സെന്‍സെക്‌സ് നഷ്ടത്തില്‍ തന്നെ. 190 പോയ്ന്റ് ഇടിഞ്ഞു

Update: 2020-05-12 13:27 GMT

നിക്ഷേപകരുടെ ആശങ്കകളൊഴിഞ്ഞില്ല, സെന്‍സെക്‌സും നിഫ്റ്റിയും ഇന്നും നഷ്ടത്തില്‍ അവസാനിപ്പിച്ചു. സെന്‍സെക്‌സ് 31,371.12 ലാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. 190.10 പോയ്ന്റ് (0.6 ശതമാനം) നഷ്ടം. നിഫ്റ്റിയാകട്ടെ 9200 ലെവലിലേക്ക് കടന്നതുമില്ല. 42.65 പോയ്ന്റ് ഇടിഞ്ഞ് 9196.55 ല്‍ വ്യാപാരം അവസാനിപ്പിച്ചു. 0.46 ശതമാനം ഇടിവാണ് ഇത്.

റിലയന്‍സ്, ഏഷ്യന്‍ പെയ്ന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച് യു എല്‍, ഒ എന്‍ ജി സി തുടങ്ങിയ വമ്പന്മാര്‍ക്കെല്ലാം കാലിടറിയ ദിനമായിരുന്നു ഇന്ന്. അതേസമയം എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, ഐടിസി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്ടാക്കി.
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തുടരുന്നത് വിപണിയില്‍ ആശങ്ക നിലനിര്‍ത്തുന്നുണ്ട്. ഇന്നു രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതില്‍ കണ്ണുനട്ടിരിക്കുകയാണ് വിപണി.

ലോക്ക് ഡൗണ്‍ നീട്ടുമോ നീക്കുമോ എന്നും സംരംഭങ്ങള്‍ക്കും ജനങ്ങള്‍ക്കുമായി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമോ എന്നെല്ലാം വിപണി ഉറ്റു നോക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇതാകും വിപണിയില്‍ പ്രതിഫലിക്കുക.

ഇന്ന് കേരള കമ്പനികള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു ഡസന്‍ കമ്പനികള്‍ നേരിയ തോതിലെങ്കിലും നേട്ടമുണ്ടാക്കിയപ്പോള്‍ 14 കമ്പനികള്‍ നഷ്ടമുണ്ടാക്കി. 4.60 ശതമാനം വില വര്‍ധിച്ച വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ ഓഹരികളാണ് ഇന്ന് ശതമാനക്കണക്കില്‍ നേട്ടമുണ്ടാക്കിയത്. 0.87 രൂപയില്‍ നിന്ന് 0.91 രൂപയായി. കിറ്റെക്‌സ് ഗാര്‍മന്റ്‌സ് 98.35 രൂപയില്‍ നിന്ന് 101.20 രൂപയിലെത്തി. 3.85 ശതമാനം നേട്ടം. എഫ്എസിടിയുടെ വില 39.80 ല്‍ നിന്ന് 1.50 രൂപ വര്‍ധിച്ച് 41.35 രൂപയായി. 3.76 ശതമാനം നേട്ടം. എവിറ്റി (3.54 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.24 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്  (2.58 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി)  (1.45 ശതമാനം), സിഎസ്ബി ബാങ്ക് (1.07 ശതമാനം), നിറ്റ ജലാറ്റിന്‍ (0.73 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മണപ്പുറം ഫിനാന്‍സ്  (0.51 ശതമാനം വീതം), കെഎസ്ഇ (0.10 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.
പാറ്റ്‌സ്പിന്‍ ഇന്ത്യ ഇന്നലത്തെ വില നിര്‍ത്തി.

നഷ്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് ഇന്ത്യ ലിമിറ്റഡാണ് മുന്നില്‍ 76.15 രൂപയില്‍ നിന്ന് 4.35 രൂപ കുറഞ്ഞ് (5.71 ശതമാനം) 71.80 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 20.60 ല്‍ നിന്ന് 19.70 രൂപയായി. 4.37 ശതമാനത്തിന്റെ നഷ്ടം. വണ്ടര്‍ലാ ഹോളിഡേയ്‌സ് (4.01 ശതമാനം), ഫെഡറല്‍ ബാങ്ക് (4.05 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (3.41ശതമാനം), കേരള ആയുര്‍വേദ (2.87 ശതമാനം), അപ്പോളോ ടയേഴ്‌സ് ( 2.42 ശതമാനം), ആസ്റ്റര്‍ ഡി എം ( 2.31 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ( 1.32 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്  ( 1.31 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ്  (1.09 ശതമാനം), ധനലക്ഷ്മി ബാങ്ക്  (1.06 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.56 ശതമാനം), ഹാരിസണ്‍സ് മലയാളം (0.51 ശതമാനം) എന്നിവയാണ് നഷ്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News