ചൂടില്ലാ തിരഞ്ഞെടുപ്പും തണുപ്പന്‍ പാദഫലവും; ചാഞ്ചാടി സൂചികകള്‍, പേയ്ടിഎം റെക്കോഡ് താഴ്ചയില്‍, കത്തിക്കയറി ഭാരത് ഫോര്‍ജ്

വിപണി ഉലഞ്ഞിട്ടും നിക്ഷേപകര്‍ക്ക് 2.25 ലക്ഷം കോടി നേട്ടം, തിരിച്ചുകയറി ആര്‍.ഇ.സിയും പവര്‍ഫിനാന്‍സും, തിളങ്ങി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

Update: 2024-05-08 12:18 GMT
നഷ്ടം, ചാഞ്ചാട്ടം, നേട്ടം, വീണ്ടും നഷ്ടം! ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നാകെ ആടിയുലയുന്നതായിരുന്നു കാഴ്ച. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊട്ടിക്കയറുമ്പോഴും വോട്ടിംഗില്‍ ആ ആവേശം കാണുന്നില്ല. നിലവിലെ എന്‍.ഡി.എ സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നായിരുന്നു ആദ്യഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പ്രവചനങ്ങള്‍. എന്നാല്‍, വോട്ടെടുപ്പ് മൂന്നാംഘട്ടം കഴിഞ്ഞപ്പോഴേക്കും ഫലം പ്രവചനാതീതമായത് ഓഹരി വിപണിയെ അലട്ടുന്നുണ്ട്.
ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതും എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ വീണ്ടും വരുമെന്ന പ്രവചനങ്ങളുടെ മുനയൊടിഞ്ഞതും നിക്ഷേപകരെ ഓഹരികളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. പ്രത്യേകിച്ച്, വിദേശ നിക്ഷേപകര്‍ തത്കാലം ഇന്ത്യയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള മനോഭാവത്തിലാണ്. 
3,669 കോടി രൂപയാണ് 
ഇന്നലെ മാത്രം വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. മാത്രമല്ല, ആശാവഹമല്ലാത്ത മാര്‍ച്ചുപാദ പ്രവര്‍ത്തനഫലങ്ങളും ഓഹരി നിക്ഷേപകരെ നിരാശരാക്കുകയാണ്.
വിപണിയുടെ ട്രെന്‍ഡ്
73,073 വരെ താഴുകയും 73,684 വരെ ഉയരുകയും ചെയ്ത സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത് 45.46 പോയിന്റ് (-0.06%) താഴ്ന്ന് 73,466.39ല്‍. നിഫ്റ്റിയാകട്ടെ ഇന്ന് 'സംപൂജ്യര്‍' ആയിരുന്നു. വ്യാപാരം അവസാനിപ്പിച്ചത് നേട്ടമോ നഷ്ടമോ (0%) ഇല്ലാതെ 22,302.50ല്‍. ഒരുവേള നിഫ്റ്റി 22,185 വരെ താഴുകയും 22,368 വരെ ഉയരുകയും ചെയ്തിരുന്നു.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

 

