ഓഹരി വിപണിക്ക് ഈ മാസവും പ്രത്യേക വ്യാപാര സെഷന്‍; തീയതിയും സമയക്രമവും ഇങ്ങനെ
ഓഹരി വില്‍ക്കാന്‍ നിബന്ധന; പ്രത്യേക വ്യാപാരത്തിനുള്ള കാരണം ഇതാണ്
ഇന്ത്യന്‍ ഓഹരി വിപണികളായ ബി.എസ്.ഇയും എന്‍.എസ്.ഇയും (BSE and NSE) ഈ മാസത്തെ മൂന്നാം ശനിയാഴ്ച (May 18) പ്രത്യേക വ്യാപാര സെഷന്‍ സംഘടിപ്പിക്കും. ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ്‌സ് വിഭാഗത്തിലാണിത്.
ഓഹരി വിപണിയില്‍ നിലവില്‍ ഓഹരി വ്യാപാരം നടക്കുന്നത് പ്രൈമറി സൈറ്റിലാണ് (Primary Site/PR). ഇതില്‍ നിന്ന് ഡിസാസ്റ്റര്‍ റിക്കവറി സൈറ്റിലേക്ക് (Disator Recovery Site/DR) പ്രവര്‍ത്തനം മാറ്റുന്ന നടപടിക്രമങ്ങളുടെ ഭാഗമായാണ് മേയ് 18ന് പ്രത്യേക വ്യാപാരം സംഘടിപ്പിക്കുന്നത്.
വിപണിയില്‍ അപ്രതീക്ഷിതമോ അസാധാരണമോ ആയ തടസ്സങ്ങളുണ്ടായാല്‍ തത്സമയം പരിഹരിച്ച് വ്യാപാരം തുടരാന്‍ സഹായിക്കുന്നതാണ് ഡി.ആര്‍ സൈറ്റ്.
വ്യാപാര സമയം ഇങ്ങനെ
രണ്ട് സെഷനുകളിലായാണ് പ്രത്യേക വ്യാപാരം നടക്കുകയെന്ന് സര്‍ക്കുലറുകളിലൂടെ ബി.എസ്.ഇയും എന്‍.എസ്.ഇയും വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ സെഷന്‍ രാവിലെ 9.15 മുതല്‍ 45 മിനിറ്റ് നേരത്തേക്ക് പി.ആര്‍ സൈറ്റിലാണ്. രണ്ടാം സെഷന്‍ 11.30 മുതല്‍ ഡി.ആര്‍ സൈറ്റിലും. പ്രീ-ഓപ്പണ്‍ സെഷനും ക്ലോസിംഗ് സെഷനുമുണ്ടാകും.
പ്രൈസ് ബാന്‍ഡില്‍ നിബന്ധന
പ്രത്യേക വ്യാപാരത്തില്‍ ഓഹരികളുടെ പ്രൈസ് ബാന്‍ഡ് 5 ശതമാനമായിരിക്കും. അതായത് 5 ശതമാനം വരെ ഉയര്‍ന്നാലും ഇടിഞ്ഞാലും അപ്പര്‍, ലോവര്‍-സര്‍ക്യൂട്ടുകളിലെത്തും. നിലവില്‍ രണ്ട് ശതമാനം പ്രൈസ് ബാന്‍ഡുള്ളവയ്ക്ക് അതുതന്നെയായിരിക്കും മേയ് 18നും.
ഇക്കഴിഞ്ഞ മാര്‍ച്ചിലും പി.ആര്‍ സൈറ്റില്‍ നിന്ന് ഡി.ആര്‍ സൈറ്റിലേക്ക് മാറുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രത്യേക വ്യാപാരം സംഘടിപ്പിച്ചിരുന്നു. സെബി, സാങ്കേതിക ഉപദേശക സമിതി എന്നിവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രത്യേക വ്യാപാരം സംഘടിപ്പിക്കാനുള്ള തീരുമാനം.