33 ശതമാനം ഇടിഞ്ഞു. ഒരു ശതമാനത്തോളം ഇടിവാണ് നിഫ്റ്റി ഐ.ടി രേഖപ്പെടുത്തിയത്. 0.34 ശതമാനം മുതല്‍ രണ്ട് ശതമനത്തോളം വരെ നഷ്ടം മറ്റ് വിഭാഗങ്ങളും കുറിച്ചു. 2.09 ശതമാനമാണ് നിഫ്റ്റി മീഡിയയുടെ നഷ്ടം.
ഇന്ന് കൂടുതൽ നഷ്ടത്തിലേക്ക് വീണവർ 

 

എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ്, ഒബ്‌റോയ് റിയാല്‍റ്റി, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, ദേവയാനി ഇന്റര്‍നാഷണല്‍ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്. മാര്‍ച്ച്പാദ ലാഭം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നതാണ് എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സിന് തിരിച്ചടിയായത്. കഴിഞ്ഞപാദത്തില്‍ ലാഭം 50 ശതമാനം വര്‍ദ്ധിച്ചെങ്കിലും ഒബ്‌റോയ് റിയാല്‍റ്റി ഓഹരികളും ഇന്ന് കനത്ത വില്‍പ്പനസമ്മര്‍ദ്ദം നേരിടുകയായിരുന്നു.
കോട്ടക് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ടി.സി.എസ്., എച്ച്.സി.എല്‍ ടെക്, ഇൻഫോസിസ്, ടാറ്റാ സ്റ്റീല്‍ എന്നീ വന്‍കിട ഓഹരികള്‍ നേരിട്ട തളര്‍ച്ചയാണ് പ്രധാനമായും ഓഹരി സൂചികകളെ ഇന്ന് നഷ്ടത്തിലേക്ക് വീഴ്ത്തിയത്. ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ വരുമാനത്തില്‍ മുഖ്യപങ്കുമെത്തുന്നത് അമേരിക്കയില്‍ നിന്നാണെന്നിരിക്കേ, അമേരിക്ക അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളാണ് ഈ വിഭാഗം ഓഹരികളെ ഇന്ന് വലച്ച മുഖ്യകാരണം.
നേട്ടത്തിലേറിയവര്‍
പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐ.ടി.സി., ഭാരതി എയര്‍ടെല്‍, മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രാടെക് സിമന്റ് എന്നിവ കൈവരിച്ച നേട്ടം വലിയ തകര്‍ച്ചയില്‍ നിന്ന് ഇന്ന് ഓഹരി സൂചികകളെ തടഞ്ഞുനിര്‍ത്തി. ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ്, ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, രാംകോ സിമന്റ്‌സ്, മാക്‌സ് ഹെല്‍ത്ത് കെയര്‍, ദീപക് നൈട്രൈറ്റ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവ.
ഇന്ന് ഏറ്റവുമധികം മുന്നേറിയവർ 

 

ഇന്നുമാത്രം ബി.എസ്.ഇയുടെ നിക്ഷേപകമൂല്യത്തില്‍ നിന്ന് 90,000 കോടി രൂപയോളം കൊഴിഞ്ഞിട്ടുണ്ട്. രണ്ടുദിവസത്തിനിടെ സെന്‍സെക്‌സ് നേരിട്ടത് 900 പോയിന്റോളം ഇടിവാണ്. ഡെറ്റ് സീലിംഗില്‍ അതിവേഗം സമവായമായില്ലെങ്കില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറയ്ക്ക് ഇളക്കംതട്ടുമെന്ന ട്രഷറി മേധാവി ജാനറ്റ് യെലന്റെ പ്രസ്താവനയാണ് ആഗോളതലത്തില്‍ ഓഹരികളെ ഉലച്ചത്.
രൂപയ്ക്കും ക്ഷീണം; സ്വര്‍ണവിലയും ഇടിഞ്ഞു
അമേരിക്കന്‍ ഡോളറിനെതിരെ രൂപ ഇന്ന് ദുര്‍ബലമായി. ചൈനീസ് യുവാന്‍ അടക്കം മറ്റ് ഏഷ്യന്‍ കറന്‍സികള്‍ നേരിട്ട തളര്‍ച്ച രൂപയെയും ഇന്ന് സ്വാധീനിച്ചു. ഇന്ന് ഒരുവേള ഡോളറിനെതിരെ 82.38വരെ എത്തിയ രൂപ, വ്യാപാരാന്ത്യമുള്ളത് ആറാഴ്ചത്തെ താഴ്ചയായ 82.44ലാണ്. ക്രൂഡോയില്‍ വില ഇന്ന് 0.7 ശതമാനം വരെ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡുള്ളത് ബാരലിന് 75.19 ഡോളര്‍ വിലയിലാണ്. ഡബ്‌ള്യു.ടി.ഐ ക്രൂഡ് വില 71.14 ഡോളര്‍.
രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം 2,000 ഡോളറിന് താഴെയെത്തി. കേരള വിപണിയിലെ വില നാളെയും കുറയാന്‍ ഇത് വഴിയൊരുക്കും. ഔണ്‍സിന് 1987 ഡോളറാണ് ഇപ്പോള്‍ രാജ്യാന്തരവില.
വണ്ടര്‍ലയ്ക്കും ഈസ്‌റ്റേണിനും നേട്ടം

ഇന്ന് കേരള കമ്പനികളുടെ നിലവാരം 

 

ഇന്ന് കേരളം ആസ്ഥാനമായ കമ്പനികളില്‍ വണ്ടര്‍ല 4.66 ശതമാനവും ഈസ്റ്റേണ്‍ 5.56 ശതമാനവും മുന്നേറി. ആസ്റ്റര്‍, ഫാക്ട്, പാറ്റ്‌സ്പിന്‍ എന്നിവയും 1.9 ശതമാനത്തിനുമേല്‍ നേട്ടം കുറിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് 2.09 ശതമാനം നഷ്ടം നേരിട്ടു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ജിയോജിത്, ഇന്‍ഡിട്രേഡ്, കല്യാണ്‍ ജുവലേഴ്‌സ്, മുത്തൂറ്റ്, മണപ്പുറം, വി-ഗാര്‍ഡ് എന്നിവയും ഇന്ന് നഷ്ടത്തിലാണുള്ളത്.
Tags:    

Similar News