വമ്പന്‍ നിക്ഷേപവുമായി കല്യാണ്‍ ജൂവലേഴ്‌സ്, ദീപാവലിയെ വരവേല്‍ക്കാന്‍ പുതിയ പദ്ധതികളിങ്ങനെ
കല്യാണ്‍ ജൂവലേഴ്സിന് നിലവില്‍ ഇന്ത്യയില്‍ 127 ഷോറൂമുകളാണുള്ളത്
ബിസിനസ് വിപുലീകരണത്തിന് വമ്പന്‍ പദ്ധതിയുമായി കല്യാണ്‍ ജൂവലേഴ്‌സ് (Kalyan Jewellers). ദീപാവലിക്ക് മുന്നോടിയായി പുതിയ ഷോറൂമുകള്‍ തുറക്കുന്നതിന് 250-300 കോടി രൂപയുടെ നിക്ഷേപത്തിനാണ് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ജൂവലേഴ്‌സ് ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി കമ്പനികളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് റീട്ടെയില്‍ ഷോറൂമുകള്‍ എട്ട് ശതമാനത്തോളമാണ് വര്‍ധിപ്പിക്കുന്നത്. ഡല്‍ഹി, മുംബൈ തുടങ്ങിയ ടയര്‍-1 നഗരങ്ങളിലെ മൈക്രോ മാര്‍ക്കറ്റുകള്‍ക്കുള്ളില്‍ സാന്നിധ്യം ശക്തമാക്കാനാണ് കല്യാണ്‍ ലക്ഷ്യമിടുന്നത്. ടയര്‍-2, ടയര്‍-3 വിപണികളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും.
ദീപാവലിക്കും വിവാഹ സീസണിനും മുമ്പായി പ്രധാന സ്ഥലങ്ങളില്‍ പത്ത് ഔട്ട്ലെറ്റുകളാണ് കൂട്ടിച്ചേര്‍ക്കുക. ഡല്‍ഹി എന്‍സിആറില്‍ രജൗരി ഗാര്‍ഡന്‍സ്, ജനക്പുരി, ഗുരുഗ്രാം ഗോള്‍ഡ് സൂക്ക് എന്നിവിടങ്ങളില്‍ മൂന്ന് ഷോറൂമുകളും ലഖ്നൗവിലെ ഗോമതി നഗര്‍, ലുലു മാള്‍, ഗോള്‍ഫ് സിറ്റി എന്നിവിടങ്ങളിലും വാരണാസിയിലെ ഒരു ഔട്ട്ലെറ്റും ഇതില്‍ ഉള്‍പ്പെടും. ഔറംഗബാദില്‍ ഫ്രാഞ്ചൈസി ഉടമസ്ഥതയിലുള്ള ആദ്യത്തെ ഔട്ട്ലെറ്റ് ആരംഭിച്ചതോടെ 2022 ജൂണില്‍ കല്യാണ്‍ ജൂവലേഴ്‌സ് ഫ്രാഞ്ചൈസി മോഡല്‍ ബിസിനസിലേക്കും കടന്നിട്ടുണ്ട്.
കല്യാണ്‍ ജൂവലേഴ്സിന് നിലവില്‍ ഇന്ത്യയില്‍ 127 ഷോറൂമുകളാണുള്ളത്. ഇതില്‍ 77 എണ്ണം ദക്ഷിണേന്ത്യയിലും 50 എണ്ണം ദക്ഷിണേതര മേഖലകളിലുമാണ്. മിഡില്‍ ഈസ്റ്റില്‍ കമ്പനിക്ക് 31 ഔട്ട്ലെറ്റുകള്‍ ഉണ്ട്. ദീപാവലിക്ക് മുമ്പുള്ള ഈ 10 ഷോറൂമുകള്‍ കൂടി ചേരുന്നതോടെ 168 സ്ഥലങ്ങളില്‍ ബ്രാന്‍ഡ് സാന്നിധ്യമറിയിക്കും.