100 രൂപയില്‍ താഴെയുള്ള ഈ ജുന്‍ജുന്‍വാല സ്‌റ്റോക്കാണ് താരം !
കേരളത്തില്‍ നിന്നുള്ള ബാങ്കിംഗ് സ്‌റ്റോക്ക് നിര്‍ദേശിച്ച് വിദഗ്ധര്‍.
റീറ്റെയ്ല്‍ നിക്ഷേപകര്‍ ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയെ എപ്പോഴും റഫറന്‍സ് ആയി സ്വീകരിക്കാറുണ്ട്. അവരവരുടെ പോര്‍ട്ട്‌ഫോളിയോയുമായി താരതമ്യം ചെയ്ത് വിദഗ്ധ നിര്‍ദേശത്തോടെ പല പോര്‍ട്ട്‌ഫോളിയോ സ്‌റ്റോക്കുകളും വാങ്ങാറുമുണ്ട്. ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ ഒരു ബാങ്കിംഗ് സ്‌റ്റോക്ക് ഇന്ത്യയിലെ സ്‌റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധരെല്ലാം തുടര്‍ച്ചയായി തങ്ങളുടെ നിര്‍ദേശപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ്.
റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് പുതിയ ബ്രേക്ക്ഔട്ട് നല്‍കുമെന്ന് വിപണിവിദഗ്ധര്‍ പ്രതീക്ഷിക്കുന്ന ഈ സ്‌റ്റോക്ക് 100 രൂപയില്‍ താഴെയുള്ള ഫെഡറല്‍ ബാങ്കാണ്. കേരളത്തില്‍ നിന്നുള്ള ഈ ബാങ്കിംഗ് സ്റ്റോക്ക് 110 ആയി ഉയരുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. ഓഹരി ഉടമകള്‍ക്ക് 10 ശതമാനത്തിലധികം വരുമാനം നല്‍കുമെന്നും ചോയ്‌സ് ബ്രോക്കിംഗ് ഉള്‍പ്പെടെയുള്ളവര്‍ പ്രവചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ പറയുന്നു.
97-98 രൂപയ്ക്കാണ് ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഇപ്പോള്‍ ട്രേഡ് ചെയ്യപ്പെടുന്നത്. സമീപകാലത്ത് തന്നെ സ്റ്റോക്ക് 100-102 രൂപ വരെയും 110 രൂപ വരെയും ഈ സ്റ്റോക്ക് ഉയരുമെന്നാണ് വിപണി വിദഗ്ധര്‍ കരുതുന്നത്.
2021 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ ഫെഡറല്‍ ബാങ്ക് ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്കും ഈ ബാങ്കില്‍ 3.65 ശതമാനം ഓഹരിയാണുള്ളത്, അതേസമയം 2021 ജൂണില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഫെഡറല്‍ ബാങ്കില്‍ 2 ശതമാനം ഓഹരികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.