നേട്ടം നിലനിര്‍ത്താനായില്ല, സെന്‍സെക്‌സ് 81 പോയ്ന്റ് ഇടിഞ്ഞു

Update: 2020-05-11 12:45 GMT

ഓഹരി വിപണിയില്‍ തിങ്കളാഴ്ച കയറ്റിറക്കങ്ങളുടെ ദിനമായിരുന്നു. രാവിലെ 450 പോയ്ന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് 81.48 പോയ്ന്റ് നഷ്ടത്തില്‍ 31,561.22 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടയില്‍ 32301.58 പോയന്റ് വരെ വര്‍ധിച്ചിരുന്നു. നിഫ്റ്റി 12.30 പോയ്ന്റ് ഇടിഞ്ഞ് 9,239.20 ത്തില്‍ ക്ലോസ് ചെയ്തു.

ബിഎസ്ഇ മിഡ് കാപ് സൂചികയില്‍ 0.65 ശതമാനം ഉയര്‍ച്ചയുണ്ടായപ്പോള്‍ സ്‌മോള്‍ കാപ് സൂചിക 0.10 ശതമാനം നഷ്ടമുണ്ടാക്കി. ബിഎസ്ഇ ഓട്ടോ സൂചികകള്‍ നാലു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. നിക്ഷേപകര്‍ ലാഭമെടുപ്പ് തുടര്‍ന്നതാണ് ഇന്ന് വിപണിയെ നഷ്ടത്തിലാക്കിയത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പൊതുമേഖലാ ബാങ്കുകളുമായി ഇന്ന് നടത്തുമെന്ന് പറഞ്ഞിരുന്ന ചര്‍ച്ച വാരാന്ത്യത്തിലേക്ക് നീക്കി വച്ചതും വിപണിയില്‍ പ്രതിഫലിച്ചു. രണ്ടാം ഘട്ട ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കും മുന്‍പ് എംഎസ്എഇ, എന്‍ബിഎഫ്‌സികളുടെ ക്രെഡ്റ്റ് പ്രശ്‌നങ്ങളും മറ്റും ചര്‍ച്ചയില്‍ വരുമെന്ന പ്രതീക്ഷ വിപണിയിലുണ്ടായിരുന്നു. ഹീറോ മോട്ടോര്‍ കോര്‍പ്പ്, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, മാരുതി സുസുകി, ഭാരതരി ഇന്‍ഫ്രാടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഐസിഐസിഐ ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ്, ബിപിസിഎല്‍, കോട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയവയായിരുന്നു നഷ്ടമുണ്ടാക്കിയത്.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, അപ്പോളോ ഓഹരികള്‍ നേട്ടത്തില്‍കേരള കമ്പനികളുടെ ഓഹരികളില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ് ഇന്ന് നേട്ടമുണ്ടാക്കിയതില്‍ മുന്നില്‍. കമ്പനിയുടെ ഓഹരി വില 4.55 ശതമാനം(10.45 രൂപ) വര്‍ധിച്ച്് 240 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സിന്റെ വില 3.39 ശതമാനം വര്‍ധിച്ച് 93.10 രൂപയായി. എവിടി, ഈസ്റ്റേണ്‍ട്രെഡ്‌സ്, കിറ്റെക്‌സ് എന്നീ ഓഹരികളും മൂന്നു ശതമാനത്തില്‍ മേല്‍ നേട്ടമുണ്ടാക്കി. അതേ സമയം വിക്ടറി പേപ്പറിന്റെ നഷ്ടം ഇന്ന് 12.09 ശതമാനം ആണ്. ഓഹരി വില 9.90 രൂപ കുറഞ്ഞ് 72 രൂപയായി. കെഎസ്ഇ ഓഹരികൡ 2.01 ശതമാനം നഷ്ടമുണ്ടായി. കെഎസ്ഇയുടെ ഓഹരി വില 24 രൂപ ഇടിഞ്ഞ് 1170.35 രൂപയിലെത്തി.ആസ്റ്റര്‍, നിറ്റ ജെലാറ്റിന്‍, വി-ഗാര്‍ഡ്, വണ്ടര്‍ലാ ഓഹരികളുടെ വിലയില്‍ നേരിയ വര്‍ധനയുണ്ടായപ്പോള്‍ പാറ്റ്‌സ്പിന്‍, വെര്‍ട്ടെക്‌സ് ഓഹരികള്‍ കഴിഞ്ഞ ദിവസത്തെ വില നിലനിര്‍ത്തി. എഫ്എസിടി, കേരള ആയുര്‍വേദ, റബ്ഫില എന്നിവയാണ് ഇന്ന് നഷ്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

കേരള ബാങ്കുകളില്‍ സിഎസ്ബി ബാങ്കും ഫെഡറല്‍ ബാങ്കും നേട്ടമുണ്ടാക്കിയപ്പോള്‍ ധനലക്ഷ്മി ബാങ്ക് 1.45 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് 4.12 ശതമാനവും നഷ്ടമുണ്ടാക്കി. എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ഫിനാന്‍സ് മാത്രമാണ് നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില 2.93 ശതമാനം വര്‍ധിച്ച് 827 രൂപയിലെത്തി. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ഓഹരികള്‍ 2.93 ശതമാനവും മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ 2.15 ശതമാനവും നഷ്ടം രേഖപ്പെടുത്തി. ധനകാര്യ രംഗത്തെ മറ്റു കമ്പനികളായ ജിയോജിത്തും ഇന്‍ഡിട്രേഡും(ജെആര്‍ജി) ഇന്ന് നഷ്ടത്തിലായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News