സൂചികകള്‍ കരകയറുന്നു, സെന്‍സെക്‌സില്‍ 660 പോയ്ന്റ് നേട്ടം, നിഫ്റ്റി 14500 ന് മുകളില്‍

കേരള ഓഹരികളില്‍ ബഹുഭൂരിഭാഗവും നേട്ടമുണ്ടാക്കി

Update: 2021-04-13 12:32 GMT

ഇന്നലത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറി ഓഹരി സൂചികകള്‍. കോവിഡ് നിയന്ത്രണങ്ങളെ കുറിച്ചുള്ള ആശങ്ക വ്യാപകമായ വിറ്റഴിക്കലിലേക്ക് ഇന്നലെ വിപണിയെ നയിച്ചപ്പോള്‍ ഇന്ന് ആത്മവിശ്വാസം തിരിച്ചു പിടിക്കാനായി. ഐറ്റി ഓഹരികളില്‍ മാത്രമാണ് വിറ്റഴിക്കല്‍ തുടരുന്നത്.

സെന്‍സെക്‌സ് 660.68 പോയ്ന്റ് ഉയര്‍ന്ന് 48,544.06 പോയ്ന്റിലും നിഫ്റ്റി 194 പോയ്ന്റ് ഉയര്‍ന്ന് 14504.80 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1900 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 915 ഓഹരികളുടെ വിലയിടിഞ്ഞു. 176 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ്, മാരുതി സുസുകി തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ടിസിഎസ്, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച് സി എല്‍ ടെക്‌നോളജീസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ഓട്ടോ, പിഎസ്‌യു ബാങ്ക്, മെറ്റല്‍, എനര്‍ജി സൂചികകള്‍ 2-4 ശതമാനം ഉയര്‍ന്നപ്പോള്‍ ഐറ്റി സൂചികയില്‍ മൂന്നു ശതമാനം ഇടിവുണ്ടായി. ബിഎസ്ഇ സ്‌മോള്‍കാപ്, മിഡ്കാപ് സൂചികകള്‍ 1 ശതമാനം വീതം നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും നേട്ടമുണ്ടാക്കിയ ദിനം. 21 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഏഴെണ്ണത്തിന്റെ വിലയില്‍ മാത്രമാണ് ഇടിവുണ്ടായത്. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.
പാറ്റസ്്പിന്‍ (9,76 ശതമാനം), ഫെഡറല്‍ ബാങ്ക് (8.07 ശതമാനം), കേരള ആയുര്‍വേദ (6.28 ശതമാനം), അപ്പോളോ ടയേഴ്‌സ് (5.94 ശതമാനം), വണ്ടര്‍ ലാ ഹോളിഡേയ്‌സ് (5.08 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (4.88 ശതമാനം), എഫ്എസിടി (4.86 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ കേരള ഓഹരികള്‍. അതേസമയം ഇന്‍ഡിട്രേഡ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിഎസ്ബി ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.



 



Tags:    

Similar News