പുതിയ നേട്ടത്തില്‍ ജിയോ ഫിന്‍, വിപണി മൂല്യം ആദ്യമായി ₹2 ലക്ഷം കോടി കടന്നു
റിലയന്‍സ് ഗ്രൂപ്പിന്റെ മുഖ്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയും റെക്കോഡില്‍
റിലയന്‍ന്‍സ് ഗ്രൂപ്പില്‍ നിന്ന് ഏറ്റവും പുതുതായി ഓഹരി വിപണിയിലേക്കെത്തിയ റിലയന്‍സ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ വിപണി മൂല്യം ആദ്യമായി രണ്ട് ലക്ഷം കോടി രൂപ കടന്നു. ഈ വര്‍ഷം ഇത് വരെ ഓഹരി 35 ശതമാനത്തിലധികം ഉയര്‍ച്ചയാണ് നേടിയത്. ഇന്ന് എട്ട് ശതമാനത്തോളം വില ഉയര്‍ന്ന ഓഹരി 326 രൂപയിലെത്തി. തുടര്‍ച്ചയായ അഞ്ച് ദിവസത്തെ കയറ്റം ഓഹരി വില 17 ശതമാനത്തോളം ഉയര്‍ത്തിയതോടെയാണ് വിപണി മൂല്യം 2.08 ലക്ഷം കോടി രൂപ തൊട്ടത്.
റിലയന്‍സ് ഗ്രൂപ്പിന്റെ മുഖ്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇന്ന് റെക്കോഡിലാണ്. ബി.എസ്.ഇയില്‍ രാവിലെ 2,989 രൂപ വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ 0.5 ശതമാനമാണ് ഓഹരിയുടെ ഉയര്‍ച്ച.
നിലവില്‍ 39 സ്ഥാപനങ്ങളാണ് രണ്ട് ലക്ഷം കോടി രൂപയിലധികം വിപണി മൂല്യവുമായി ഓഹരി വിപണിയിലുള്ളത്. ഇതില്‍ 20.05 ലക്ഷം കോടി രൂപ വിപണി മൂല്യവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് മുന്നില്‍. തൊട്ടുപിന്നില്‍ 14.78 ലക്ഷം കോടി വിപണി മൂല്യവുമായി എച്ച്.ഡി.എഫ്.സി ബാങ്കും 10.78 ലക്ഷം കോടി വിപണി മൂല്യവുമായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസുമാണ് (ടി.സി.എസ്).
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ലിസ്റ്റിംഗ് മുതല്‍ ഇത് വരെ ഓഹരി 21 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
ലാഭവും വരുമാനവും
ജിയോ ഫിനാന്‍ഷ്യല്‍ 2023 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 293 കോടി രൂപ ലാഭം നേടിയിരുന്നു. കമ്പനിയുടെ അറ്റ പലിശ വരുമാനം ഇക്കാലയളവില്‍ 269 കോടി രൂപയാണ്. കമ്പനിയുടെ മൊത്തം പലിശ വരുമാനം 414 കോടി രൂപയും വരുമാനം (Revenue) 413 കോടി രൂപയുമാണ്.
ബ്ലാക്ക് റോക്ക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റുമായി ചേര്‍ന്ന് മ്യൂച്വല്‍ഫണ്ട് ബിസിനസിലേക്ക് ഇറങ്ങുന്നതിനായി കഴിഞ്ഞ ജനുവരിയില്‍ ജിയോ സെബിയ്ക്ക് രേഖകള്‍ സമർപ്പിച്ചിരുന്നു.
ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ 47.12 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈയിലാണ്.