നിഫ്റ്റിയില്‍ ഇന്ന് 25 ഓഹരികള്‍ നേട്ടത്തിലും 24 എണ്ണം നഷ്ടത്തിലുമായിരുന്നു. ഒരു ഓഹരിയുടെ വില മാറിയില്ല. ബി.പി.സി.എല്‍ (+2.78%), ഹീറോ മോട്ടോകോര്‍പ്പ് (+2.49%), ടാറ്റാ മോട്ടോഴ്‌സ് (+2.48%) എന്നിവയാണ് നേട്ടത്തില്‍ മുന്നിലെത്തിയത്.
കഴിഞ്ഞപാദത്തില്‍ ലാഭം 36 ശതമാനം കയറുകയും ലാഭവിഹിതമായി ഓഹരിക്ക് 40 രൂപ വീതം പ്രഖ്യാപിക്കുകയും ചെയ്തിട്ടും ഡോ.റെഡ്ഡീസ് ലാബ് ഓഹരി ഇന്ന് 3.27 ശതമാനം താഴ്ന്ന് നിഫ്റ്റി50ല്‍ നഷ്ടത്തില്‍ ഒന്നാമതെത്തി.
ബി.എസ്.ഇയിലെ കമ്പനികള്‍
ബി.എസ്.ഇയില്‍ 2,128 ഓഹരികള്‍ നേട്ടത്തിലും 1,667 എണ്ണം നഷ്ടത്തിലുമായിരുന്നു. 131 ഓഹരികളുടെ വില മാറിയില്ല.
154 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 31 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍ക്യൂട്ടില്‍ ഇന്ന് ആറും ലോവര്‍-സര്‍ക്യൂട്ടില്‍ മൂന്നും കമ്പനികളുണ്ടായിരുന്നു. സൂചിക നഷ്ടത്തിലായിരുന്നെങ്കിലും ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തില്‍ ഇന്ന് വര്‍ധനയാണുണ്ടായത്. 2.25 ലക്ഷം കോടി രൂപ ഉയര്‍ന്ന് 400.69 ലക്ഷം കോടി രൂപയാണ് മൂല്യം.
നിരാശപ്പെടുത്തിയവര്‍
ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, അള്‍ട്രാടെക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.സി.എല്‍ ടെക്, ബജാജ് ഫിനാന്‍സ് എന്നിവയാണ് സെന്‍സെക്‌സില്‍ 1-2% താഴ്ന്ന് കൂടുതല്‍ നഷ്ടം നേരിട്ട പ്രമുഖര്‍.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ 

 

പേയ്ടിഎം (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) ഇന്ന് 5 ശതമാനം ഇടിഞ്ഞ് നിഫ്റ്റി200ല്‍ നഷ്ടത്തില്‍ മുന്നിലെത്തി. പേയ്ടിഎമ്മിന്റെ ഓഹരികള്‍ ചരിത്രത്തിലെ ഏറ്റവും മോശം വില രേഖപ്പെടുത്തിയതും ഇന്നാണ്; 317.5 രൂപ.
2021 നവംബര്‍ 18ന് ലിസ്റ്റിംഗ് ദിനത്തില്‍ 1,961.05 രൂപയെന്ന റെക്കോഡ് കുറിച്ച പേയ്ടിഎം ഓഹരിയുടെ 52-ആഴ്ചയിലെ ഉയര്‍ന്നവില 2023 ഒക്ടോബര്‍ 20ലെ 998.30 രൂപയായിരുന്നു.
