വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം; സെന്‍സെക്‌സ് 414 പോയ്ന്റ് ഇടിഞ്ഞു, നിഫ്റ്റി 121 പോയ്ന്റും

Update: 2020-06-09 15:01 GMT

ഫിനാന്‍ഷ്യല്‍ ഓഹരികളുടെ വില്‍പ്പനയ്ക്ക് ആക്കം കൂടിയതോടെ ഇന്ന് ഓഹരി വിപണിയില്‍ ഇടിഞ്ഞു. ജൂലൈ അവസാനത്തോടെ ദേശീയ തലസ്ഥാനമായ ഡെല്‍ഹിയില്‍ കോവിഡ് 19 കേസുകളുടെ എണ്ണം അഞ്ചര ലക്ഷം കവിഞ്ഞേക്കുമെന്ന ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയുടെ പ്രസ്താവനയും വിപണിയെ പ്രതികൂലമായി ബാധിച്ചു. സെന്‍സെക്‌സ് 414 പോയ്ന്റ് അഥവാ 1.2 ശതമാനം ഇടിഞ്ഞ് 33,956.69 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 121 പോയ്ന്റ് ഇടിഞ്ഞ് (1.19 ശതമാനം) 10,047ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി ബാങ്ക് സൂചിക 462 പോയ്ന്റ് അഥവാ രണ്ടുശതമാനമാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്.ഡെല്‍ഹിക്ക് പുറമേ മറ്റ് മെട്രോ നഗരങ്ങളായ മുംബൈ, അഹമ്മദാബാദ്, പൂനെ, ചെന്നൈ, എന്നിവിടങ്ങളിലെയും സ്ഥിതിഗതികള്‍ മോശമായി വരുന്നതായാണ് സൂചന. ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുന്നതോടെ ബിസിനസുകള്‍ നേര്‍ദിശയിലാകുമെന്ന കണക്കുകൂട്ടലുകള്‍ ഇപ്പോള്‍ പിഴയ്ക്കുന്ന സൂചനയാണ് ലഭിക്കുന്നത്. ഇത് വിപണിയെ സ്വാധീനിക്കുന്നതായി വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

നിഫ്റ്റി ഫാര്‍മ, നിഫ്റ്റി എഫ് എം സി ജി എന്നീ സെക്ടറുകള്‍ ഒഴികെ മറ്റെല്ലാം ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. അതിനിടെ അദാനി ഗ്രീന്‍ ഇന്ന് പുതിയ ഉയരങ്ങളിലെത്തി. ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ കരാറുകളിലൊന്ന് കരസ്ഥമാക്കിയെന്ന കമ്പനിയുടെ പ്രസ്താവനയെ തുടര്‍ന്നാണിത്.

രാജ്യാന്തര വിപണികളെടുത്താല്‍, ഇതര ഏഷ്യന്‍ വിപണികള്‍ തുടര്‍ച്ചയായി ഒമ്പതാം ദിവസവും മുന്നേറ്റം തുടരുകയാണ്. കൂടുതല്‍ ലോകരാജ്യങ്ങളില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ എണ്ണ വിലയും കയറുന്നുണ്ട്.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് പത്ത് കമ്പനികള്‍ ഇന്നലത്തേതിനേക്കാളും നില മെച്ചപ്പെടുത്തി. വിപണിയില്‍ ഫിനാന്‍ഷ്യല്‍ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായെങ്കിലും ഫെഡറല്‍ ബാങ്ക് (0.62%), മണപ്പുറം ഫിനാന്‍സ് (0.65%), മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് (9.99%), മുത്തൂറ്റ് ഫിനാന്‍സ് (3.24%) എന്നിവ ഇന്ന് ഉയര്‍ന്നു. കേരളത്തിലെ ഇതര ധനകാര്യ, ബാങ്കിംഗ് ഓഹരികള്‍ക്ക് ഇന്നു ഇടിവാണുണ്ടായത്. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, കേരള ആയുര്‍വേദ, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് എന്നിവ ഇന്ന് നില മെച്ചപ്പെടുത്തി.

ഇന്നലെ: നിറ്റജലാറ്റിനും മുത്തൂറ്റ് കാപിറ്റലും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ഉള്‍പ്പടെ 17 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News