മുന്നേറ്റം തുടര്‍ന്ന് റിലയന്‍സ്; നിലമെച്ചപ്പെടുത്തി ഓഹരി വിപണി

Update: 2020-07-23 13:41 GMT

റിലയന്‍സ് ഇന്‍ഡസ്ട്രീസും മറ്റ് ബ്ലു ചിപ് ഓഹരികളായ ഐസിഐസിഐ ബാങ്ക്, ഐടിസി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയും തുടരുന്ന മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്നും നിലമെച്ചപ്പെടുത്തി.

തുടര്‍ച്ചയായി അഞ്ചു ദിവസം മുന്നേറിയ വിപണി ഇന്നലെ താഴ്ന്നിരുന്നുവെങ്കിലും ഇന്ന് സെന്‍സെക്‌സ് 0.71 ശതമാനം (269 പോയ്ന്റ്) ഉയര്‍ന്ന് 38,140 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 0.74 ശതമാനം (83 പോയ്ന്റ്) ഉയര്‍ന്ന് 11,215ലും ക്ലോസ് ചെയ്തു.

റിലയന്‍സിന്റെ വിപണി മൂല്യം ഇന്ന് 13 ലക്ഷം കോടി കവിഞ്ഞു. കമ്പനിയുടെ വിപണി മൂല്യം 12 ലക്ഷം കോടി പിന്നിട്ട്, വെറും എട്ട് വ്യാപാര സെഷനുകള്‍ കൊണ്ടാണ് 13 ലക്ഷം കോടിയിലെത്തിയിരിക്കുന്നത്. കമ്പനിയുടെ ഓഹരി വില ഇന്ന് 2,060.65ലെത്തി. വ്യാപാരത്തിനിടെ 2,079ലും ഒരു ഘട്ടത്തില്‍ എത്തിയിരുന്നു.

വെറും ഒരാഴ്ച കൊണ്ട് റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ ഒരു ലക്ഷം കോടി രൂപ കൂടി കൂട്ടിച്ചേര്‍ത്തു. ഒരു മാസത്തിനിടെ കമ്പനിയുടെ വിപണി മൂല്യത്തിലുണ്ടായ വര്‍ധന രണ്ടുലക്ഷം കോടി രൂപയാണ്. നിഫ്റ്റിയില്‍ ഇന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ട 83 പോയ്ന്റില്‍ 44 പോയ്ന്റും റിലയന്‍സിന്റെ സംഭാവനയാണ്.

പ്രതീക്ഷിച്ചതിലും മികച്ച കോര്‍പ്പറേറ്റ് വരുമാനങ്ങള്‍ പുറത്തുവന്നതോടെ യൂറോപ്യന്‍ ഓഹരികള്‍ ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തി. വര്‍ധിച്ചുവരുന്ന കോവിഡ് കേസുകളും യു എസ് - ചൈന സംഘര്‍ഷവും നിലനില്‍ക്കുമ്പോഴും സാമ്പത്തിക ഫലങ്ങളെ വിപണികള്‍ ഗൗരവമായി പരിഗണിക്കുകയായിരുന്നു.

എണ്ണ വില ഇന്ന് ഉയര്‍ന്നു. സ്വര്‍ണ്ണ വില കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെയുണ്ടായ ഉയര്‍ന്ന നിരക്കിലേക്കും എത്തി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ആറു ഓഹരികള്‍ മാത്രമാണ് ഇന്ന് വിലയിടിവ് നേരിട്ടത്. 14.54 ശതമാനം നേട്ടമുണ്ടാക്കിയ ഏ വി ടി ഓഹരികളാണ് ഇന്ന് ശതമാന കണക്കില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

ആസ്റ്റര്‍ ഡി എം,  ഈസ്‌റ്റേണ്‍ ട്രെഡ്‌സ്,  നിറ്റ ജെലാറ്റിന്‍,  എഫ് എ സി ടി,  ഹാരിസണ്‍സ് മലയാളം എന്നീ  കമ്പനികള്‍ ഇന്ന് നാലു ശതമാനത്തിനു മേല്‍ നേട്ടമുണ്ടാക്കി. കേരള ബാങ്കുകളെയെടുത്താല്‍ ധനലക്ഷ്മി ബാങ്കും ഫെഡറല്‍ ബാങ്കും ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ സി എസ് ബി ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും നേരിയ നഷ്ടമുണ്ടാക്കി. എന്‍ ബി എഫ് സികളില്‍ മുത്തൂറ്റ് ഫിനാന്‍സ് മാത്രമാണ് നഷ്ടമുണ്ടാക്കിയത്. അപ്പോളോ,  കെ എസ് ഇ,  വെര്‍ട്ടെക്‌സ്,  വി ഗാര്‍ഡ് എന്നിവയാണ് നഷ്ടമുണ്ടാക്കിയ മറ്റു ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News