കാര്യമായ നേട്ടമില്ലാതെ സൂചികകള്‍; കേരള കമ്പനികളില്‍ ഭൂരിഭാഗവും നേട്ടത്തില്‍

Update: 2020-08-07 12:34 GMT

വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
രാവിലത്തെ സെഷനില്‍ മുഴുവന്‍ നഷ്ടത്തിലായിരുന്ന വിപണി ക്ലോസിംഗിലേക്ക് എത്തിയപ്പോഴാണ് ചെറിയ നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 15.12 പോയ്ന്റ് ഉയര്‍ന്ന് 30,040.57 ലും നിഫ്റ്റി 13.80 പോയ്ന്റ് ഉയര്‍ന്ന് 11214 ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയ്ന്റ്‌സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഇന്‍ഫോസിസ്, ടിസിഎസ്, ടൈറ്റാന്‍ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ഉയരുന്ന കോവിഡ് കേസുകളും ആഗോള തലത്തില്‍ നിന്നുള്ള നെഗറ്റീവ് വാര്‍ത്തകളുമാണ് വിപണിയെ ഇന്ന് ബാധിച്ചത്.

ആഗോള വിപണികളില്‍ ഭൂരിഭാഗവും ഇന്ന് നഷ്ടത്തിലായിരുന്നു. ചൈനീസ് കമ്പനികളെ നിരോധിക്കാനുള്ള നിര്‍ദേശം ട്രംപ് ഭരണകൂടം പരിഗണിക്കുന്നുവെന്ന വാര്‍ത്തകളാണ് ആഗോള വിപണികളെ ഉലച്ചത്.

കേരള കമ്പനികളുടെ പ്രകടനം

ഭൂരിഭാഗം കേരള കമ്പനികളും ഇന്ന് ഗ്രീന്‍ സോണിലായിരുന്നു. അപ്പോളോ ടയേഴസ്, എഫ്എസിടി, വിക്ടറി പേപ്പര്‍ തുടങ്ങിയ ഓഹരികള്‍ ഇന്ന് ആറ് ശതമാനത്തിനു മേല്‍ നേട്ടമുണ്ടാക്കി.
കേരള ബാങ്കുകളില്‍ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ നാല് ശതമാനത്തിലധികവും ധനലക്ഷ്മി ബാങ്ക് ഒരു ശതമാനത്തിനു മുകളിലും നേട്ടമുണ്ടാക്കിയപ്പോള്‍ സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു.

എന്‍ബിഎഫ്‌സികള്‍ എല്ലാം തന്നെ രണ്ടു ശതമാനത്തിനും നാല് ശതമാനത്തിനുമിടയില്‍ നേട്ടമുണ്ടാക്കി. ജെആര്‍ജി ഓഹരികളും ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. അതേ സമയം ജിയോജത് ഓഹരികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു.

ആസ്റ്റര്‍ ഡിഎം, ഹാരിസണ്‍സ് മലയാളം, കിറ്റെക്‌സ്, നിറ്റജെലാറ്റിന്‍, വി-ഗാര്‍ഡ് ഓഹരികളായിരുന്നു ഇന്ന് നഷ്ടത്തിലായിരുന്ന മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News