സ്‌മോള്‍, മിഡ്കാപ് ഓഹരികളുടെ കരുത്തില്‍ നേട്ടമുണ്ടാക്കി ഓഹരി സൂചിക

കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്

Update: 2020-12-14 13:16 GMT

പൊതുമേഖലാ ബാങ്കുകളുടെയും സ്‌മോള്‍, മിഡ് കാപ് ഓഹരികളുടെയും കരുത്തില്‍ വിപണി നേട്ടത്തില്‍ ക്ലോ്‌സ് ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസവും സൂചികകള്‍ നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 154.45 പോയ്ന്റ് ഉയര്‍ന്ന് 46253.46 പോയ്ന്റിലും നിഫ്റ്റി 44.30 പോയ്ന്റ് ഉയര്‍ന്ന് 13558.20 പോയ്ന്റിലും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു.

ഇന്‍ഡസ്ട്രിയല്‍ വളര്‍ച്ച സംബന്ധിച്ച ഡാറ്റയും വിപണിയെ സ്വാധീനിച്ചു. കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, ഇലക്ട്രിസിറ്റി, മാനുഫാക്ചറിംഗ് മേഖല എന്നിവയിലെല്ലാം വളര്‍ച്ചയുണ്ടായെന്നാണ് വ്യവസായിക ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് സംബന്ധിച്ച് പുറത്തു വന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഇന്ന് ഏകദേശം 1769 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1009 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 131 ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.
എല്‍ ആന്‍ഡ് ടി, സിപ്ല, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഐഒസി തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ലൈഫ്, ഡിവിസ് ലാബ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

കേരള കമ്പനികളുടെ പ്രകടനം


ഇന്ന് കേരള കമ്പനികളുടേത് സമ്മിശ്ര പ്രകടനമായിരുന്നു. 13 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 11 കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. മൂന്നു ഓഹരികളുടെ വിലയില്‍ മാറ്റമൊന്നും ഉണ്ടായില്ല.
3.52 ശതമാനം ഉയര്‍ച്ചയോടെ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ മുന്നില്‍ നില്‍ക്കുന്നു. ഇതിന്റെ ഓഹരി വില 1.95 രൂപ വര്‍ധിച്ച് 57.30 രൂപയായി. ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില 2.20 രൂപ ഉയര്‍ന്ന് (3.32 ശതമാനം) 68.45 രൂപയിലും വിക്ടറി പേപ്പര്‍ ബോര്‍ഡ്‌സിന്റേത് 2.55 രൂപ ഉയര്‍ന്ന് (2.70 ശതമാനം) 97 രൂപയിലുമെത്തി.
നേട്ടമുണ്ടാക്കാനാകാതെ പോയ കമ്പനികളില്‍ ഹാരിസണ്‍സ് മലയാളത്തിനാണ് (2.66 ശതമാനം) കൂടുതല്‍ ഇടിവുണ്ടായത്. 3.15 രൂപ താഴ്ന്ന് ഓഹരി വില 115.15 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സിന്റെ ഓഹരി വില 4.70 രൂപ താഴ്ന്ന് (2.43 ശതമാനം) 188.40 രൂപയിലും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റേത് 23 പൈസ താഴ്ന്ന് (2.34 ശതമാനം)9.59 രൂപയിലുമെത്തി.
ധനലക്ഷ്മി ബാങ്ക, ഈസ്റ്റേണ്‍ ട്രെഡ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയുടെ വിലയില്‍ മാറ്റമൊന്നും ഉണ്ടായില്ല.




 


Tags:    

Similar News