കെ.വൈ.സി ക്രമക്കേട് ഉള്‍പ്പെടെയുള്ള വിഷയത്തില്‍ റിസര്‍വ് ബാങ്കിന്റെ നടപടിക്ക് വിധേയമായത് മുതല്‍ പേയ്ടിഎം ക്ഷീണത്തിലാണ്. യു.പി.ഐയില്‍ തുടര്‍ച്ചയായി വിപണിവിഹിതവും ഇടിയുന്നു. ഫെബ്രുവരിയില്‍ 10.8 ശതമാനം ആയിരുന്ന വിഹിതം കഴിഞ്ഞമാസമുള്ളത് 8.4 ശതമാനത്തില്‍.
ഇന്നാകട്ടെ, കമ്പനിയുടെ ലോണ്‍ ഗ്യാരന്റിത്തുക വിട്ടുതരണമെന്ന് വായ്പാദാതാക്കള്‍ നിലപാടെടുത്തതും ഓഹരികളെ തളര്‍ത്തി. ഉപയോക്താക്കള്‍ വായ്പാത്തിരിച്ചടവ് മുടക്കിയ പശ്ചാത്തലത്തില്‍ ആദിത്യ ബിര്‍ള ഫിനാന്‍സാണ് ലോണ്‍ ഗ്യാരന്റിത്തുക ആവശ്യപ്പെട്ടത്.
വോള്‍ട്ടാസ്, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, ജെ.എസ്.ഡബ്ല്യു എനര്‍ജി, കനറാ ബാങ്ക് എന്നിവയാണ് 3.3 മുതല്‍ 4.75 ശതമാനം വരെ താഴ്ന്ന് നഷ്ടത്തില്‍ പേയ്ടിഎമ്മിന് തൊട്ടുപിന്നിലുള്ള പ്രമുഖര്‍.
മാര്‍ച്ചുപാദ ലാഭം 19 ശതമാനം ഇടിഞ്ഞത് വോള്‍ട്ടാസിന് തിരിച്ചടിയായി. പിഡിലൈറ്റിന്റെ മാര്‍ച്ചുപാദ ലാഭം 19 ശതമാനം മെച്ചപ്പെട്ടെങ്കിലും പ്രവചനങ്ങള്‍ക്കൊപ്പം വരാതിരുന്നത് ഓഹരികളെ തളര്‍ത്തി.
കനറാ ബാങ്കും ഇന്ന് പ്രവര്‍ത്തനഫലം പുറത്തുവിട്ടു. മാര്‍ച്ചുപാദ ലാഭം 18.4 ശതമാനം ഉയരുകയും ലാഭവിഹിതമായി ഓഹരിക്ക് 16.10 രൂപ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഭാരത് ഫോര്‍ജിന്റെ ദിനം
ടാറ്റാ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, എന്‍.ടി.പി.സി., എല്‍ ആന്‍ഡ് ടി., മാരുതി സുസുക്കി എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ നേട്ടം കുറിച്ച പ്രമുഖര്‍. എച്ച്.ഡി.എഫ്.സി ബാങ്കും ഐ.സി.ഐ.സി.ഐ ബാങ്കും ഉള്‍പ്പെടെയുള്ളവ നേരിട്ട നഷ്ടം സൂചികകളെ ഉലച്ചപ്പോള്‍, വീഴ്ചയുടെ ആഘാതത്തിന് വിലങ്ങിട്ടത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍ഡ് ടി എന്നിവയുടെ നേട്ടമാണ്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

