പ്രവർത്തന കാര്യക്ഷമതയിലൂടെ ലാഭ വർധനവ്, ജെ കെ ലക്ഷ്‌മി സിമെന്റ്സ് ഓഹരികൾ വാങ്ങാനുള്ള കാരണങ്ങൾ

നൂതന ഉൽപ്പന്നങ്ങളും, ഉൽപ്പാദന ശേഷി വർധനവും കരുത്ത് പകരും

Update:2022-05-27 07:15 IST

ടയർ, പേപ്പർ, സിമെന്റ്, വൈദ്യുതി, പാൽ ഉൽപന്നങ്ങൾ എന്നിവയിൽ ശക്തമായ സാന്നിധ്യമുള്ള ജെ കെ ഗ്രൂപ്പിൽ പെട്ട കമ്പനിയാണ് ജെ കെ ലക്ഷ്‌മി സിമെൻറ്സ് ലിമിറ്റഡ് (JK Lakshmi Cements Ltd). 1982 ൽ അത്യാധുനിക സിമന്റ് പ്ലാന്റുകൾ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ച കമ്പനിക്ക് നിലവിൽ വടക്ക്, കിഴക്ക് , പശ്ചിമ മേഖലകളിൽ ശക്തമായ വിപണി സാന്നിധ്യം നേടാൻ കഴിഞ്ഞിട്ടുണ്ട്. ചുണ്ണാമ്പുകല്ല് അടിസ്ഥാനമാക്കി ക്ലേ സിമന്റ് മെയ് മാസം പുറത്തിറക്കി . ഇത് സിമെന്റ് ഉൽപാദനത്തിൽ ക്ലിങ്കറിന്റെ ഉപയോഗത്തെ 50 % കുറക്കുകയും, കാർബൺ ഉദ്വമനം 40 % കുറക്കുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതി സൗഹാർദ്ദമായ ഉൽപന്നമാക്കി മാറ്റാൻ കഴിഞ്ഞു.

പെറ്റ് കോക്ക്, ഡീസൽ വില വർധനവ് ഉണ്ടായിട്ടും പ്രവർത്തന കാര്യക്ഷമതയിലൂടെ 2021 -22 നാലാം പാദത്തിൽ പ്രവർത്തന ലാഭവും പലിശയും തമ്മിലുള്ള അനുപാതം 9.78 മടങ്ങായി. വിറ്റ് വരവ് 13 % വർധിച്ച് 1497.64 കോടി രൂപയായി. നികുതിക്ക് മുൻപുള്ള ലാഭവും വർധിച്ച് 197.93 കോടി രൂപ യായി (മുൻ വർഷം 186.53 കോടി. 2021-22 ൽ നികുതിക്ക് ശേഷമുള്ള ലാഭം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തി -417.56 കോടി രൂപ.

2021-22 ൽ , പലിശയും നികുതി മറ്റും മുൻപുള്ള വരുമാന മാർജിൻ (EBITDA) 20.7 ശതമാനത്തിൽ നിന്ന് 18.4 ശതമാനമായി കുറഞ്ഞു . ഉൽപാദന ചെലവ് കൂടിയതാണ് കാരണം.നിലവിൽ 90 % ഉൽപ്പാദന ശേഷി കൈവരിച്ച സാഹചര്യത്തിൽ ഉൽപ്പാദനം വർധിപ്പിക്കാൻ കഴിയാത്തത് കൊണ്ട് സബ്സിഡിയറി കമ്പനിയായ യു സി ഡബ്ല്യൂ എല്ലിന്റെ ഉൽപാദന ശേഷി 2.5 ദശലക്ഷം ടൺ വർധിപ്പിക്കുകയാണ്.
ഇതിനായി 16.5 ശതകോടി രൂപയുടെ മൂലധന നിക്ഷേപമാണ് നടത്തുന്നത്. ഇതിനായി 70 :30 അനുപാതത്തിൽ വായ്‌പ-ഓഹരിയിലൂടെയാണ് പണം കണ്ടെത്തുന്നത് . ഈ പദ്ധതി 2023-24 ൽ പ്രവർത്തന സജ്ജമാകും.
കേന്ദ്ര സർക്കാരിന്റെ അടിസ്ഥാന സൗകര്യങ്ങൾ, ഭവന നിർമാണ പദ്ധതികൾക്ക് ഊന്നൽ നൽകുന്ന നയവും, കമ്പനിയുടെ പ്രവർത്തന കാര്യക്ഷമതയും, ഉൽപാദന ശേഷി വർധിപ്പിക്കുന്നതും ജെ കെ ലക്ഷ്‌മി സിമെന്റിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തും.
നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)
ലക്ഷ്യ വില -552 രൂപ
നിലവിൽ 461 രൂപ
(Stock Recommendation by Geojit Financial Services)


Tags:    

Similar News