ആവേശം ചോരാതെ നിക്ഷേപകര്‍, 529 പോയ്ന്റ് ഉയര്‍ന്ന് സെന്‍സെക്‌സ്

ക്രിസ്തുമസ് പ്രമാണിച്ച് നാളെ ഓഹരി വിപണികള്‍ക്ക് അവധി. ഇന്ന് രണ്ടര ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി റിലയന്‍സ്

Update: 2020-12-24 12:36 GMT

ഇന്നും റെക്കോര്‍ഡ് നിലയുടെ തൊട്ടടുത്ത് വരെയെത്തി ഇന്ത്യന്‍ ഓഹരി സൂചികകള്‍. ക്രിസ്തുമസ് അവധിയുടെ മൂഡിലായിരുന്നു നിക്ഷേപകര്‍. ആ ആഹ്ലാദം നിക്ഷേപത്തില്‍ പ്രതിഫലിച്ചപ്പോള്‍ സെന്‍സെക്‌സ് 529 പോയ്ന്റ്, അഥവാ 1.14 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 46,973.5ല്‍ ക്ലോസ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ആക്‌സിസ് ബാങ്ക്, എച്ച് ഡി എഫ് സി, ബജാജ് ഫിനാന്‍സ് എന്നിവയെല്ലാം 2 - 3 ശതമാനം വര്‍ധന രേഖപ്പെടുത്തി.


അതേ സമയം ഐറ്റി, എഫ്എംസിജി ഓഹരികളില്‍ ഇന്ന് ലാഭമെടുക്കല്‍ പ്രകടമായിരുന്നു. ഇന്‍ഫോസിസ്, നെസ്്‌ലെ, എച്ച് സി എല്‍ ടെക് എന്നിവയുടെ ഓഹരി വില താഴാനും ഇത് കാരണമായി.

നിഫ്റ്റി 148 പോയ്ന്റ് ഉയര്‍ന്ന് 13,749ല്‍ ക്ലോസ് ചെയ്തു. ഒരു ശതമാനമാണ് നിഫ്റ്റി ഇന്ന് ഉയര്‍ന്നത്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സൂചികകള്‍ രണ്ടുശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി. നിഫ്റ്റി ഫാര്‍മ സൂചിക ഒരു ശതമാനത്തോളം ഉയര്‍ന്നു. നിഫ്റ്റി ഐറ്റി സൂചിക 0.65 ശതമാനം താഴ്ന്നു.

ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ പുതിയൊരു വ്യാപാരധാരണയിലെത്തുമെന്ന സൂചന ആഗോള വിപണികളെ ആവേശത്തിലാക്കി. ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗിന്റെ ഓഹരി വിലയിലെ ഇടിവ് ഇന്ന് ചൈനീസ് സ്‌റ്റോക്കുകളെ താഴ്ചയിലേക്ക് നയിച്ചു.

കേരള കമ്പനികളുടെ പ്രകടനം

16 കേരള കമ്പനികളുടെ ഓഹരികള്‍ ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തി. ഈസ്റ്റേണ്‍ ട്രെഡ്‌സ് ഓഹരി വില മൂന്നര ശതമാനത്തോളം ഉയര്‍ന്നു. ജിയോജിത് ഓഹരി വില 3.10 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇന്‍ഡിട്രേഡ് ഓഹരി വില 3.54 ശതമാനമാണ് ഉയര്‍ന്നത്. റബ്ഫില ഓഹരി വിലയും 3.63 ശതമാനം ഉയര്‍ന്നു. വിക്ടറി പേപ്പര്‍ ഓഹരി വിലയും 3.42 ശതമാനം കൂടി.

വണ്ടര്‍ലാ ഓഹരി വില മൂന്നുശതമാനത്തിലേറെ താഴ്ന്നു.




 


Tags:    

Similar News