 

ഭാരത് ഫോര്‍ജാണ് ഇന്നത്തെ താരം. ഓഹരിവില 15.97 ശതമാനം കുതിച്ച് 52-ആഴ്ചത്തെ ഉയരംതൊട്ടു. മാര്‍ച്ചുപാദ ലാഭം 59.3 ശതമാനം ഉയര്‍ന്നതും നടപ്പുവര്‍ഷം (2024-25) ലാഭക്ഷമത കൂടുതലായിരിക്കുമെന്ന് കമ്പനി അഭിപ്രായപ്പെട്ടതും ഓഹരികള്‍ക്ക് സന്തോഷമായി.
വന്‍കിട നിര്‍മ്മാണ പദ്ധതികള്‍ക്കുള്ള വായ്പകളിന്മേല്‍ 5 ശതമാനം തുക പ്രൊവിഷനുവേണ്ടി (കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് തുക) മാറ്റിവയ്ക്കണമെന്ന കരടുചട്ടം റിസര്‍വ് ബാങ്ക് പുറത്തിറക്കിയത് കഴിഞ്ഞദിവസം ബാങ്കിംഗ്, ധനകാര്യ കമ്പനികളുടെ ഓഹരികളെ തളർത്തിയിരുന്നു. എന്നാൽ, ചട്ടം കാര്യമായ ആഘാതം സൃഷ്ടിക്കില്ലെന്ന് ആർ.ഇ.സി വ്യക്തമാക്കി. ആര്‍.ഇ.സി., പവര്‍ ഫിനാന്‍സ് എന്നിവ ഇന്ന് നേട്ടത്തിലേക്ക് തിരിച്ചുംകയറി. ഇന്നലെ ഇവ കനത്ത ഇടിവ് നേരിട്ടിരുന്നു.
കരടുചട്ടം വന്നതിന് പിന്നാലെ ഇന്നലെ കൂപ്പുകുത്തിയ പൊതുമേഖലാ ബാങ്കോഹരികളും ഇന്ന് ഉണര്‍വ് കൈവരിച്ചു. ആര്‍.ഇ.സി., മാസഗോണ്‍ ഡോക്ക്, പവര്‍ ഫിനാന്‍സ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് എന്നിവയാണ് നേട്ടത്തില്‍ ഭാരത് ഫോര്‍ജിന് തൊട്ടുപിന്നാലെയുള്ള ഓഹരികള്‍; ഇവ 4.5 മുതല്‍ 5.41 ശതമാനം വരെ ഉയര്‍ന്നു.
യൂറോപ്പില്‍ നിന്ന് പുതിയ ഓര്‍ഡര്‍ ലഭിച്ച കരുത്തിലാണ് മാസഗോണ്‍ ഡോക്കിന്റെ നേട്ടം. പുതിയ ഓര്‍ഡറുകളുടെ പ്രതീക്ഷയില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ഇന്ന് നേട്ടമുണ്ടാക്കി.
കരകയറി പൊതുമേഖലാ ബാങ്കുകള്‍
മുഖ്യ സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ആലസ്യത്തിലായിരുന്നെങ്കിലും വിശാല വിപണിയില്‍ ഇന്ന് മികച്ച പ്രകടനങ്ങളുണ്ടായി. ബ്രെന്റ് ക്രൂഡ് വില 83 ഡോളറിനും ഡബ്ല്യു.ടി.ഐ ക്രൂഡ് വില 78 ഡോളറിനും താഴെയായത് ഇന്ന് എണ്ണ ഓഹരികള്‍ക്ക് നേട്ടമായി.
ബി.പി.സി.എല്‍., എച്ച്.പി.സി.എല്‍., റിലയന്‍സ്, ഒ.എന്‍.ജി.സി., ഐ.ജി.എല്‍., ഓയില്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ തുടങ്ങിയവയെല്ലാം ഇന്ന് പച്ചതൊട്ടു.
നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 1.70 ശതമാനം ഉയര്‍ന്നു. നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക 0.88 ശതമാനം, മെറ്റല്‍ 1.48 ശതമാനം, റിയല്‍റ്റി 0.64 ശതമാനം, ഓട്ടോ 1.56 ശതമാനം, എഫ്.എം.സി.ജി 0.44 ശതമാനം എന്നിങ്ങനെ കയറി.
ഫാഡ (FADA) ഇന്ന് ഏപ്രിലിലെ റീറ്റെയ്ല്‍ വാഹന വല്‍പനക്കണക്ക് പുറത്തുവിട്ടിരുന്നു. 26.74 ശതമാനമാണ് ഏപ്രിലിലെ വില്‍പന വളര്‍ച്ച. ഇത് നിഫ്റ്റി ഓട്ടോയുടെ പ്രകടനത്തില്‍ ഇന്ന് പ്രതിഫലിച്ചു. മാരുതിയുടെ വിപണിവിഹിതം 38.40ല്‍ നിന്ന് 40.86 ശതമാനമായി ഉയര്‍ന്നു.
നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 0.81 ശതമാനം നഷ്ടത്തിലേറി. ഐ.ടി 0.41 ശതമാനവും ധനകാര്യസേവനം 0.53 ശതമാനവും നഷ്ടത്തിലാണ്. ബാങ്ക് നിഫ്റ്റി 0.55 ശതമാനം താഴേക്കുപോയി. എച്ച്.ഡി.എഫ്.സി ബാങ്കും ഐ.സി.ഐ.സി.ഐ ബാങ്കും നേരിട്ട നഷ്ടമാണ് തിരിച്ചടിയായത്. നിഫ്റ്റി മിഡ്ക്യാപ്പ് സൂചിക ഇന്ന് 0.73 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.57 ശതമാനവും ഉയര്‍ന്നു.
ആസ്റ്ററും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും
കേരള ഓഹരികള്‍ ഇന്നും സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ആസ്റ്റര്‍ (2.43%), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (3.78%), ജിയോജിത് (1.75%), ഹാരിസണ്‍സ് മലയാളം (1.93%), കിറ്റെക്‌സ് (2.85%), വി-ഗാര്‍ഡ് (3.57%) എന്നിവയാണ് നേട്ടത്തില്‍ മുന്നിലെത്തിയവ. വണ്ടര്‍ല 1.54 ശതമാനം ഉയര്‍ന്നു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

 

വെര്‍ട്ടെക്‌സ് 4.52 ശതമാനം നഷ്ടത്തിലാണുള്ളത്. മണപ്പുറം ഫിനാന്‍സ് (-2.96%), ഫെഡറല്‍ ബാങ്ക് (-1.47%), കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (-1.04%) എന്നിവയാണ് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ പ്രമുഖര്‍.
Tags:    

Similar News